ill fated fellows

Sunday, April 14, 2013

ഓര്‍മ്മയിലെ വിഷുക്കണി


അന്നോരാ മേടപ്പുലരിയില്‍ -
അരിയും പഴങ്ങളും കോടിമുണ്ടും,
കണിക്കൊന്നയും  പൊന്നും പണവും,
ചേലില്‍ നിരത്തിയോരാത്താലവും,
 ഴുതിരികൊളുത്തിയ  നിലവിളക്കും,
ഏഴഴകുള്ള മയില്‍പീലി ചൂടിയെന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍റെ  തിരുവുടലും ,
കണികണ്ടു ഞാന്‍ ഉണരുന്നതും,
എന്നച്ഛന്‍ നല്‍കുന്ന കൈനീട്ടമത്രയും-
ഇരുകൈക്കുടന്നയില്‍ വാങ്ങി വണങ്ങുമ്പോള്‍,
തൊഴുകൈയ്യുമായെന്‍റെ   കണ്ണന്‍റെ  മുന്നിലായ്‌
നന്മായ് ,ശ്രീയായ് ,ലക്ഷ്മിയായ് -
പൊന്‍കസവുടുത്തോരമ്മതന്‍ മുഖവും ,
 തൂശനിലയില്‍ വിളമ്പും വിഷുസദ്യയും,
എന്നുമെന്‍ ഓര്‍മ്മതന്‍ പീലിത്തടങ്ങളില്‍
നിറകണിയായ് നിറഞ്ഞീടവേ ..
ഇന്നിതാ ഒരു വിഷു കൂടി...!!
അങ്ങകലെയെന്‍ ഓര്‍മ്മകള്‍ പൂക്കുന്ന നാട്ടില്‍ ....
 ഇന്നവിടെ വിഷു പുലരുമ്പോള്‍,
കണിക്കൊന്നകള്‍ പൂക്കുമ്പോള്‍ ,
ഇവിടെയീ   മീനം മാഞ്ഞുപോകുന്നതും -
മേടം അണഞ്ഞതും അറിയാതെ -
കൊന്നപൂക്കുന്നതും  കണിഒരുങ്ങുന്നതും
കണ്ടീടാതെ ,
വിഷുപക്ഷിപാടിയതും,
വിഷുപുലരി വന്നു വിളിച്ചതും
കേട്ടീടാതെ -
കാലങ്ങള്‍ക്കിപ്പുറം കാതങ്ങള്‍ക്കപ്പുറം
ഈ ഞാനും ....!
എവിടെ വളര്‍ന്നാലും എവിടെ ഉണര്‍ന്നാലും
ഏതു നാട്ടിലാകിലും;
എന്നും പുലരട്ടെ നന്മ തന്‍ വിഷു ....
എങ്ങും കേള്‍ക്കട്ടെ വിഷുപക്ഷിതന്‍
സ്നേഹ ഗീതം...         











Monday, April 8, 2013

സഹോദരചരിതം ഫെയിസ്ബുക്ക് ഖാണ്ഡം


ഈ ചാറ്റും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സാങ്കൽപീകം മാത്രം. ഇപ്പോൾ ഓണ്‍ ലൈനിൽ ഉള്ളതും  കുറച്ചു മുന്നേ സൈൻ ഔട്ട്‌ ചെയ്തു പോയതും ആയ ആരോടും ഇതിനൊന്നും ഒരു തരത്തിലും ഉള്ള സാമ്യം ഇല്ല..ഇനി ഇപ്പൊ ആർക്കേലും സാമ്യം തോന്ന്യാൽ ..കണക്കായി പോയി !!അത്രന്നെ .


നിമിഷങ്ങള്ക്ക് മുൻബ് റിക്വസ്റ്റ് അയച്ച ഒരു ആങ്ങള
പെങ്ങളെ ...
ആങ്ങള: ഒന്ന് റിപ്ലേ അയയ്ക്കു പെങ്ങളെ 
പെങ്ങൾ : ന്താ .
ആങ്ങള: എനിക്ക് നിന്നെ വെല്യ ഇഷ്ടാ .ഒരു പെങ്ങളെ പോലെ .ഒരു ഫ്രെണ്ടിനെ പോലെ .
പെങ്ങൾ : ഹാ [ ഒവ്വ..ഒന്ന് പോടാപ്പാ ]
ആങ്ങള: അതെ നിന്റെ ഒരു ഫോട്ടോ ഇടുവോ .
പെങ്ങൾ :പറ്റത്തില്ല 
ആങ്ങള: അതെന്താ..പ്ലീസ്, ഉടനെ അങ്ങ് മാറ്റിക്കോ  .
പെങ്ങൾ : [ ആത്മഗതം] ഇവനൊക്കെ എവിടുന്നു കയറും പൊട്ടിച്ചു വന്നെട .
ആങ്ങള: പോയോ?
ആങ്ങള: പിണങ്ങിയോ?
ആങ്ങള: എന്നെ തെറ്റി ധരിക്കരുത് .നീ എനിക്കെന്റെ പെങ്ങളെ പോലെയാ .

രാണ്ടാം ദിവസം :

ആങ്ങള  : ഞാൻ ആകെ വിഷമത്തിൽ ആണ് .
ആങ്ങള: എനിക്ക് എന്നോട് വല്ലാതെ വെറുപ്പ്‌ തോന്നുന്നു .
ആങ്ങളെ: മടുത്തു എനിക്ക് .
പെങ്ങള്: എന്നാ?
ആങ്ങള: ഒന്നും ഇല്ല .ഒന്നും ഇല്ല .നീ ഒന്ന് മിണ്ടിയല്ലോ .ഇപ്പൊ എല്ലാം ശെരി ആയി 
ആങ്ങള : നീ സുന്ദരി ആണോ 
പെങ്ങള് : അല്ല അന്നമ്മയാ , അന്നമ്മാ മത്തായി .
ആങ്ങള: അതല്ല നീ ബ്ലാക്ക് ആണോ വൈറ്റ് ആണോ  .
പെങ്ങള് : ഈസ്റ്റ്മാൻ കളറാ .
ആങ്ങള: പ്ലീസ്, നീ വെളുത്ത കുട്ട്യാണോ ?
പെങ്ങള്: പാലപ്പത്തിന്റെ നിറതീന്നു ഇച്ചരെ കുറവാ..അപ്പചട്ടിടെ നിറത്തെകാൾ  ഒരു പോയിന്റ് കൂടും .
ആങ്ങള: നീ സ്ലിം ആണോ?
പെങ്ങൾ:  ഇതൊക്കെ അറിഞ്ഞിട്ടു എന്നാത്തിനാ?
ആങ്ങള: വെറുതെ, നിന്റെ വീട്ടില് നല്ലപോലെ കാശോണ്ടോ .?
പെങ്ങള് : നോക്കട്ട് വല്ല അഞ്ചോ പത്തോ മതിയെങ്കി അടുക്കളേൽ മുളക് പാട്ടേടെ അടിയിൽ കാണും .
ആങ്ങള: മനസ്സിലായില്ല .
പെങ്ങൾ : താമസിയാതെ ആയി കൊള്ളും .
ആങ്ങള: നിന്റെ അപ്പനും അമ്മയ്ക്കും ജോലി ഉണ്ടോ ?
പെങ്ങള് : ഒണ്ടു .
ആങ്ങള: അപ്പൊ നീ പണക്കാരിയാ 
പെങ്ങള്: [ആത്മഗതം ] റബ്ബർ വെട്ടാൻ പോയാൽ ഇത്രേം കാശു കിട്ടുംന്നു അമ്മച്ചി ഒരുവാക്ക് എന്നോട് പറഞ്ഞില്ലല്ലോ..
ഇതും സാങ്കൽപീകം മാത്രം [ ഫോട്ടോഷോപ്പ് ഇല്ല..എം.എസ്സ് പെയിന്റ്ന്നാ  എൻ ഉയിർ ]

ദിവസം മൂന്ന് : 

ആങ്ങള: എനിക്ക് രാവിലെ എഴുന്നേറ്റപ്പോ ശര്ധിക്കാൻ വന്നു .
മെസേജ് സീൻ ബൈ പെങ്ങൾ .
പെങ്ങൾ : (ആത്മഗതം ) കർത്താവു തമ്പുരാനെ ഇതിനും മാത്രം ഞാൻ എന്നാ പാപം ചെയ്തു ]
ആങ്ങള: ഹലോ 
ആങ്ങള:ഹായ് 
ആങ്ങള: പ്ലീസ് ഒന്ന് റിപ്ല്യ്‌ അയക്ക് .
പെങ്ങൾ :എന്താ 
ആങ്ങള: എനിക്ക് രാവിലെ എഴുന്നേറ്റപ്പോൾ ശര്ധിക്കാൻ വന്നു.
പെങ്ങൾ: എന്ത് പറ്റി സ്വന്തം ഐടി യിൽ നിന്നും സ്വയം ചാറ്റ് ചെയ്തോ ?
ആങ്ങള: മനസ്സിലായില്ല 
പെങ്ങൾ : എന്റെ ഭാഗ്യം.
ആങ്ങള: നിനക്ക് വിഷമം തോന്നുന്നില്ലേ ?
പെങ്ങൾ : എന്നാത്തിനാ 
ആങ്ങള: എനിക്ക് സുഖം ഇല്ലെന്നു കേട്ടിട്ട് .
പെങ്ങൾ: ഒണ്ട് ഒണ്ട് [ എന്റെ ഒരു അവസ്ഥ ഓർത്തിട്ടു ]
ആങ്ങള: നിന്നെ എനിക്കു  വല്യ ഇഷ്ടം ആണ് . ഐ ലവ് യൂ .
ആങ്ങള: ഒരു പെങ്ങളെ പോലെ , ഒരു ഫ്രെണ്ടിനെ പോലെ.
പെങ്ങൾ : ആയിക്കോട്ടെ .
ആങ്ങള: ഒരുഐ ലവ്  യൂ പറ എന്നോട് 
ആങ്ങള: പ്ലീസ്.. നീ എന്റെ സിസ്റ്റർ ആണ് .
പെങ്ങൾ : അത് കൊണ്ട്?
ആങ്ങള : ഒരു ഐ ലവ് യൂ പറ . കഷ്ടമാ .
പെങ്ങൾ : മക്കള് ചെല്ല് 
ആങ്ങള : കഷ്ടമാ , ഒരിക്കൽ പറ എന്നോട് ഐ ലവ് യു എന്ന് . 
ആങ്ങള: എനിക്ക് എന്റെ ഫ്രെണ്ട്സ്നോട്  എല്ലാം അഭിമാനത്തോടെ പറയണം എനിക്ക് ഒരു പുതിയ സിറ്റർ കൂടെ  ഉണ്ടെന്നു .
ആങ്ങള: ഡീ .പോയോ 
പെങ്ങൾ :ഡീ അല്ല ഡാ 
ആങ്ങള: മനസിലായില്ല 
പെങ്ങൾ : എന്റെ പോന്നു ചേട്ടാ , ചേട്ടന്റെ ഈ സ്നേഹം കണ്ടു എന്റെ കണ്ണും കരളും കുളിരണിഞ്ഞു  ,ഇനി ചേട്ടനോട് ഞാൻ ഒന്നും മറച്ചു വെക്കുന്നില്ല  എന്റെ പേര് മത്തായി കുഞ്ഞെന്നാ  . അങ്ങ് ശാന്തൻപാറേല് കുരുമുളക് കൃഷിയാ പണി  . വെറുതെ  രസത്തിനു ഒരു പെണ്ണിന്റെ പേരിട്ടു എന്നെ ഒള്ളു . ചേട്ടനോട് ഒന്നല്ല ഒരു നൂറു വട്ടം ഞാൻ ഐ ലവ് യൂ പറയും ചേട്ടാ..ഞാൻ പറയട്ടെ ചേട്ടാ ???
ആങ്ങള: വേണ്ട, നിന്നെ എനിക്ക് വെറുപ്പാണ്. നീ എന്നെ വഞ്ചിച്ചു . നീ കാരണം ഞാൻ വല്ലാതെ തകർന്നു .
പെങ്ങൾ : അയ്യോ അങ്ങനെ പറയരുത് ചേട്ടാ , സഹോദര സ്നേഹം ഉദാത്തമായ ഒരു വികാരം ആണ് ..അതിനു ആണെന്നും പെണ്ണെന്നും വ്യെത്യാസം ഉണ്ടോ ചേട്ടാ. സ്നേഹം ,സ്നേഹം മാത്രം ആണ് മുഖ്യം . സ്നേഹം അതല്ലേ എല്ലാം. സ്നേഹമാണ് അഖില സാരം ഊഴിയിൽ എന്നല്ലേ വെപ്പ് . ഒരു പേരില് എന്തിരിക്കുന്നു ചേട്ടാ ..മഞ്ചു ആയാലും മത്തായി കുഞ്ഞായാലും സ്നേഹം ,അതല്ലേ അല്ലെ ചേട്ടാ വലുത് .
ആങ്ങള: എനിക്കിനി നിന്നോട് മിണ്ടണ്ട . ഞാൻ നിന്നെ അൻ ഫ്രെണ്ട് ചെയ്യുന്നു .

[ഒരു പെണ്ണ് ആയിരുന്നെങ്കിൽ ,അല്ലെങ്കിൽ ഒരു പെണ്ണിന്റെ പേരില് ഉള്ള പ്രൊഫൈൽ ആയിരുന്നു എങ്കിൽ ഏതാണ്ടൊക്കെ കിട്ടുമായിരുന്നു ,ആരാണ്ടൊക്കെ ആകാമായിരുന്നു എന്ന് കരുതി നെടുവീർപ്പ് ഇടുന്ന ആങ്ങളമാരെ ...ചിലപ്പോഴൊക്കെ ചില പെണ്‍ പ്രൊഫൈലുകളും ആഗ്രഹിച്ചു പോയിട്ടുണ്ടാകില്ലേ ഒരു ആണ് ആയിരുന്നു എങ്കിൽ അല്ലെങ്കിൽ ഒരു ആണ്‍ പ്രൊഫൈൽ ആയിരുന്നു എങ്കിൽ എന്ന് ..??!! ഉണ്ടാകുമോ ?ഇല്ലേ? ഇക്കരെ നിക്കുമ്പോ അക്കരെ പച്ച ..അതാണല്ലോ അതിന്റെ ഒരു ഇത്.]