ill fated fellows

Monday, April 26, 2010

titleless.....

When i was stepping down
   into the depth of your eyes,
I was aware of the fact that
    "a come back" - it is
like reaching for the skies !!
    I never regret  ...
For,
  I can see the universe in
the very depth of your eyes!!
 I realize myself......
Never ever blur my vision
 with your tears, when im
Watching this life
  standing in the depth of your eyes
PLEASE......


Saturday, March 13, 2010

മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍

അങ്ങനെ ഒരു വെള്ളിയാഴ്ച കൂടി…മരുഭൂമിയില്‍ ഒട്ടകങ്ങളെ പോലെ മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളും മനുഷ്യരാണെന്ന് ചിന്തിച്ചെടുക്കാന്‍ അവസരം ലഭിക്കുന്ന ദിവസം.ഒഴിഞ്ഞ ബഡ് വൈസര്‍ഉം ഹെയിനിക്കെനും മേശപ്പുറത്ത് തന്നെയുണ്ട്-  അവധി ദിനത്തിലെ സുഹൃത്തുക്കള്‍.

ഇന്ന് പതിവിലും വൈകിയിരിക്കുന്നു.എന്തോ ഒരു തളര്‍ച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ച പോലെ.വല്ലാതെ മെദേഡിക്കല്‍ ആവുന്നുണ്ട് ലൈഫ്, ദിവസവും  ഷാര്‍ജ - ദുബായ് ഹൈവേയിലെ  ഹെവി ട്രാഫിക്കിലൂടെ  ജോലി സ്ഥലത്തേക്ക്  2മണിക്കൂര്‍ നീണ്ട യാത്ര, കമ്പ്യുട്ടറുകള്‍ക്കിടയില്‍ ഒരു പകല്‍, തിരികെ ഷാര്‍ജ കിംഗ്‌ ഫൈസ്സല്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്‍റ്റിലേക്ക്.

രാത്രിയില്‍ എപ്പോഴോ നിര്‍ത്താതെ റിംഗ് ചെയ്തിരുന്ന മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ടപോലോരോര്‍മ്മ .. ഓ മൈ ഗോഡ്!! 18മിസ്സ്ഡ് കോള്‍സ്, ഒപ്പം കൃഷ്ണ യുടെ മെസേജും "നമ്മുടെ ജാസ്..., ആക്സിഡന്‍റ്റ് ആണെന്നാ അറിഞ്ഞെ".
*********
ജാസ്മിന്‍,കലാലയം നല്‍കിയ ഭംഗിയുള്ള ഒരു സമ്മാനം ,ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സൗഹൃദം.'അവളുടെ   മരണം' - ഞെട്ടലോ ദുഖമോ ഒന്നുമല്ല ഒരുതരം നിര്‍വികാരത!! ഇതു എന്തോ പ്രതീക്ഷിച്ചിരുന്നത് പോലെ. ഒടുവില്‍ അവള്‍ മനസ്സിന്റെ ആ ധൈര്യം കണ്ടെത്തിയിരിക്കണം.

 പൊതുവേ  വായടിയെന്നു  കോളേജില്‍  അറിയപ്പെട്ടിരുന്ന അവളുടെ  മറ്റൊരു  മുഖം- ഒരു മസോക്കിസ്ടിന്റെ , സെല്‍ഫ് ഇന്‍ഫ്ലിക്റ്റഡ് മെന്‍റ്ല്‍ പെയ്നില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു മനസ്സ്.വിവാഹ മോതിരം വിരലില്‍ അണിഞ്ഞു ഒരു മാസം തികയും മുമ്പ് പ്രിയപ്പെട്ടവന്റെ പുതിയ കാമുകിക്ക് വേണ്ടി  അത് ഊരി മാറ്റേണ്ടി  വന്നു അവള്‍ക്ക്.

ബാല്യത്തിന്‍റെ ഒറ്റപെടലുകളില്‍ എവിടെയോ വെച്ച് തന്നെ കെട്ടുപൊട്ടിച്ചു സഞ്ചരിച്ചു  തുടങ്ങിയിരുന്ന അവളുടെ  മനസ്സിന് പ്രതീക്ഷകള്‍ക്കും അപ്പുറം ആഴത്തില്ലുള്ള മുറിവേല്‍പ്പിച്ചു ആ സംഭവം.
എന്‍റെ ജാസ്.. ശ്രീകൃഷണന്‍റെ മുഖമുള്ള അവളുടെ ലിറ്റില്‍ ഹാര്‍ട്ട്‌ .. അവരുടെ പ്രണയം ..ഒടുവില്‍ ഒരു കുഞ്ഞു മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌.

" മനു, എന്‍റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന ഒരു ഭ്രാന്തിയുണ്ട്..അവള്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു തുടങ്ങിയിരിക്കുന്നു..എന്‍റെ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു പുറത്തു വരാന്‍ പോന്ന ശക്തി അവള്‍ നേടിയെടുക്കുമോ? എനിക്ക് പേടിയാവുന്നു .. "

"
ഒന്നുമില്ല മോളെ അവന്‍റെ കൈയിന്നു നീ രക്ഷപെട്ടില്ലേഇനി ഒരിറ്റു കണ്ണ് നീര്‍ പോലും  വീഴരുത് അവനു വേണ്ടി .. ദാറ്റ്‌ ബ്ലഡി ഷാമ്മര്‍ ഡസിന്റ് ഡിസെര്‍വ് ഇറ്റ്‌."

"
മുല്ലപ്പൂവിന്‍റെ ഇതളുകള്‍ വാടി തുടങ്ങും പോലെ "
**********
പിന്നീട് ചെറിയ ഒരിടവേളക്ക് ശേഷം എല്ലാം മറന്നു കോളെജിലേക്ക് അവള്‍  മടങ്ങിയെത്തി  ..പഴയതിനേക്കാള്‍ മിടുക്കിയായ്‌ . സന്തോഷത്തിന്‍റെ ആ പഴയ ദിനങ്ങള്‍ മടങ്ങിയെത്തിയ പോലെ.
കോഴ്സ് കംബ്ലീറ്റ് ചെയ്യും മുന്‍പ് എനിക്കീ  മരുഭൂമിയിലേക്ക് വരേണ്ടിവന്നു.പിരിയും മുന്‍പ്  എന്‍റെ ഡയറി താളുകള്‍ ഒന്നില്‍ അവള്‍ അവസാനമായി കുറിച്ചിട്ടു  ..

'
കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത ഒരു ഭ്രാന്തന്‍ സ്വപ്നമാണ് എനിക്ക് പ്രണയം.മഞ്ഞു പോലെ തണുത്ത ഒരു സുഖം .എനിക്ക് സ്വപ്‌നങ്ങള്‍ തരരുത് .എനിക്ക് ചിത്രമെഴുത്ത്‌ അറിയില്ല.എത്ര ശ്രമിച്ചിട്ടും അനുപാതം തെറ്റാതെ വര്‍ണക്കൂടുകളെ  ചാലിച്ചെടുക്കാന്‍ ആവുന്നില്ല. എന്‍റെ ചിത്രത്തിന് സ്നേഹത്തിന്‍റെ ഇളം നിറങ്ങളെ കൂട്ടിയെടുക്കാന്‍ ആവുന്നില്ല.ഇനിയൊരിക്കലും ഞാന്‍ ചിത്രമെഴുതില്ല, പ്രണയവര്‍ണങ്ങള്‍ നെയ്ത സ്വപ്‌നങ്ങള്‍ കാണില്ല ..'
ഒന്ന് മാത്രം മനസ്സിലായി .മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്‌ ഉണങ്ങിയിട്ടില്ലെന്നു..
*****
ചാറ്റിലൂടെയും ഫോണിലൂടെയും തുടര്‍ന്ന് പോയ സൗഹൃദയത്തിന്റെ നാളുകള്‍....... ഇടക്ക് ചിലപ്പോള്‍ മാസങ്ങളോളം അവളെ കുറിച്ചൊരറിവും ഉണ്ടാകില്ല സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും തന്നെ .. കോള്‍സ് അറ്റെന്റ് ചെയ്യില്ല മേയില്‍സിനു റിപ്ലെ ഇല്ല , ഒരു തരം അജ്ഞാതവാസം..
പിന്നീട് വേനല്‍ ചൂടിലേക്ക് പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ പോലെ ഓരോ മഴക്കാലങ്ങള്‍ തീര്‍ത്തുകൊണ്ടുള്ള മടങ്ങി വരവുകള്‍. അതിനെ കുറിച്ച് ചോദിക്കുമ്പോഴോന്നും വ്യക്തമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല അവള്‍ക്ക്‌. ' ബൈ പോളാര്‍ ഡിസോഡര്‍ പീരീഡ്‌' എന്നൊരു ഒഴുക്കന്‍ മറുപടിയും.

*****
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ........
ജാസ്മിന്‍റെ വിവാഹം !!!
അവള്‍ തന്നെയാ ആ വാര്‍ത്ത‍ അറിയിച്ചത് . "മനു , അങ്ങനെ മുല്ലപൂവിനു മിന്നുകെട്ട് "
"
ജാസ് .."
"
, പേര് സൂരജ്  , കുവൈറ്റിലാ, ഒരു "ഇഞ്ചി നീര്"    ഹ .."
"
ആഹ അപ്പൊ ഇനി മരുഭൂമിയില്‍ മുല്ലപ്പൂക്കള്‍ വിരിയുമല്ലോ "

"ഇത് ഏതോ യു .എസ്സ് മിലിട്ടറി ബയ്സാ , വല്ല ഷെല്ലോ , മിസ്സൈലോ വീണു മുല്ലപ്പൂ കരിയാതിരുന്നാ മതി "

"
അപ്പൊ മുല്ലപ്പൂ ഇനി സൂര്യന്‍റെ സ്വന്തം , എന്‍റെ മോള്‍ക്ക് നല്ലതേ വരൂ "
കമ്പനിയുടെ ചില പ്രൊജക്റ്റ്‌ വര്‍ക്കുകള്‍ക്കായി ആറുമാസം നീണ്ടുനിന്ന എന്‍റെ കുവൈറ്റ്‌ വാസം ,മംഗഫ്ഫിലെ  അടുത്തടുത്ത  ഫ്ലാറ്റിലെ താമസം. സൂരജുമായി കൂടുതല്‍ അടുക്കുകയും  അവരുടെ ജീവിതത്തെ അടുത്തറിയുകയും ചെയ്ത നാളുകള്‍ .അപരിചിതര്‍ പോലും പെട്ടന്ന് അടുത്തുപോകുന്ന തരം ഫ്രെണ്ട് ലി ക്യാരക്റ്റെര്‍ ആയിരുന്നു സൂരജിന്‍റെത്.
"
മനു , സൂര്യന്‍റെ കൈകളില്‍ മുല്ലപൂവിനു ഭംഗിയേറുന്നില്ലേ ??"
"
ജാസ് , ഹി ഇസ് റിയലി അ  നയിസ് മാന്‍.."
"
ആഹ എത്തിയോ മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍, ഫ്രണ്ടുക്കള്‍ രണ്ടൂടെ എന്നതാ ഒരു ഗൂഡാലോചന ?"
"
ചില അമേരിക്കന്‍ ചാരന്‍ മാരെ അല്‍ ഖ്വൈദക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാ, എന്താ മിസ്റ്റര്‍. സൂരജ്  കൂടുന്നോ
?"
"
ആക്കല്ലേ മോളെ ചേട്ടനിതോക്കെ എത്ര കണ്ടിരിക്കുന്നു, അളിയാ മനു കുട്ടാ വൈകിട്ടത്തെ പ്രോഗ്രാംസ് എല്ലാം ഓക്കേ അല്ലെ ?"
"
ഡബിള്‍ ഓക്കേ, അളിയാ "

"
എന്നാ ഓക്കേ? എന്താ രണ്ടൂടി ? സംതിംഗ് സ്ടിങ്കി ???"
"
പോടീ പോടീ , ആദ്യം നിന്റപ്പന്‍ ആ താടിക്കാരനെ വെള്ളം ഒഴിക്കാതെ ബിയര്‍ അടിക്കാന്‍ പഠിപ്പിക്ക്, എന്നിട്ട് വാ ആണുങ്ങളോട് സംസാരിക്കാന്‍ "
"
ഇത് കണ്ടോ മനൂ കളിയാക്കണേ, അറിയാതൊന്നു ചോദിച്ചുപോയി ബിയറില്‍ വെള്ളം ഒഴിക്കില്ലേന്നു അന്ന് തുടങ്ങീതാ.."
**********
പിന്നീട് കൃഷ്ണ പറഞ്ഞാ അറിയുന്നത് ,ജാസ് ഹോസ്പിറ്റലൈസ്സ്ഡാണെന്നും, ക്യാന്‍സര്‍ ബാധിച്ചു തുടങ്ങിയ അവളുടെ യൂട്രസ്സ് റിമൂവ് ചെയ്യേണ്ടി വന്നെന്നും. അന്ന് സൂരജിനെ വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒന്നും തോന്നിയില്ല .സൂര്യ പ്രകാശം വീണു തുടങ്ങിയ മുല്ലപൂവിന്റെ ജീവിതം ..അത് മാത്രമായിരുന്നു മനസ്സില്‍ .
സൂരജില്‍ നിന്ന് തന്നെയാണ് ഒടുവില്‍ എല്ലാം അറിഞ്ഞത്‌. അവരുടെ വിവാഹത്തെ കുറിച്ച് പിന്നെ അവളുടെ  ആ പഴയ അജ്ഞാത വാസ ദിനങ്ങളെ കുറിച്ച്. കോളേജിലെ ലാസ്റ്റ് ഡേയ്സ്സില്‍ തന്നെ  അവള്‍ ഭയപ്പെട്ടിരുന്നത് പോലെ മനസ്സിന്‍റെ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്ത് അവളിലെ ആ മറ്റൊരുവള്‍ പുറത്തുവന്നു.മൂന്നു മാസത്തെ ട്രീറ്റ്മെന്‍റ് , സൂരജിന്‍റെ അമ്മയുടെ അടുത്ത്. ഒടുവില്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുത്ത അവളെ ജീവിതത്തിലേക്ക് കൂട്ടാം എന്നുള്ള സൂരജിന്‍റെ തീരുമാനം ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ .എന്നിട്ടും വിധി വീണ്ടും അവളോട്...

"
മനൂ, എന്തൊക്കെ തന്നെ സംഭവിച്ചാലും ഇനി ഒരിക്കല്‍ കൂടി അവളെ ആ പഴയ അവസ്ഥയിലേക്ക് ഞാന്‍ വിട്ടു കൊടുക്കില്ല , ഞങ്ങള്‍ ജീവിക്കുമെടോ ,സന്തോഷത്തോടെ "
പരസ്പരം അറിഞ്ഞും സ്നേഹിച്ചും ഉള്ള കുടുംബ ജീവിതം.അന്നൊക്കെ മിക്കവാറും ദിവസങ്ങളില്‍ അവളെന്നോട് സംസാരിക്കാരുണ്ടായിരുന്നു.

"
മനൂ, എന്‍റെ സൂരജിന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കാമോ? തിളങ്ങുന്ന മുഖമുള്ള , നീണ്ടമുടിയുള്ള , പാട്ടുപാടനറിയുന്ന..പിന്നെ ..പിന്നെ ..അമ്മയാവാന്‍ കഴിയുന്ന ..."

"
ജാസ് , നിര്‍ത്തിക്കോ നിന്‍റെ അഹങ്കാരം.."
"
ചൂടാവാതെ എന്‍റെ മനു സാറേ , ഹാ പിന്നെ അവളുടെ കണ്ണുകള്‍ക്ക് എന്റത്ര ഭംഗി വേണ്ട ..യു നോ സൂരജിന് ഏറ്റവും ഇഷ്ടം എന്‍റെ കണ്ണുകളാ"
"
പോ പെണ്ണെ അവിടുന്ന് , ഈ ക്വാളിറ്റീസ് എല്ലാം ചേര്‍ത്ത് ഞാനൊരു കസ്റ്റമൈസ്‌ട് പീസിനെ ഒണ്ടാക്കി കൊടുക്കാം നിന്‍റെ കെട്ട്യോനു കെട്ടി പണ്ടാരവടങ്ങാന്‍"

"
മനൂ, ഒരു സ്ത്രീയുടെ പൂര്‍ണത മാതൃത്വത്തിലാണ്, സൂരജിനും വേണ്ടേ ഒരു ലൈഫ് , എത്ര നാളാ  ഇങ്ങനെ സ്നേഹത്തിന്‍റെ പേരില്‍ ആ പാവത്തെ ശിക്ഷിക്കുന്നത് , ഒരു കുഞ്ഞില്ലാത്ത അവസ്ഥ അത് ഉണ്ടാക്കുന്ന ഗാപ്‌ സ്നേഹത്തില്‍ വരുത്തുന്ന വിള്ളല്‍ അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ചിലപ്പോഴൊക്കെ , എത്ര ആത്മാര്‍ത്ഥസ്നേഹത്തിലും  "
അമ്മയാവാന്‍ കഴിയില്ലെന്നുള്ള സത്യം അവളെ വല്ലാതെ വെട്ടയാടുന്നുണ്ടായിരുന്നു . എങ്കിലും സൂരജ് അവള്‍ക്ക് ധൈര്യം കൊടുത്ത് കൂടെ ഉണ്ടായിരുന്നു . അവര്‍ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിനു ശേഷം സംസാരങ്ങള്‍ വളരെ കുറവായിരുന്നു .ഇടയ്ക്കിടെ എത്തുന്ന മെയിലുകള്‍. ഒന്നോ രണ്ടോ വരികളില്‍ അവളുടെ മനസ്സും ജീവിതവും ഒതുക്കിയ സന്ദേശങ്ങള്‍.നീണ്ട ഇടവേളക്ക് ശേഷം  ഒരു വര്‍ഷം മുന്‍പ് ഒരു മെയില്‍.
'
ഇത് കനല്‍ മഴക്കാലം .. പറഞ്ഞു തീര്‍ക്കാനാവാത്ത നോവിനെ മനസ്സിന്‍റെ ഉള്ളറയില്‍ നീറാന്‍ വിട്ട്.. ആത്മാവിനെയും ശരീരത്തെയും വെറുത്തു കൊണ്ട് , മൃതിയുടെ സ്മൃതിയെ പുണര്‍ന്നു, കണ്ണിരു വീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി വിതുമ്പി, നാല് ചുവരുകളുടെ ഏകാന്തതയില്‍ ശപിക്കപ്പെട്ടവളെ പോലെ, ഇങ്ങനെ ...എന്‍റെ തെറ്റ് , എന്‍റെ മാത്രം തെറ്റ് .. ഇത് മഴക്കാലം കണ്ണീര്‍.. ,മഴക്കാലം. കെട്ടുതാലിക്കൊപ്പം മാറോട് ചേര്‍ന്ന് നിന്നിരുന്ന എന്‍റെ ഹൃദയതിനരികിലും ഞാന്‍ തനിച്ചാണിന്നു.. മൈ പെറ്റല്സ്സ് ഗോട്ട് വിദേട്..'
പിന്നെ കേള്‍ക്കുന്ന വാര്‍ത്ത സൂരജും ജാസ്മിനും പിരിയാന്‍ തീരുമാനിച്ചെന്നു. ഡിവോഴ്സിനു ശേഷം മാസങ്ങള്‍ക്കുളില്‍ സൂരജിന്‍റെ വിവാഹം , പ്രണയ വിവാഹം. ജാസ്മിന്‍ അമ്മക്കൊപ്പം മണാലിയില്‍.ഇടയ്ക്കിടെ എത്താറുള്ള മെയിലുകള്‍ അവയില്‍ പേടിപെടുത്തുന്ന ഒരുതരം പുകമറ. ജാസ്മിന്‍റെ അവസാന മെയില്‍ ഒരാഴ്ച മുന്‍പുള്ളത്..

'
ഇനി വരുന്ന നാളുകളില്‍ ഏതെങ്കിലുമൊന്നില്‍ എന്‍റെ മരണം ;കാലത്തിന്‍റെ താളുകളിലൊന്നില്‍ പണ്ടെങ്ങോ എഴുതിച്ചേര്‍ക്കപ്പെട്ട എന്‍റെ മരണം. എറിഞ്ഞുടക്കാന്‍ കഴിയുന്ന ഒരു ചില്ലുപാത്രമായിരുന്നു ജീവിതമെങ്കില്‍ എത്രയോ ഋതുക്കള്‍ക്ക്‌   മുന്‍പേ അത് ഉടക്കപെട്ടു കഴിഞ്ഞിരുന്നേനെ.. നടന്നകന്ന കാലങ്ങളിലെക്കൊരു തിരിച്ചുപോക്ക് ഇനി അസാധ്യം.. ഈ ജന്മം അവസ്സാനിക്കുകയാണ് ..എനിക്ക് നഷ്ട്ടപെടുകയാണ്..എന്‍റെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോ നേട്ടങ്ങളുണ്ട്. ഇത്ര കാലവും ഞാന്‍ ചിന്തിച്ചിരുന്നത് എന്‍റെ നഷ്ടങ്ങളെ പറ്റിആയിരുന്നു,ഇനി എന്‍റെ ചിന്തകള്‍ ഞാന്‍ വരുത്തിയ നഷ്ടങ്ങളെ കുറിച്ച് , എന്‍റെ പ്രായശ്ചിത്തങ്ങളെ കുറിച്ച്.. മുല്ലപ്പൂ കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു ..ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനുള്ള ശക്തി ഈഇതളുകള്‍ക്കില്ല'
******
 മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍....കൊഴിഞ്ഞ പൂവിതളുകള്‍ ...ബാക്കിയായ സുഗന്ധം...
ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. വല്ലാത്ത ഒരു തളര്‍ച്ച , ഇത്തിഹാദ്ദ് പാര്‍ക്കിലേക്കുള്ള  പതിവ് യാത്രയും ഒഴിവാക്കി, മനസ്സ് മുഴുവന്‍ മുല്ലപ്പൂവും അവളുടെ സൂര്യനും.. ഏത് നിമിഷത്തിലാവും സന്ധ്യ അവര്‍ക്കിടയില്‍ നിഴല്‍ വീഴ്ത്തി തുടങ്ങിയത്...!!!

നാട്ടില്‍ നിന്നാണ് കോള്‍ അമ്മയാ..
"
മനു കുട്ടാ നമ്മടെ ജാസ്മിന്‍ .., കാര്‍ താഴ്ച്ചയിലേക്ക്‌ മറിഞ്ഞതാ, നല്ല ഒന്നാന്തരം റോഡ്‌ കിടക്കുമ്പ രാത്രിയില് മഴയത്ത് ആ ഇടുങ്ങിയ വഴിയിലൂടെ ഒറ്റക്ക് പോകേണ്ട വല്ല കാര്യോം ഒണ്ടോ ആ കുട്ടിക്ക് , അതിന്‍റെ സമയം ആയിക്കാണും അല്ലാതെന്നാ"
"
ഉം , സമയമായി കാണും "
"
മോനെ ഇവിടെ നല്ല ഇടിയും മഴയുമാ അമ്മ ഫോണ്‍ വെക്കുവാ.."
ഇവിടെയും ഈ മരുഭൂമിയിലും മഴയാ.. വല്ലപ്പോഴും ഒരിക്കല്‍ വഴിതെറ്റി എത്താറുള്ള മഴ ..
മുല്ലപ്പൂ കൊഴിയുന്നനാള്‍ -അവളിലെ മോര്‍ബിഡ്‌ ബ്യൂട്ടി അതിന്‍റെ എല്ലാ സൌന്ദര്യത്തോടും കൂടി പുറത്തുവരുന്ന നാള്‍.
മുറിയിലാകെ മുല്ലപ്പൂ മണം പരക്കുന്നു......ഇനി ഓര്‍മ്മകളുടെ  കാവല്‍ക്കാരന്‍.......

div id="fb-root">



Monday, March 8, 2010

പ്രോമിത്യുസ്

പ്രോമിത്യുസ് , എനിക്ക് നിങ്ങളുടെ വിധിയാണ്
ചോര വാര്‍ന്നൊഴുകുന്ന ഹൃദയം തുന്നി ചേര്‍ത്ത് ,
മരണ വേദന അറിഞ്ഞു ജീവിക്കാനുള്ള വിധി.
രാവിലെന്നും ഞാന്‍ കൊല്ലപ്പെടുന്നു ,
പുലരിയില്‍ എന്നും ഉയിര്‍ത്തെഴുന്നെല്ക്കുന്നു,
ഒരു നാളെങ്കിലും
മുറിവേല്‍ക്കാതെ ജീവിക്കണമെന്ന ഭ്രാന്തന്‍ പ്രതീക്ഷയില്‍ .
എനിക്ക് കൊല്ലാന്‍ അറിയില്ല !!
എന്‍റെ ദൈവമേ ,
എന്‍റെ ജീവന്‍ നിന്‍റെ കാല്ക്കല്‍ വെയ്ക്കുന്നു
നീ തന്നെ തിരിച്ചെടുത്തു കൊള്‍ക.
മുറിവുകള്‍ തുന്നി കൂട്ടി കെട്ടിയ
എന്‍റെ ഹൃദയത്തിനു ശക്തി ചോര്‍ന്നു പോയിരിക്കുന്നു
ഞാന്‍ പ്രോമിത്യുസ് അല്ല ,
എന്‍റെ ജീവനെ തിരിച്ചെടുക്കുക ,
ഞാന്‍ തളര്‍ന്നു പോയിരിക്കുന്നു .
* * *
ഒരു പുനര്‍ജന്മത്തിലൂടെ എനിക്ക് മടങ്ങി എത്തണം
എന്‍റെ മരണവിധി എഴുതിയവര്‍ക്ക് ഒരു ഉത്തരമായി
തളര്‍ന്ന ഹൃദയത്തെ ഉടച്ചു ഉരുക്കാക്കി
പരാജയങ്ങളില്‍ നിന്ന് നേടി എടുത്ത ശക്തിയുമായി
ഒരു പക്ഷെ ജീവിച്ചിരിക്കെ തന്നെ ഒരു പുനര്‍ജ്ജന്മം
പ്രോമിത്യുസിനെക്കാള്‍ ഉറപ്പുള്ള ഒരു ഹൃദയവുമായി ..!!

Thursday, March 4, 2010

സത്യം

സന്ധ്യക്കുമേല്‍ കടുംചായങ്ങള്‍ പകര്‍ന്നു
രാവെത്തുമ്പോള്‍ ,
എന്‍റെ സ്വപ്നങ്ങളിലെ സത്യം നീ മാത്രമാണ്.
നിലാവസ്തമിക്കുമ്പോള്‍, നക്ഷത്രങ്ങള്‍ ഉറങ്ങുമ്പോള്‍,
എന്‍റെ സ്വപ്നങ്ങളുടെ വെളിച്ചം നീ മാത്രമാണ്.
പുലര്‍മഞ്ഞു പെയ്യുന്ന യാമങ്ങളില്‍
നിന്നെ വിട്ടു എന്‍റെ സ്വപ്‌നങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
നിന്‍റെ കണ്ണുകളുടെ പകല്‍വെളിച്ചത്തില്‍
മറ്റൊരു സത്യം തെളിയുന്നതും.., അവിടെ
മറ്റൊരു സ്വപ്നം തളിര്‍ക്കുന്നതും , അതില്‍
മറ്റൊരാള്‍ ജീവിക്കുന്നതും കണ്ടു എന്‍റെ
സ്വപ്നവും സത്യവും ജീവനും
നിന്‍റെ പ്രണയത്തോടൊപ്പം ഇരുളിന്‍റെ
ആഴങ്ങളിലേക്ക് വീണുപോകുന്നത്
നീ ഒരുപക്ഷെ കണ്ടെന്നിരിക്കില്ല ..

Tuesday, February 2, 2010

അറിയാതെ ...

മൊഴികളില്‍ അലിയിച്ചു ഞാന്‍ പങ്കുവെയ്ച്ചതെല്ലാം
-എന്‍റെ പ്രണയം
മിഴികളില്‍
ആരുമറിയാതെ ഒളിപ്പിച്ചിരുന്നതും
-എന്‍റെ പ്രണയം
വാക്കുകളില്‍ ഇഴചെര്‍ത്തതും
-എന്‍റെ പ്രണയം
നിന്‍റെ
സാമീപ്യത്തില്‍ ഉന്മാദത്തില്‍ എത്തിയിരുന്നതും
-എന്‍റെ പ്രണയം
പറയാതെ
ഞാനീ പറയുന്നതും
-എന്‍റെ പ്രണയം
എങ്കിലുമിന്നും
അറിയാതെ പോകയോ
നീ
-എന്‍റെ
പ്രണയം
കാണാതെ പോകയോ
-എന്നിലെ പ്രണയിനീ ഭാവം
അറിഞ്ഞിട്ടും അറിയാതെ പോകരുതീ
- പ്രണയിനിയെ
ഒരിക്കലെങ്കിലും ഒരു പുഞ്ചിരി നല്‍കുക
-എന്നിലെ പ്രണയിനിക്കായി
നിന്‍റെ സൂര്യ നേത്രങ്ങളില്‍ എന്‍റെ പ്രണയം
ഞാനൊന്ന് വായിച്ചുകൊള്ളട്ടെ
ഒരു മാത്ര നേരമെങ്കിലും.......