ill fated fellows

Wednesday, October 26, 2011

"The BLACK Pack"





പനി പിടിച്ചു വീട്ടില്‍ ഇരുന്നപ്പോ ഒരു ചിത്രം വരച്ചു പരീക്ഷിച്ചു നോക്കിയതാ.



എന്‍റെ ചിത്രത്തിന് കിട്ടിയ ആദ്യ പ്രതികരണം..!!
( പൊന്നു വക)
"ഇവനേതാ? ഞാനിപ്പം അമ്മേ വിളിക്കും ."
"ബഹളം വെക്കാതെ ഭൂതമേ ,ഇത് കാര്‍ട്ടൂണാ"
"ആഹ, കാര്‍ട്ടൂണാരുന്നാ, വെറുതെ ചേച്ചിയെ സംശയിച്ചു"
"നെന്നെയൊക്കെ വിളിച്ചു കാണിച്ച എന്നെ പറഞ്ഞാ മതിയല്ലോ "
"ചിന്നു ചേച്ചീ, ഇവന്‍ പട്ടി പിടുത്തക്കാരന്‍ ആണാ?"
"എന്തോന്ന്?"
"അല്ല ,സൈഡിലൊരു പട്ടീടെ പടം? ആ പട്ടീനെ വരച്ചെ നന്നയിട്ടൊണ്ട്, നമ്മടെ ജൂഡിയെ പോലെ തന്നോണ്ട്‌"
"പോ കൊച്ചേ, അത് പട്ടീം പൂച്ചേം ഒന്നും അല്ല , വൂള്‍ഫാ .. വെയര്‍ വൂള്‍ഫ്."
" വൂള്‍ഫ് ? യൂ മീന്‍ 'ചെന്നായ്' ??!! അതിനെ ഇങ്ങനേം വരക്കാവാ??"
"ആ എന്‍റെ വൂള്‍ഫ് ഇപ്പ ഇങ്ങനാ. പോ , ഇനി ഒരു ചിത്രോം കാണിച്ചു തരത്തില്ല, മൂങ്ങാത്തലച്ചി!!"

[ പനി ആയതു കൊണ്ടാ അല്ലേല്‍ ഞാന്‍ നല്ലോണം വരച്ചേനെ , സത്യവായിട്ടും!!]

"The clouds I can handle, but I can't fight an Eclipse" -J.B









Wednesday, September 14, 2011

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട

ഓണം വന്നേ..ഓണം വന്നേ .. എന്നും പറഞ്ഞു എല്ലാരൂടെ ബഹളം കൂട്ടാന്‍ തുടങ്ങീട്ടു ഒന്നൊന്നരമാസം എങ്കിലും ആയിക്കാണും.നെറ്റിലും ഫോണിലും ടിവിയിലും എന്നുവേണ്ട എവിടെ തിരിഞ്ഞു നോക്കിയാലും ഓണം തന്നെ ഓണം - മെസ്സേജും, ഗ്രീറ്റിങ്ങ്സും, ഓഫറുകളും എന്നാക്കെയാരുന്നു പുകില്, ഹോ! അങ്ങനെ സദ്യേം ഓണക്കോടീം സ്വപ്നം കണ്ടു കണ്ണില് മണ്ണെണ്ണയും ഒഴിച്ച് ആറ്റ്നോറ്റ് കാത്തിരുന്ന ഓണം ദേ കണ്ണടച്ച് തുറക്കുന്ന വേഗത്തിലങ്ങ്‌ വന്നു പോകുവേം ചെയ്തു.എന്നും ഓണം ആരുന്നേലോ?! എന്നും സദ്യ, എന്നും പുത്തനുടുപ്പ്‌, എന്നും ആഘോഷം, എന്നും അവധി, ഹായ് , എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!! ഒരോണക്കാലം കൂടെ അവസ്സാനിക്കുന്നു..ശ്ശോ!!

ഉത്രാടത്തിന്റെ തലേന്ന് അച്ഛനും അമ്മയ്ക്കും ബാക്കിയുള്ള കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും ഒക്കെ ഓണക്കോടീം എടുത്തു വണ്ടി കേറിയതാ.നാല് ദിവസ്സം എത്ര വേഗന്നാ പോയെ!!

അത്തംതൊട്ടു പത്തു ദിവസ്സം അത്തപ്പൂ ഇടണം എന്നൊക്കെയാ പറയുന്നെ, പക്ഷേ എന്നാ ചെയ്യാന്‍ പറ്റും ആകപ്പാട്‌ നാല് ദിവസ്സമേ വീട്ടില്‍ നില്‍ക്കാന്‍ പറ്റൂ . ഉത്രാടത്തിന് രാവിലെ കുളിച്ചൊരുങ്ങി അത്തപ്പൂ ഒക്കെ ഇട്ടാലോന്നു വിചാരിച്ചിരിക്കുമ്പോഴാ അമ്മേടെ വക ഒരു നോട്ടീസ്: വീട്ടില്‍ താലോലിച്ചോമനിച്ചു വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഒരു പൂവോ, ഇലയോ അറിയാതെപോലും പൊട്ടിച്ചാല്‍ , ചിന്നുവാണേലും , പൊന്നുവാണേലും ആരാണേലും [അച്ഛനെ ആരിക്കും ഉദ്ദേശിച്ചേ] പ്ലാസ്ടര്‍ ഇട്ട കൈ കൊണ്ട് ഓണസദ്യ ഉണ്ണണ്ടി വരും.
പൂക്കടേല് നല്ല ഒന്നാന്തരം തമിഴ്പ്പൂ കിട്ടുമ്പോ ആര്‍ക്കുവേണം അമ്മേടെ ഈ ലോ ക്വാളിറ്റി ബ്ലഡി മല്ലു കോര്‍ട്ട്യാഡ്‌ ഫ്ലവേര്‍സ്.

"രാവിലെ തന്നെ ഹരിപ്പാട്ടു പോയി കുറച്ചു പൂ മേടിക്കണം"
"ചിന്നു ചേച്ചിക്ക് ഓണക്കോടി എടുത്തോ ?"
"ഇല്ല, നിങ്ങക്കാര്‍ക്കും അതിനൊന്നും നേരം ഇല്ലല്ലോ, പാവം ഞാന്‍."
"അതെന്നാ? ഞങ്ങക്കൊക്കെ എടുത്തപ്പോ ഒരെണ്ണം സ്വന്തവായിട്ടങ്ങു എടുത്തു കൂടാരുന്നോ?"
"സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു."
"ചിന്നൂ, എ.ടി.എം കാര്‍ഡ് അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ."

അച്ഛന്‍ എന്നാ വിശ്വസിച്ചാ എ.ടി.എം കാര്‍ഡ് ഇങ്ങനെ സ്വന്തം ഭാര്യേടെ കയ്യില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുത്തു വിടുന്നത്, അതും തുണിക്കടയിലേക്ക്! അമ്മക്കാണേല്‍ തിരുവോണം ബമ്പര്‍ അടിച്ച ഭാവോം! ആനയെ ആരേലും അറിഞ്ഞോണ്ട്‌ കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍. ഹാപ്പി ഓണം !
അഭിയാണ് സാരഥി. ലൈസന്‍സ് കിട്ടിയിട്ട് അധികം ഒന്നും ആയിട്ടില്ലെങ്കിലും അതിന്‍റെ അഹങ്കാരം ഒന്നും ഇല്ല, എവിടെ പോണേലും ഏതു റോഡ്‌ ആണേലും എത്ര ദൂരം ആണേലും ആള് റെഡിയാ.

ബെര്‍മുഡ ട്രയാങ്കിളില്‍ കൂടെ വിമാനം പറത്തുന്ന പൈലറ്റിന്‍റെ സൂക്ഷ്മതയോടെ സ്ടിയറിങ്ങില്‍ അള്ളി പിടിച്ചു കണ്ണ് പോലും ചിമ്മാതെ മസ്സിലും പെരുപ്പിച്ചു അവന്‍ അങ്ങനെ വണ്ടി എടുത്തു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് അവനാണേലും മട്ടും ഭാവോം ഒക്കെ കണ്ടാല്‍ വണ്ടി ഓടിക്കുന്നത് അമ്മയാന്നു തോന്നും.സ്ടിയറിങ്ങിന്റെ ഓരോ ചലനത്തിനും ഒത്ത് അമ്മ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിയുവേം മറിയുവേം ഒക്കെ ചെയ്യുന്നുണ്ട്, കൂടെ അവനു ചില ഇന്സ്ട്രക്ഷന്സും കൊടുക്കുന്നുണ്ട്.
'മോനെ പതുക്കെ, ദെ ബസ്സ്‌ വരുന്നു, അയ്യോ ദെ ഒരാള്‍ നടക്കുന്നു, ആ സൂക്ഷിച്ചു വളക്ക് , ആ സൈക്കിളുകാരനെ ഓവര്‍ടേക്ക് ചെയ്യ്‌ പതുക്കെ'. പേടി ഇല്ലാത്തവരെ കൂടെ പേടിപ്പിക്കാന്‍ ആയിട്ട്.

അങ്ങനെ ഞങ്ങള് ഉത്രാട പാച്ചിലുതുടങ്ങി.പാതിവഴിക്ക് ദെ ഒരു സഡന്‍ ബ്രേക്ക്!!
"എന്താ മോനേ"
"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ."

**** **** *** ***
എഴിക്കകത്തു ജങ്ക്ഷന്‍ - കച്ചേരിപ്പടി - ടൌന്‍ഹോള്‍ റോഡ്‌ : ഹരിപ്പാടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം, ഹരിപ്പാടിന്‍റെ ഹൃദയഭാഗം എന്നുതന്നെ വേണമെങ്കില്‍ പറയാം.പക്ഷേ റോഡിനു കഷ്ടിച്ച് രണ്ടു വണ്ടി പോകാന്‍ ഉള്ള വീതി മാത്രം.ഇരുവശത്തും തോന്നിയത് പോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും,വഴികച്ചവടക്കാരും ഒക്കെക്കൂടി നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ, ട്രാഫിക്കും റൂള്‍സും ഒന്നും കാര്യം ആക്കാതെ ഇഷ്ടമുള്ളിടത്ത് കൂടെ പോകുന്ന വാഹനങ്ങള്‍ വേറെയും, പോരാത്തതിന് ഉത്രാടവും.പാമ്പുകള്‍ ഒക്കെ രാവിലെതന്നെ മാളം വിട്ടു പുറത്തിറങ്ങിയിട്ടുണ്ട്.ഹരിപ്പാടിന്‍റെ ഈ രാജവീഥിയില്‍ കൂടിവേണം ഇനി ഞങ്ങള്‍ക്ക് രഥം തെളിക്കാന്‍.
അഭി കുറച്ചുകൂടെ മസ്സില്പിടിച്ചു സ്ടിയറിങ്ങില്‍ അള്ളിപ്പിടിച്ചു അമ്മ ഡാഷ് ബോര്‍ഡിലും. പടച്ചോനേ ഞമ്മളെ കാത്തോളീ....

റോഡിന്‍റെ ഒത്ത നടുക്കെത്തിയപ്പോ ഒരു അംബാസിടറിന് സൈഡുകൊടുത്തതാ, പാവം അഭീടെ നല്ലമനസ്സ്!! നന്നായിട്ടങ്ങു സൈഡ് ചേര്‍ത്ത്.അത് കഴിഞ്ഞപ്പോഴാ മനസ്സിലായെ മുന്നില്‍ ബൈക്കുകള്‍ നിരയായി പാര്‍ക്ക്‌ ചെയ്തേക്കുന്നു.റിവേഴ്സ് എടുക്കാതെ ഒരിഞ്ചനങ്ങാന്‍ പറ്റൂല്ല! പിന്നിലാണേല്‍ അസ്സംബ്ലിക്ക് ലൈന്‍ നിക്കണപോലെ വണ്ടികള്‍.
കൈയ്യും കാലും ഒക്കെ വിറക്കുന്നുണ്ടേലും രണ്ടുംകല്‍പ്പിച്ചു അവനൊന്നു റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചു. ഒരു ചാട്ടം രണ്ടു വിറയല്‍ വണ്ടി ഓഫായി !!
ഒരു വണ്ടിയേം വിടാതെ റോഡിനു കുറുകെ അങ്ങനെ നമ്മുടെ i20 നീണ്ടു നിവര്‍ന്നു കിടപ്പായി. ഒരായിരം ഹോണടികള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി!!
"സ്റ്റാര്‍ട്ട്‌ ആവുന്നില്ല"
"മോന്‍ പേടിക്കണ്ട പതുക്കെ എടുത്താമതി"
"ക്ലെച്ചെന്തിയേ"
"അതൊക്കെ അവിടെക്കാണും പതുക്കെ നോക്കിയാമതി, മോന്‍ പേടിക്കണ്ട."

പുറത്തുനിന്നു നല്ല "ശുദ്ധ മലയാളത്തില്‍" ലളിതസഹസ്രനാമങ്ങള്‍ കേട്ട് തുടങ്ങി..ആഹഹ

"ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
"പേടിക്കണ്ട..., ഒന്നും ഇല്ല..ജസ്സ് റിലാക്സ്"
"ഞങ്ങക്ക് പേടിയൊന്നും ഇല്ല മോന്‍ പതുക്കെ വണ്ടിയെട്"
"പേടിക്കണ്ടാന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞതാ. ഈ പൊറകീക്കിടന്നു ഹോണ്‍ അടിക്കുന്നവന്‍ മാര്‍ടെ വീട്ടീന്ന് കൊണ്ടുവന്ന റോഡ്‌ ഒന്നും അല്ലല്ലോ ഇത്. നമ്മളും ടാക്സ് കൊടുക്കുന്നതാ. നമുക്കും ഇവിടെ വണ്ടി നിര്‍ത്താന്‍ ഒള്ള അവകാശം ഉണ്ട്."
"ഒരു " L" ഒട്ടിക്കണ്ടാതാരുന്നു. അത് കാണുമ്പോ എല്ലാരും വണ്ടി മാറ്റി തന്നേനെ."
"നമ്മളിപ്പോ "L" നു എവിടെ പോകും അമ്മാ "
"അതിന്‍റെ ആവിശം ഒന്നും ഇല്ല ഇത് വണ്ടിടെ കുഴപ്പമാ, എന്‍റെ ഡ്രൈവിംഗ് ഒക്കെ ശരിതന്നാ,അല്ലേലും ഈ തിരക്കുള്ള റോഡില്‍ ആണോ ബൈക്ക് ഇങ്ങനെ പാര്‍ക്ക്‌ ചെയ്യുന്നത്?, ബൈക്കുകള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തണം."

ഒരു പതിനഞ്ചു മിനിട്ട് നീണ്ടുനില്‍ക്കുന്ന ചെറിയൊരു ബ്ലോക്ക്, അത്രേ സംഭവിച്ചോള്ളൂ.ഇവിടെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ ഉണ്ടാകുന്നു അപ്പോഴാ വെറും ഒരു പതിനഞ്ചു മിനിട്ട്.
" ദേ ചിന്നൂസ്സേ ഈ ബ്ലോക്കുണ്ടാക്കിയതൊന്നും ആരോടും പറയണ്ട കേട്ടോ"
"ഇല്ല അഭി, ഞാന്‍ ആരോട് പറയാനാ, ദേ ഈ പൊന്നുവാ ഏഷണിക്കാരി".

ഒരോണത്തല്ലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നിട്ടും ഭാഗ്യം കൊണ്ട് രക്ഷപെട്ടു പൂവും പുടവയും ഒക്കെയായി വേറെ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാക്കാതെ ഞങ്ങള്‍ തിരിച്ചെത്തി.
*** *** *** *** *** ***

ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്ക് ശേഷം ആണത്രേ മഹാബലി നാടുകാണാന്‍ വരുന്നത്; അമ്മ പറഞ്ഞതാ നേരാണോ എന്തോ? പാതിരാത്രിക്ക് മുറ്റം ഒക്കെ അടിച്ചു രാത്രി 1.30 വരെ അദ്വാനിച്ച് ഞങ്ങള് ഇമ്മിണി വല്യൊരു പൂക്കളം തന്നെ ഇട്ടു.

"ചിന്നു ചേച്ചി, പൂക്കളത്തിന്റെ അടുത്തിരിക്കുന്ന കൊറച്ചു ഫോട്ടോസ് എടുത്തു തരണം കേട്ടാ"
"ഇപ്പന്നെ വേണോ?നേരം വെളുത്തിട്ടു പോരെ പൂക്കളം എങ്ങോട്ടും ഓടിപോകത്തോന്നുമില്ല."


*** *** *** **** *** ***

തിരുവോണനാളിലെ കണി..!! ഹൃദയഭേദകം..!!

ട്രാഫിക്ക് ബ്ലോക്കും ഉണ്ടാക്കി കണ്ടവരുടെ വായിലിരിക്കുന്നതും കേട്ട് കൈയിലെ കാശും മുടക്കി പൂമേടിച്ച്‌ ഉറക്കമൊഴിച്ചിരുന്ന് ആശിച്ചു മോഹിച്ചിട്ട അത്തപ്പൂ കെടക്കണ കെടപ്പ് കണ്ടാ..!!
ഒരു തുമ്പി തുള്ളലും കഴിഞ്ഞു പൂക്കളത്തിന്റെ ഒത്തനടുക്ക് ചിതറിത്തെറിച്ച പുഷ്പ്പശയ്യയില്‍ നീണ്ടു നിവര്‍ന്നു കിടന്നൊരാള്‍ റെസ്റ്റെടുക്കുന്നു - കിങ്ങിണി !!

"അയ്യോ ഇവിടെ വെച്ചിരുന്ന തൃക്കാക്കര അപ്പനെന്തിയെ ചവിട്ടിത്താത്ത് കാണുവാ, പൊന്നുവേ?"
"ഇല്ല, തൃക്കാക്കര അപ്പനെ കടിച്ചുകൊന്നു ദേ മാറ്റി ഇട്ടിടുണ്ട്."

എന്നാണേലും കിങ്ങിണി സ്നേഹം ഒള്ളവളാ ഞങ്ങളെ കണ്ടപ്പോ വാലൊക്കെ ശക്തിയായിട്ട് ആട്ടി, ബാക്കി ഉള്ള പൂക്കള്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും തെറിക്കുന്നതു കാണാന്‍ നല്ലരസം, ഹാര്‍ട്ടിനൊരു ഇടികിട്ടണ സുഖം... ഞങ്ങടത്തപ്പൂ!!

"അമ്മാ, ആരേലും കാണുംമുമ്പാച്ചൂലിങ്ങെടുത്തോ, മാവേലി വന്നെല്ലാം കണ്ടു ബോധിച്ചിട്ടു പോയിക്കാണും"

അത്തപ്പൂ പട്ടിനക്കിപോയെങ്കിലും ഞങ്ങള് ഓണം ഒക്കെ ആഘോഷിച്ചൂട്ടോ പായസോം സദ്യേം ഒക്കെ ആയിട്ടുതന്നെ. കിങ്ങിണിക്കും കൊടുത്തൊരുഗ്രന്‍ സദ്യ പാല്‍ പായസോം കൂട്ടി.



വാല്‍കഷ്ണം: വെറുതേയൊരു പോസ്റ്റ്‌. ഞങ്ങളുടെ ഓണം.
അത്തപ്പൂ പട്ടിനക്കിയ സങ്കടം മറക്കാന്‍ പൊന്നൂസിന്റെ കൈയ്യേല്‍ ഒരു മെഹന്തി പൂക്കളം അങ്ങിട്ട്. അതാകുമ്പ കിങ്ങിണി കേറി തുമ്പി തുള്ളതില്ലലോ.റംസാന്‍ കഴിഞ്ഞുവന്നപ്പോ മുംതാസ് കയ്യില്‍ മെഹന്തി ഇട്ടോണ്ടാത്രേ സ്കൂളില്‍ വന്നത് അപ്പൊ ഓണം കഴിഞ്ഞു ചെല്ലുമ്പോള്‍ അവള് മെഹന്തി ഇട്ടില്ലേല്‍ കുറച്ചിലാന്നു.പൊന്നൂന്‍റെ പൊന്നുപോലത്തെ കൈയ്യില്‍ മെഹന്തി അല്ല ഒരു ചുമര്‍ ചിത്രം വേണേലും വരച്ചു കൊടുക്കും ഞാന്‍.പോക്കറ്റ് മണീന്ന് സൂക്ഷിച്ചു വെച്ചതും കട്ടതും മോട്ടിച്ചതും ചോദിച്ചു വാങ്ങിയതും വിഷുകൈനീട്ടം കിട്ടിയതും ഒക്കെ കൂട്ടിവെച്ചു അവളും വാങ്ങിച്ചു തന്നു എനിക്കൊരോണക്കോടി...

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട...

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...
സമര്‍പ്പണം: നാടും വീടും വിട്ടു ഓണം ആഘോഷിച്ചവര്‍ക്കും ..ഓണം കൂടാന്‍ കഴിയാഞ്ഞവര്‍ക്കും
ചിത്രങ്ങള്‍ക്ക് കടപ്പാട് :അത്തപ്പൂ ഇടാന്‍ സഹകരിച്ചവര്‍ക്കും പിന്നെ വെളുത്ത് തടിച്ച പൊന്ന് പോലത്തെ കൈയ്യുടെ ഉടമസ്ഥക്കും.
ലേബല്‍ : അനുഭവങ്ങള്‍ പാച്ചാളികള്‍ !!, ഓണ വിശേഷം.



Tuesday, August 23, 2011

പൊന്നുവാണ് ( അവ) താരം

മുന്‍കുറിപ്പ്: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പീകം മാത്രമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ [അങ്ങനൊന്നും മരിക്കൂല്ല എന്നേം കൊണ്ടേ പോകൂ] ചില ഉണ്ടക്കണ്ണികളോട് ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന് സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും മനപ്പൂര്‍വ്വം അല്ല.

കുടുംബത്തിലെ ഏക പെണ്‍തരിയെന്ന ലേബലില്‍ അഹങ്കാരത്തോടും അഭിമാനത്തോടും കൂടെ ഞാന്‍ അങ്ങനെ സര്‍വാധിപതിയായ് വാഴവെ 1994 ലെ ഒരു മെയ്മാസപ്പുലരിയില്‍ പ്രകൃതി ദുരന്തം പോലെ ഒരു തിരുപ്പിറവി..! ദുഷ്ഠ ശക്തികളുടെ ആഭിചാരം കൊണ്ടോ , ശനിയുടെ അപഹാരം ഉള്ളതിനാലോ അതോ ശുക്രന്‍ ഉറങ്ങിപോയതോ എന്തോ എന്‍റെ സകല പ്രാര്‍ഥനകളും, പ്രതീക്ഷകളും, വഴിപാടുകളും വെള്ളത്തില്‍ തറക്കപ്പെട്ട വെറും മുള്ളാണികള്‍ ആക്കികൊണ്ട് അവതരിച്ചത് ഒരു "സ്ത്രീജന്മം"- പൊന്നു - ഹും, ജനിച്ചതേ എനിക്കിട്ടു പണിതോണ്ട്..!!

എന്‍റെ ഏകാതിപത്യത്തിനു അവിടെ തിരശ്ശീല വീണു, സര്‍വാധികാരത്തിന് വിള്ളലുകള്‍ വീണു, സിംഹാസനം ആടി തുടങ്ങി, തേനേ പലേന്നും പറഞ്ഞു എന്നെ കൊഞ്ചിച്ചോണ്ട് നടന്നവരൊക്കെ ഇപ്പൊ ഒന്ന് മൈന്‍ഡ് ചെയ്താലായി ..പൊന്നല്ല അവള് തുരുമ്പാ, വെറും തുരുമ്പ് !!

ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള്‍ , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍. [ജനിച്ചപ്പൊ യെവളെക്കാള്‍ ഭംഗി എനിക്കാരുന്നു] കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമോ എന്തോ അന്നുതൊട്ടിന്നുവരെ "ചിന്നു ചേച്ചീന്നു" ബാക്ക് ഗ്രൌണ്ട് മ്യൂസികും ഇട്ടുവരുന്ന ബോബനും മോളിയും പട്ടി കണക്കെ എന്‍റെ ജീവിതത്തിലെ എല്ലാ ഫ്രെയിമിലും അവളുടെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിധി!!

സാധാരണയിലും അല്‍പ്പം വൈകിയാണ് 'ലെവള്' സംസാരിച്ചു തുടങ്ങിയത്, അതും ദൈവംതമ്പുരാന്‍ പോലും ജനിക്കുന്നതിനു മുമ്പുള്ള ഏതോ ഭാഷേല്‍.'യെവള് കഴിഞ്ഞ ജന്മത്തീ വല്ല ആദിവാസി ഗോത്ര തലൈവിയും ആരുന്നോന്നു എനിക്ക് സംശയം ഒണ്ട്. എന്താന്നറിഞ്ഞുകൂടാ എന്നെക്കണ്ടാ അപ്പന്നെ 'ലവള്' അരുതാത്തത് ഏതാണ്ട് കണ്ടപോലെ മൂക്കും ചുളിച്ചു "ഛീ ഛീ" ന്നു ശബ്ദം ഉണ്ടാക്കി വെപ്രാളം കാണിക്കാന്‍ തുടങ്ങും . ഹും മ്ലേച്ചത്തി , മൂത്തവരെ ബഹുമാനിക്കാന്‍ അറിയാത്തവള്‍, യെവളെ ഒക്കെ നരകത്തിക്കൊണ്ടുപോയി സൂജിയേക്കൊരുത് ബാര്‍ബിക്ക്യു ആക്കണം. [ അവളുടെ ഭാഷയില്‍ ഈ "ഛീ" യുടെ അര്‍ത്ഥം "ചേച്ചി" എന്ന് ആണെന്ന നഗ്നന സത്യം അല്പം വൈകിയാണേലും ഞാന്‍ തിരിച്ചറിഞ്ഞു ..പാവം കൊച്ച് ,വിചാരിച്ചത്ര മ്ലേച്ചത്തി അല്ല..] .

മനുഷ്യരുടെ ഭാഷ ഒരുവിധം ഒക്കെ പഠിച്ചെങ്കിലും ചില വാക്കുകളും അക്ഷരങ്ങളും ഒക്കെ അവളുടെ ഡിക്ഷനറിയില്‍ മിസ്സിംഗ്‌ ആയിരുന്നു.അങ്ങനെ മിസ്സായിപ്പോയ ഒരു അക്ഷരമായിരുന്നു "ക". "ക" വരുന്ന ഭാഗം ഒക്കെ "ച" കൊണ്ട് അഡ്ജസ്റ്റ് ചെയ്തവള്‍ പിടിച്ചുനിന്നു..ബുദ്ധിമതി!! 'കാലിനു' 'ചാലെന്നും' , 'കൈക്ക്' 'ചൈയെന്നും' ഒക്കെ പറഞ്ഞു വെറും ഒരു 'ക' യുടെ മുന്നില്‍ തോല്‍ക്കാതെ പൊന്നു പൊരുതി.

"ചിന്നു ചേച്ചീ ,ചിന്നു ചേച്ചീ, ചാച്ച ചവറെ ഇര്‍ക്കണ്, എത്തോണ്ട് പൂം, ബാ"
ഗോത്രഭാഷ കുറച്ചൊക്കെ എനിക്കും മനസ്സിലായി തുടങ്ങിയിരുന്നു.
"കുഴപ്പം ഇല്ല പൊന്നുവേ ചവറല്ലേ"
"ല്ല മ്മടെ ചവറാ , എത്തോണ്ട് പൂം".
കാക്കക്കെന്നാ മുന്‍സിപ്പാലിറ്റീല് ജോലി കിട്ട്യാ ഓരോ വീട്ടിലും കേറി നടന്നു ചവറെടുക്കാന്‍.പാവം കാക്ക, അത് വല്ല ചവറും കൊത്തി എടുത്തോണ്ട് പോണേനു യെവളെന്തിനാ ഈ കെടന്നു തുള്ളണെ.കാക്കേപ്പോലും ജീവിക്കാന്‍ സമ്മതിക്കൂല്ല ,ദുഷ്ഠത്തി..ഹൊ!
അമ്മമ്മേടെ ദൃക്സാക്ഷിവിവരണോം പരിഭാഷപ്പെടുത്തലും ഒക്കെ കേട്ടപ്പൊഴാ കാര്യം മനസ്സിലായെ ; മുറ്റത്ത്‌ ഉണക്കാന്‍ ഇട്ടിരുന്ന പില്ലോ കവറില് കാക്ക വന്നു ഇരുന്നത്രേ , ഇനി കാക്ക അതെങ്ങാനും കൊത്തി കൊണ്ട് പോകുവോന്നും പേടിച്ചാ ലെവള് 'ചാച്ച മ്മടെ ചവറ് എത്തോണ്ട് പോകുംന്നു ' പറഞ്ഞു ഈ പുകിലെല്ലാം ഉണ്ടാക്കിയത്.
"കുഞ്ഞാണേലും അതിനു നല്ല ശ്രദ്ധയാ" അവക്കങ്ങനെ അമ്മമ്മേടെ സ്വഭാവസര്‍ട്ടിഫിക്കറ്റും കിട്ടി. [ആ പറഞ്ഞത് ഇന്‍ഡയറകറ്റ് ആയിട്ട് എനിക്കിട്ട് ഒന്ന് വെച്ചതല്ലേന്നു ഒരു സംശയം]

ഇവള് പറയുന്നതിന്റെ ഒക്കെ മലയാളം പരിഭാഷ കണ്ടുപിടിക്കല്‍ ഒരു അഭ്യാസം തന്നാരുന്നു. അന്നെനിക്ക് "ചെക്കോസ്ലോവാക്യ" അറിയാഞ്ഞത് അവള്‍ടെ ഭാഗ്യം അല്ലെ അത് പറയിച്ച് അവളെ പീഡിപ്പിച്ചു ഞാന്‍ രസിച്ചേനെ..ഹൊ!
എന്‍റെ തലക്കുമീതെ ചാഞ്ഞ ഒരു ആല്‍മരം കണക്ക് അവളങ്ങനെ വളര്‍ന്നു വന്നു. നാക്കുകൊണ്ട് നിരന്തരമായുള്ള യോഗാഭ്യാസത്തിന്റെ ഫലമായ്‌ നഴ്സറി ക്ലാസ്സില്‍ എത്തും മുന്നെതന്നെ അവള്‍ "ക"യെ തോല്‍പ്പിച്ചെങ്കിലും ചിലവാക്കുകള്‍ ഒക്കെ അപ്പോഴും പൊന്നുവിന് വഴങ്ങാതെതന്നെ നിന്നു.
"പൊന്നൂ, മൃഗങ്ങളുടെ രാജാവരാ?"
"ശിഗ് മം"
" പൊന്നൂ പറഞ്ഞേ, 'സിം' ..'ഹം' , 'സിംഹം''.
" 'ശിം'..'ഹം' 'ശിഗ് മം'"
ഓരോരോ കടിച്ചാല്‍പൊട്ടാത്ത വാക്കുകളും കണ്ടുപിടിച്ചോണ്ടുവന്നു അവളെ കൊണ്ട് പറയിക്കുന്നത് ഞാന്‍ വല്ലാതെ ആത്മസംതൃപ്തി കണ്ടെത്തിയ ഒരു വിനോദം ആയിരുന്നു, തുമ്പിയെ കൊണ്ട് കല്ലെടുപ്പികുമ്പോ കിട്ടണ ഒരു നിര്‍വൃതി..ഹായ്!! 'ദൃഷ്ട്ടധ്യുംനന്‍ ' അവളുടെ ഭാഷേല്‍ 'ദുഷ്ഠ ത്തിരുമനും', 'ദുഷ്യന്തനും ശകുന്തളയും' അവള്‍ക്ക് 'ദുന്തശ്ശനും ശദുന്തളേം' ഒക്കെ ആയിരുന്നു ഒരുകാലം വരെ.

വളര്‍ന്ന്‍ ഒരു 6ലും 7ലും ഒക്കെ ആയപ്പോഴേക്കും ബാക്കിയുള്ളവരെ മലയാളം പഠിപ്പിക്കാറായി അവള്‍.അങ്ങനെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല പ്രസംഗ മത്സരത്തില്‍ ഹരിപ്പാട് ഉപജില്ലയെ പ്രതിനിധീകരിച്ച് 'അവള്‍' മത്സരിക്കുന്നിടം വരെ എത്തി കാര്യങ്ങള്‍! കലികാല വൈഭവം എന്നല്ലാതെ ഇതിനൊക്കെ എന്നാപറയാനാ. 'യെവളെങ്ങാണം ഇനി വല്ല മലയാളം മുന്‍ഷിയോ മറ്റോ ആയേക്കുവോ, ഭഗവാനേ??!!'
"പൊന്നു, ടോപിക്ക് എന്താണ് വല്ലോം അറിഞ്ഞോ ?"
"എന്‍റെ ചിന്നു ചേച്ചി, ഈ പ്രസംഗ മത്സരം എന്ന് പറയുമ്പോ സംസ്കാരീക സാമൂഹീക പ്രശ്നങ്ങളെ കുറിച്ച് നേരത്തെ എഴുതിപഠിച്ചോണ്ടുവന്ന് മൈക്കിന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു വലിച്ചു കീറി മുറിച്ചു നാക്കിട്ടടിച്ചു മാര്‍ക്കിടാന്‍ ഇരിക്കുന്നവരേം കേള്‍ക്കുന്നവരേം പ്രാന്ത്പിടിപ്പിച്ച്‌ കിടത്തി ഉറക്കുന്ന ആ പഴേ പണിയൊന്നും അല്ല ,ഇത് സ്പോട്ട് പ്രിസന്‍റെഷനാ , സ്റ്റേജില്‍ കയറുന്നതിനു ഒരു മൂന്നാല് മിനിറ്റ് മുന്നേ ടോപിക്ക് തരൂ, ഒരു വേഡ് ആരിക്കും തരുന്നേ അഞ്ച് മിനിറ്റ് അതിനെ കുറിച്ച് നിര്‍ത്താതെ സംസാരിക്കണം."
ഇവള്‍ടെ ഈ നാക്കിട്ടടി കേള്‍ക്കുമ്പോ അമ്മേടെ മുഖത്ത് മകളെ കുറിച്ചോര്‍ത്തുള്ള അഭിമാനം പടര്‍ന്നു കേറുന്നത് എനിക്ക് കാണാമായിരുന്നു അതോടൊപ്പം പേരറിയാത്ത ഏതോ ഒരു വികാരം എന്‍റെ മനസ്സിലും പടര്‍ന്നു കത്തി.

ആലപ്പുഴ തിരുവമ്പാടി H.S.S ആണ് വേദി. റേഡിയോ ജോക്കികളെ പോലെ കണ്ണില്‍കണ്ടതിനെക്കുറിച്ചെല്ലാം നിര്‍ത്താതെ സംസാരിച്ചു അശ്രാന്ത പരിശീലനം നടത്തിയാണ് ഹരിപ്പാടിന്റെ സ്വന്തം പൊന്നു തട്ടില്‍ കേറാന്‍ പോണത്.ഒടുവില്‍ അനൌന്‍സ്മെന്റ് വന്നു
"ചെസ്റ്റ് നമ്പര്‍ 8 ഫസ്റ്റ് കോള്‍." ഒറ്റവിളിക്ക് തന്നെ പൊന്നു ഹാജര്‍ ഒണ്ട്.
"ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 8 ഓണ്‍ സ്റ്റേജ് ."



"ബഹുമാനപ്പെട്ട സദസ്സിനു എന്‍റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്."

"പുല്ലിപ്പുളിയോ'??!! അതെന്താണാവോ സാധനം?! " അമ്മക്ക് സംശയം .
" എനിക്കറിഞ്ഞൂടാ അമ്മ അവള് പറയുന്നെ കേക്ക്."
"പൊന്നു ഏതായാലും രാജധാനി എക്സ്പ്രേസ്സ്പോലെ അടിച്ചുവിട്ടു പോകുന്നോണ്ട്.എന്നാലും എന്താണാവോ ഈ പുല്ലിപ്പുളി.?!" അമ്മേടെ സംശയം മാറുന്നില്ല.

"ഘോരവനപ്രദേശങ്ങളില്‍ ആണ് പുല്ലിപ്പുളികള്‍ സാധാരണയായി കണ്ടുവരാറുള്ളത്."
"ഓഹോ, അപ്പൊ ഏതോ വനവിഭവമാ ചിന്നുവേ , ഏതോ ടൈപ്പ് കാട്ടു പുളിയാണ് സംഭവം, സ്കൂളില്‍ ഇപ്പൊ പ്രോജെക്റ്റും അസൈന്‍മെന്‍റ്സും ഒക്കെ കൊടുക്കുന്നോണ്ട് പിള്ളേര്‍ക്ക് മരങ്ങളേം ചെടികളേം ഒക്കെ പറ്റി നല്ല അറിവാ, അല്ലാതെ നിന്നെ പോലെ തെങ്ങേതാ മാവേതാന്നു അറിയാതവളല്ല എന്‍റെ പൊന്നു."
"പുറമേ കറുത്ത പുള്ളികള്‍ ഉള്ളതിനാല്‍ അവയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല മറ്റു വര്‍ഗങ്ങളെ അപേക്ഷിച്ച് അവക്ക് വലുപ്പക്കുറവുമാണ്.മഴക്കാടുകളിലെ ജലാശയ തീരങ്ങളിലും , പുല്‍മേടുകളിലും ഒക്കെയാണ് പുല്ലിപ്പുളികള്‍ വളരാറുള്ളത്‌ എങ്കിലും ഉഷ്ണമേഖലാവനപ്രദേശങ്ങളിലെ കാലാവസ്ഥയെയും അതികഠിന ശൈത്യതെയും അതിജീവിക്കാനുള്ള കഴിവ് പുല്ലിപുളികള്‍ക്കുണ്ട്. ആഫ്രിക്ക, സൈബീരിയ , ഇന്ത്യ, ഇന്തോനേഷ്യ ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലും ഇവയെ കാണാം.വര്‍ദ്ധിച്ചു വരുന്ന വനനശീകരണം പുല്ലിപ്പുളികളെ ഇന്ന് വംശനാശഭീഷണിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.പുല്ലിപ്പുളികളെ സംരക്ഷിക്കുന്നതിനായി പല പദ്ധതികളും നമ്മുടെ ഗവര്‍ന്മെന്റ് ഇന്ന് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ വൈകിയ വേളയില്‍ എങ്കിലും പുല്ലിപ്പുളികളുടെ സര്‍വനാശം എന്ന വിപത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഇന്ത്യ ഗവര്‍ന്മെന്റ് തയ്യാറാകുന്നു എന്നത് തന്നെ ആശ്വാസജനകമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ,നന്ദി നമസ്ക്കാരം."

"ഹോ അവള് തകര്‍ത്തു അല്ലെ ചിന്നുവേ?"
"ഇനിയും പിള്ളേര് മത്സരിക്കാന്‍ ഒണ്ടെന്നു അമ്മ മറക്കണ്ട"
"എന്നാലും ചിന്നുവേ നിനക്ക് അറിയത്തില്ലല്ലോ ഈ പുല്ലിപുളി എന്തുവാന്നു, അതിനെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വരെ ഉണ്ടെന്നു !!"
" ആ ഞാന്‍ കേട്ടിട്ടില്ല"
" വീട്ടില്‍ ഒന്നുരണ്ടു കുടംപുളി വെച്ച് പിടിപ്പിക്കണം ഏതായാലും,അന്താരാഷ്ട്ര വിപണിയില്‍ ഇനി പുളിയുടെ വില കൂടാണോ മറ്റോ പോകുവാരിക്കും ,പൊന്നുനോട് ചോദിക്കണം "
"ഓ, പിന്നെ, അവളല്ലേ അന്താരാഷ്ട്ര വിപണി നോക്കി നടത്തുന്നത്, ഒന്ന് പോ അമ്മേ"
"ഹും, നിനക്ക് അസ്സൂയയാ, കൊച്ചാണേലും അവക്ക് നല്ല ജി .കെ യാ. "

"അമ്മേ, ചിന്നു ചേച്ചീ, ഇനി ഇവിടെ നിക്കണ്ട ബാ പോകാം."
"അപ്പൊ റിസള്‍ട്ട് അറിയണ്ടായോ?"
"ഓ, റിസള്‍ട്ട് , അതിനി അറിയാന്മാത്രം ഒന്നും ഇല്ല ,ബാ പോകാം."
"എന്നാലും എന്നതാ മോളുവേ ഈ പുല്ലിപുളി?"
" ഓ, അമ്മേ അത് പുല്ലിപുളീം നെല്ലിപ്പുളീം ഒന്നും അല്ല ,സംഭവം വേറെയാ ഞാന്‍ അങ്ങ് അഡ്ജസ്റ്റ് പറഞ്ഞതാ, ചിന്നു ചേച്ചീ , ഈ ലെപ്പേഡിന്‍റെ മലയാളം എന്തുവാ ? "
" ലെപ്പേഡോ? പുള്ളിപ്പുലി..."
" ആ അതുതന്നെ ആ സാധനത്തിന്റെ പേരാണെങ്കില്‍ എനിക്ക് പറയാനും പറ്റണില്ല, പിന്നെ അവസാനം 'പുലിയെക്കുറിച്ചാണോ' 'പുളിയെക്കുറിച്ചാണോ' പറയുന്നതെന്ന് ആ ടോപ്പിക്ക് കണ്ടുപിടിച്ചവന് പോലും സംശയം തോന്നുന്ന വിധത്തില്‍ ഞാന്‍ അങ്ങ് തട്ടിവിട്ടതാ,അല്ലപിന്നെ പൊന്നൂനോടാ കളി , ഇവിടെ നിക്കണ്ട ബാ നമുക്ക് പോകാം."

അമ്മേടെ മുഖത്ത്ചെറുതായി ചുവപ്പ് നിറം പടര്‍ന്നു കേറുന്നത് എനിക്ക് കാണാം ഒപ്പം എന്‍റെ മനസ്സില്‍ ചിരി പോലെ ഏതോ പേരറിയാത്ത വികാരവും.

"മോള്‍ വല്യ ജി .കെ ക്കരിയാന്നും പറഞ്ഞു നടന്നിട്ട് ഇപ്പൊ എന്തായി, ഹോ ഞങ്ങക്കൊന്നും ജി.കെ ഇല്ലാലോ, നമ്മളൊക്കെ പാവങ്ങള് ."
" നീ ഇനി ഇതും പറഞ്ഞു കൊച്ചിനെ കളിയാക്കാന്‍ ഒന്നും നിക്കണ്ട".
"ഓ ഞാന്‍ ഇനി ആരേം കളിയാക്കാന്‍ ഒന്നും ഇല്ലെന്‍റെ ദൈവേ, ഇവള് വല്യ താരം അല്ലിയോ?" [ആത്മഗതം : വെറും താരം അല്ല അവളൊരു അവതാരവാ, മത്തങ്ങാതലച്ചി]
"ചിന്നു ചേച്ചീ ,നമുക്കിവിടെ നിക്കണ്ട ബാ പോകാം"

പിന്‍കുറിപ്പ് അഥവാ മരണമൊഴി : ഈ പോസ്റ്റ്‌ ഇട്ടതിനു ശേഷം എന്നെ കാണാതായാല്‍ അതിനു പിന്നില്‍ രണ്ട് ഉണ്ടകണ്ണുകളും ഒരു മത്തങ്ങാ തലയും പിന്നെ വെളുത് തടിച്ച രണ്ട് കൈകളും ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.എന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.



Thursday, July 21, 2011

സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും

-->
സാരി എന്ന ഉത്തരം കിട്ടാത്ത ചോദ്യം പെരുമ്പാമ്പിനെ പോലെ അവിടങ്ങനെ നീണ്ടു കിടന്നു. ' ഇതിന്‍റെ ഏത് അറ്റതൂന്നാണാവോ ഉടുത്ത് തുടങ്ങണെ?' അക്കൌണ്ട്സ് പരീക്ഷക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടയപോലൊരു ഫീല്‍ .. ഡെബിറ്റെതാ ക്രെഡിറ്റെതാ ??!!
" 10- 23 വയസ്സായി ഇതുവരെ ഒരു സാരി ഉടുക്കാന്‍ പടിച്ചില്ലന്നു പറഞ്ഞാല്‍..?! ഓരോ കൊച്ചു പിള്ളേര് വരെ ഉടുക്കും, ഇതിനെ എങ്ങനെ വല്ലോനും കെട്ടിച്ചു കൊടുക്കും ദൈവമേ..?!
 "കല്യാണം കഴിക്കാന്‍ 18 വയസ്സ് തികഞ്ഞാല്‍ പോരെ, സാരി ഉടുക്കാന്‍ അറിയണോ ..സില്ലി അമ്മ , ഒന്നും അറിയത്തില്ല "
" ചിന്നു ചേച്ചി വിഷമിക്കണ്ട സാരി ഉടുക്കാന്‍ അറിഞ്ഞിട്ട് ഒന്നും അല്ലാലോ ക്വീന്‍ എലിസബത്ത്‌ കല്യാണം കഴിച്ചത് ..ആസ് പേര്‍ ഹിന്ദു മാരേജ് ആക്റ്റ് .."
"ആ മതി മതി  മിണ്ടാതങ്ങോട്ടു നീങ്ങി നിക്ക് നിന്നെ സാരി ഉടുപ്പിചോണ്ട് ഇരുന്നാപ്പോര എനിക്ക് വേറെ പണിയുണ്ട്."
" അമ്മാ.., ഈ പെണ്ണുകാണാന്‍ വരുമ്പോ സാരി ഉടുക്കണം എന്ന് എന്നാ ഇത്ര നിര്‍ബന്ധം?? ചുരിദാര്‍ ഇട്ടാല്‍ എന്നാ ചെക്കന് കണ്ണ്പിടിക്കൂല്ലേ? "
 "സാരി കേരളത്തിന്‍റെ ട്രെടിഷ്ണല്‍ ഡ്രസ്സ് അല്ലെ ചിന്നു ചേച്ചി, മലയാളി പെങ്കുട്ട്യോള്‍ടെ അടക്കത്തിനേം ഒതുക്കതിനേം റെപ്രസന്റ് ചെയ്യുന്ന വേഷം." 
"എന്നാ പിന്നെ ഉണ്ണിയാര്‍ച്ച സ്റൈല്‍ മുണ്ടും ബ്ലൌസും ഇടാം, കയ്യില്‍ ഒരു ഉറുമീം കുറച്ചൂടെ ട്രെടിഷ്ണല്‍ ആയിക്കോട്ടെ ."
 " ഗൂഡ്‌ ഐഡിയ , അങ്കക്കലിപൂണ്ട്‌ ഉറുമി ചുഴറ്റി ' ദൈര്യം ഉണ്ടേല്‍ എന്നെ അങ്കംവെട്ടി തോല്പ്പിക്കെടാ'ന്നു ഒരു ഡയലോഗും അടിച്ചോ ചിന്നു ചേച്ചീ..കുറച്ചു റിച് ആയിക്കോട്ടു "
"മിണ്ടാതിരുന്നോണം രണ്ടും അവിടെ ,എന്തിനാ ഉറുമി നിന്‍റെ ഒക്കെ നാക്ക് തന്നെ ധാരാളം..എന്തോന്നാ ചിന്നുവേ ഇത് നീ പാന്‍റിന്‍റെ പുറത്താണോ സാരി ഉടുക്കാന്‍ പോകുന്നെ??"
"ഇതൊരു സേഫ്റ്റിക്കാ അമ്മാ... എങ്ങാനം അഴിഞ്ഞു പോയാലോ??"
"ശെരിയാ, ഈ ചിന്നു ചേച്ചി ചായേം കൊണ്ട് പോകുമ്പോ എങ്ങാനം തട്ടി വീണാലോ?"
"എന്‍റെ കിങ്ങിണി [പട്ടി] പോകും ചായേം ആയിട്ട്. അതൊക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷനാ.ഇതും ഉടുത്തോണ്ട് മനുഷ്യന് ഇവിടെ ഒറ്റക്ക് നടക്കാന്‍ മേലാ അപ്പഴാ ഇനി ചായേം പിടിച്ചോണ്ട് ..ഹും"
"ആ മതി ഈ തുമ്പ് പിടിച്ചുകുത്തിയിട്ട്  ഒന്ന് കറങ്ങിക്കെ."
"മ്"
"ഓ മതി, കറങ്ങാന്‍ പറഞ്ഞാല്‍ അങ്ങ് നിര്‍ത്താതെ കറങ്ങാന്‍ അല്ല" "പറഞ്ഞിട്ടല്ലിയോ ഞാന്‍ കറങ്ങിയെ ,ന്തായിതു കുക്കുംബര്‍ ടൌണോ?"
കുറെ പിന്നുകള്‍ കൊണ്ടൊരു തജ്മഹല്‍ പണിതുയര്‍ത്തിയ സംതൃപ്തിയോടെ അമ്മ ഒന്ന് നോക്കി.
"ദേ പട്ടു സാരിയാ ചുളുക്കല്ലും പറഞ്ഞേക്കാം"
"മ്" 
ഹോ ..അങ്ങനെ ആ അങ്കം കഴിഞ്ഞു..ഇനി മയ്ക്കപ് ബാക്കിയാ..
"ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ഇസ് സ്പോണ്‍സെഡ് ബൈ ഗൂഡ്‌വില്‍ കളക്ഷന്‍സ് ,ചിന്നു ചേച്ചി ഈ മാലേം വളേം ഒക്കെ ഒന്ന് ഇട്ടേ എന്‍റെ സിലക്ഷനാ"
തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വള സാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ് അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും.. അവള്‍ടെ ഒരു സിലക്ഷന്‍..ഒരു നെറ്റിപട്ടം കൂടെ മേടിക്കാരുന്നു.!! അനിയത്തി ആണത്രേ അനിയത്തി ..തടിച്ചി..ഹും !! എന്നാലും ഫെയ്സ് കൊള്ളാം..ഞാന്‍ പണ്ടേ സുന്ദരിയല്ലിയോ? ?!!
"ചിന്നു ചേച്ചി, കുറച്ചു മുല്ലപ്പൂകൂടെ വെക്കാരുന്നു."
 "എന്നാപ്പിന്നെ ഇച്ചരെ ചൊവന്ന ലിപ്സ്ടിക്കും കൂടെ ഇട്ടു ഹരിപ്പാട് ബസ് സ്റ്റാന്റിലോട്ട് പോയി നിക്കാം, എന്തേയ്??"
 "ഹി ഹി ആ ഡയലോഗ് കൊള്ളാം ഞാന്‍ "ലൈക്" അടിച്ചു" [ ആത്മഗതം: പിള്ളേരൊക്കെ ഇപ്പൊ സംസാരിക്കുന്നതും ഫെയ്സ്ബുക്ക് ഭാഷ !!] 
"ചിന്നുവേ, അകത്തു കയറി ഇരിക്ക് അവര് എത്താറായി."
" അല്ല അപ്പൊ അവര്‍ക്ക് എന്നെ കാണണ്ടായോ?"
"പറഞ്ഞതങ്ങു അനുസരിച്ചാമതി."
"ചിന്നു ചേച്ചി, ടെന്‍ഷന്‍ ഉണ്ടോ?"
"എന്തിനു? ഇവിടെ എന്നാ വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്നോ?"
 " പെണ്ണുകാണാന്‍ വരുമ്പോ അറിഞ്ഞിരിക്കേണ്ടoru 10 ടിപ്സ്  ഞാന്‍ വേണേല്‍  
പറഞ്ഞുതരാം"
"ഇപ്പൊ അതോക്കെയാണോ സ്കൂളില്‍ പഠിപ്പിക്കുന്നെ?"
"വേണേല്‍ മതി , ലിസ്സണ്‍
1.       അമ്മായിഅമ്മ കാന്‍റിഡേറ്റിനെ 'അമ്മേ' എന്ന് വിളിച്ചു സംസാരിക്കണം നോ "ആന്‍റി" വിളി
2.       തല ഒരല്പം കുനിച്ചു നാണം അഭിനയിച്ചു നില്‍ക്കണം.
3.       എന്ത് പറഞ്ഞാലും ചിരിച്ചോണം , ഇളി അല്ല ചിരി - ക്യൂട്ട് സ്മൈല്‍.
4.       ടെന്‍ഷന്‍ ഉണ്ടെന്നു കാണിക്കാന്‍ കൈവിരല്‍ ഇടയ്ക്കു ഞൊടിക്കണം
5.       സാധാരണയില്‍ അധികം സോഫ്റ്റ്‌ ആയിട്ട് സംസാരിക്കണം 'വോയിസ്‌ മോഡുലേഷന്‍' ശ്രദ്ധിക്കണം എന്നാലേ ഒരു പാവം ഇമേജ് കിട്ടൂ.
6.       എന്തെങ്കിലും ചോദിച്ചാല്‍ മാത്രം ഉത്തരം പറയുക, ആന്‍സര്‍ ടു ദ പോയിന്‍റ് ആയിരിക്കണം ,വള വളാന്ന് സംസാരിക്കാന്‍ പാടില്ല..
7.        അങ്ങോട്ട്‌ കയറി ഒന്നും ചോദിക്കരുത്.
8.       ഇരിക്കുമ്പോള്‍ കാലുംമേല്‍കാല്‍കയറ്റി വെക്കരുത് .
9.       ഇടയ്ക്കിടെ സാരി അഡ്ജസ്റ്റ് ചെയ്യുന്ന ആ ആക്ക്ഷന്‍ വേണ്ട അത് കണ്ടാലേ അറിയാം ജനിച്ചിട്ട്‌ ഇന്നേവരെ സാരി ഉടുതിട്ടില്ലാന്നു.
10.   ഫൈനലി ഇങ്ങനെ ചാടി തുള്ളി നടക്കാതെ കാലുനിലത്തുറപ്പിച്ച് സ്ലോ ആയിട്ട് , പെയ്സ് അഡ്ജസ്റ്റ്ചെയ്തു സൌണ്ട് കേള്‍പ്പിക്കാതെ നടക്കണം ഇങ്ങനാ തറവാട്ടില്‍ പിറന്ന പെങ്കുട്ടിയോള്‍."
"ഞാന്ആലപ്പുഴ മെഡിക്കല്കോളേജിലാ പിറന്നെ"
 "ഇത്രേം ഒക്കെ ആകുമ്പോള്‍ ചിന്നു ചേച്ചി ഒരു പാവം ആണെന്ന് അവര് തെറ്റി ധരിച്ചോളും"

വിളിക്കുന്നതുവരെ അടുക്കളെന്നു പുറത്തിറങ്ങരുതെന്ന് ഇന്‍സ്ട്രക്ഷന്‍ കിട്ടിയിട്ടുണ്ട്.പക്ഷെ അകത്തിരിക്കാന്‍ പറഞ്ഞാല്‍ പുറത്തെന്താ  നടക്കുന്നതെന്ന് എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി നാച്യുരല്ലി വരുവല്ലോ ..മനുഷ്യസഹജം.!!അപ്പൊ ഒളിഞ്ഞു നോക്കാന്‍ ഉള്ള ടെന്‍ടന്‍സിയും കൂടും.ഏതായാലും അതിനൊന്നും ഇടവരുത്താതെ അപ്പുറതൂന്നു വിളിവന്നു.
" ചിന്നൂ , മോളെ അവിടെ നിക്കാതെ ഇങ്ങോട്ട് വാ."
അതുകൊള്ളാം ഇപ്പൊ ഇവിടെ നിന്നതായോ കുറ്റം.
ഒരു മുറി നിറയെ ആളുകള്‍.നാട്ടുകാരേം കൂട്ടിയാണോ ഇവര് പെണ്ണുകാണാന്‍ വന്നേക്കുന്നത്?! എല്ലാവരും സംസാരിക്കുണ്ട് ഇടക്ക് എന്നോടും ഉണ്ട് ചോദ്യങ്ങള്‍.മണവാളന്‍ കുഞ്ഞിരാമന്‍ ഒരു കപ്പ്‌ ചായേം പിടിച്ചോണ്ട് കുനിഞ്ഞിരുപ്പുണ്ട്. പുതിയ ഷര്‍ട്ട്‌ ആണെന്ന് തോന്നുന്നു ,ഫുള്‍ സ്ലീവ് ,ടക്ക് ഇന്‍ ചെയ്തിട്ടുണ്ട് ,ഒരു ടൈയ്യും കൂടെ ഉണ്ടായിരുന്നേല്‍ സ്കൂളില്‍ കൊണ്ട് ഇരുതാരുന്നു.
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്‍ക്ക് തോന്നരുതേ ..'
പഠിപ്പിച്ചു വിട്ട ടിപ്സ് എന്തോ തെറ്റിച്ചത് പോലെ സൈഡില്‍ നിന്ന് 2ഉണ്ടകണ്ണുകള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ..ഓ സാരിയില്‍ പിടിക്കാന്‍ പാടില്ലല്ലോ ..!!
ദേ വരുന്നു അടുത്ത പ്രഖ്യാപനം "നിങ്ങള്‍ക്ക് വല്ലോം സംസാരിക്കാന്‍ ഉണ്ടെങ്കില്‍ അങ്ങോട്ട്‌ മാറി ഇരുന്നോളു".
അമ്മയുടെ മുഖത്ത് ദയനീയം ആയോന്ന് നോക്കിയിട്ട്  അങ്കത്തട്ടിലേക്ക് തള്ളിയിടപ്പെട്ടവനെപ്പോലെ  പാവം കുഞ്ഞിരാമന്‍ ഒരു കസേരനീകിയിട്ടു ഇരുന്നു. ഇനി ഞാന്‍ പോയി അയാള്‍ടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കൊടുക്കണമല്ലോ..പടച്ചോനേ ഞമ്മളെ കാതോളീ...!! അങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് 2 മിനിറ്റ് ആയിക്കാണും കുഞ്ഞിരാമന്‍ മിണ്ടണില്ല.ചായക്കപ്പ് കയ്യില്‍ പിടിച്ചു കറക്കുനുണ്ട്‌..ഇടയ്ക്കിടെ അമ്മ ഇരിക്കണ ഡയറക്ഷനിലേക്ക് നോക്കും.പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന് തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെ കാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാ പെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?
 തനി സ്വഭാവം പുറത്തെടുക്കാന്‍ ടൈം ആയി ..ഇനി ലവള്‍ടെ 10 ടിപ്സും പിടിചോണ്ടിരുന്നിട്ടു ഒരു കാര്യോം ഇല്ല ..ബ്രെയ്ക്ക് ദ റൂള്‍സ്..!!
 സാരി ഒന്നും അഡ്ജസ്റ്റ് ചെയ്തു കാലുംമേല്‍ കാലും കേറ്റി വെച്ച് 1-2  റൂള്‍സ് ഒരുമിച്ചങ്ങു തെറ്റിച്ചു കോണ്‍വര്‍സേഷന്‍ ഞാന്‍ തന്നങ്ങു തുടങ്ങി :
" ചായ കുടിക്കു"
"മ് , കുടിക്കാം " 
പിന്നേം അമ്മയെ നോക്കുന്നു. ഇടക്ക് എന്‍റെ മുഖത്തേക്ക് നോക്കിയിട്ട് നമ്രമുഖനായി ഇരിക്കുന്നു.കയ്യിലെ ചായക്കപ്പ് നിര്‍ത്താതെ തിരിയുന്നുണ്ട്‌. ഒരക്ഷരം മിണ്ടണ ലക്ഷണം ഇല്ല.ഈ ഇന്റര്‍വ്യൂ ഞാന്‍ തന്നെ എടുക്കേണ്ടി വരും.
"എവിടെയാ വര്‍ക്ക് ചെയ്യുന്നത്?"
 "കാക്കനാട്"
 "സെസില്‍ ആണോ?"
"അതേ"
" ഓകെ ഫൈന്‍, ചായ കുടിക്കൂ"
" മ് , കുടിക്കാം "
 പിന്നേം ആ ഗ്ലാസ്‌ കയ്യില്‍ പിടിച്ചു തിരിക്കുന്നുണ്ട് .ലെവള് ഇനി കിട്ടിയ സമയത്ത് ഈ കുഞ്ഞിരാമാനേം 10ടിപ്സ് പഠിപ്പിച്ചു കാണുവോ? നാണിച്ച മുഖം ,നോ വള വളാ സംസാരം, ചോദിക്കുന്നതിനു മാത്രം ഉത്തരം, ഇങ്ങോട്ട് ഒന്നും ചോദിക്കുന്നും ഇല്ല, വിരല്‍ ഞൊടിക്കുന്നതിനു പകരം കപ്പ്‌ തിരിക്കുന്നും ഉണ്ട്..
" സെസില്‍ ഏത് കമ്പനിയിലാ?"
"കെ. മേനോന്‍ & കോ ടെക്സ്ടയില്‍  എക്സ്പോര്‍ട്സ് "
"എന്താ ചായ കുടിക്കാത്തെ? ചൂടാണോ?"
 [ ആത്മഗതം : ഇനി എന്നെ കണ്ടു പേടിച്ചിട്ടാരിക്കുവോ..ഹും ലവള്‍ടെ ഒരു മയ്ക്കപ്പ് ]
" ഏയ്‌ അല്ല "  പിന്നേം അമ്മേ നോക്കുനുണ്ട്..ഭാഗ്യം ചായ കുടിച്ചു തുടങ്ങി. 
" എന്നോടൊന്നും ചോദിക്കാനില്ലേ?"
വീണ്ടും ചായക്കപ്പ് തിരയാന്‍ തുടങ്ങി ഏതായാലും ആ ടെക്കനിക്ക് ഏറ്റു കുഞ്ഞിരാമന്‍ വാതുറന്നു.
" വര്‍ക്ക് ചെയ്യുന്നുണ്ട് അല്ലെ? ഡീട്ടെയ്ല്‍സ് ഒക്കെ അമ്മ പറഞ്ഞിരുന്നു."  പിന്നേം അമ്മേടെ നേര്‍ക്ക്‌ നോട്ടം നീളുന്നു. കുഞ്ഞിരാമന്റെ ചാര്‍ജ് തീര്‍ന്നെന്നാ തോന്നുന്നേ. ആ കപ്പ്‌ കറക്കി കറക്കി നിലത്തിടും ചിലപ്പോ.ഇനിയും ഞാന്‍ ആ കുഞ്ഞിരാമനെ ചോദ്യംചെയ്തു ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങള്  വല്ല സേതുരാമയ്യര്‍ ഫാമിലിയിലും പെട്ടവര്‍  ആണെന്ന് തെറ്റിദ്ധരിക്കും
മക്കളുടെ നൊമ്പരങ്ങള്‍ ആദ്യം അറിയുന്നത് അമ്മമാര്‍ ആയിരിക്കും എന്നാ കോണ്‍സെപ്റ്റ് ശെരി വെച്ചുകൊണ്ട് ദേ അമ്മായിഅമ്മ ക്യാരക്ടര്‍ രംഗപ്രവേശം ചെയ്തു. ചായക്കപ്പിന്റെ കറക്കം നിര്‍ത്തി കുഞ്ഞിരാമന്‍ ചായ കുടിച്ചു.അപ്പോഴേക്കും കാലൊക്കെ താഴെവെച്ചു മുഖം കുനിച്ചു 10 ടിപ്സ് ഞാന്‍ പുറത്തെടുത്തു.
അങ്ങനെ വളരെ സമാധാന പരമായി ആ പെണ്ണുകാണല്‍ അവിടെ അവസ്സാനിപിച്ച് അവര് ഇറങ്ങുവാണെന്നു കേട്ടപ്പോതന്നെ ആ ഫാന്‍സി ഡ്രസ്സ് അവസാനിപ്പിക്കാന്‍ ഉള്ള ആന്തരികവും ഉത്കടവുമായ വ്യഗ്രതയില്‍ കാതില്‍ കിടന്ന കുണ്ടലങ്ങളൊക്കെ ഊരി കയ്യില്‍ പിടിച്ചു ഉണ്ട കണ്ണുകളുടെ രൂക്ഷനോട്ടത്തെ അവഗണിച്ചു അവരെ ഗെയ്റ്റില്‍ ചെന്ന് യാത്രയാക്കി.
ഹൊ സമാദാനം ഇനി ഈ സാരിക്കകത്തൂന്നു ഒന്ന് ഇറങ്ങി കിട്ടണം ..പണ്ടാരം ചൊറിയണ്. രാവിലെ ഒരു മണിക്കൂറിന്റെ അദ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ സാരി തജ്മഹല്‍ വെറും നിമിഷങ്ങള്‍ കൊണ്ട് നിലംപരിശാകി..ഉച്ചവരെ നീണ്ടു നിന്ന സാരി പീഡനത്തില്‍ നിന്നുള്ള വേഷപകര്‍ച്ച..ആഹ എന്തൊരാശ്വാസം.
" അപ്പോഴേക്കും ഡ്രസ്സ് മാറ്റിയോ ,നീ സാരി ഉടുത്ത ഒരു ഫോട്ടോ എടുക്കണംന്നു വിചാരിച്ചതാരുന്നു ."
"ചിന്നു ചേച്ചീ ചെക്കനെ കുറിച്ചുള്ള   അഭിപ്രായം??"
"ലജ്ജാവഹം"
"എന്താ ആ പയ്യനൊരു കുഴപ്പം കണ്ടാലേ അറിയാം പാവമാണെന്ന്" 
"എന്നാലേ അമ്മ കല്യാണം കഴിച്ചോ .നിങ്ങള് നല്ല മാച്ചാ, അച്ഛനോട്‌ ഞാന്‍ പറഞ്ഞോളാം."
"അച്ഛനും പയ്യനെ ഇഷ്ടപ്പെട്ടു"
"ഓഹോ അപ്പൊ കാര്യങ്ങള്‍ എളുപ്പായി."
 "ഒറ്റക്കിരുന്നു സംസാരിച്ചപ്പോ ചിന്നു ചേച്ചിക്ക് പെടിയുണ്ടാരുന്നോ?"
ആ പെയ്സ്ട്രി അവര് കഴിച്ചു തീര്‍ക്കുവോന്നു  പേടി ഉണ്ടാരുന്നു "
അങ്ങനെ ആ മണവാളന്‍ കുഞ്ഞിരാമന്റെ SWOT അനാലിസിസ് നടത്തികൊണ്ടിരുന്നപ്പോ ഒരു കോളിംഗ് ബെല്ല്. ഇതിനി ആരാണാവോ.
"ചിന്നു, നീ അവിടെ ഇരുന്നാമതി ഞാന്‍ നോക്കാം"
"അതെന്നാ ഞാന്‍ നോക്കിയാല്‍,അമ്മ ആ പെയ്സ്ട്രി ഒക്കെ എടുത്തു അകത്തു വെക്ക്, ആരേലും വന്നാല്‍ കൊടുക്കാന്‍ മാത്രം ഇല്ല."
എന്‍റെ ഈശോ ഗുരുവായൂരപ്പാ കതകുതുറന്നപ്പോ ദേ നിക്കുന്നു കുഞ്ഞിരാമനും അമ്മാവന്മാരും അടക്കം ഒരു ടവേര നിറയെ ആളുകള്‍.ഇവരെയല്ലേ ദൈവമേ ഞാന്‍ കുറച്ചു മുന്‍പ്‌ ടാറ്റ കൊടുത്തു യാത്രയാക്കിയത്.ഇവര് പോയില്ലാരുന്നോ ??!!വാക്സ് മ്യൂസിയത്തിലെ പ്രതിമകണക്കെ നില്‍ക്കുന്ന എന്നെ അവരൊക്കെ അടിമുടി നോക്കുന്നുണ്ടോ എന്നൊരു സംശയം.10ടിപ്സ്...?? തല കുനിക്കണോ?! കൈ വിരല് ഞൊടിക്കണോ? ചിരിക്കണോ? അങ്ങോട്ട്‌ വല്ലോം ചോദിക്കണോ? എന്താപ്പാ ചെയ്കാ? എന്താണാവോ ഈ രണ്ടാം വരവിന്‍റെ ഉദേശം? ഇന്നുതന്നെ എന്നെ കല്യാണം കഴിച്ചോണ്ട് പോകാന്‍ ആരിക്കുവോ? എല്ലാവരുടെയും നോട്ടം എന്‍റെ കോസ്റ്റ്യൂമിലേക്ക് തന്നെ സംശയം ഇല്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ മുഖഭാവവും "പുച്ഛരസത്തിലോട്ടു" വഴിമാറുന്നുണ്ടോ
"മോളെ ശൈലജെടെ [ കുഞ്ഞിരാമന്റെ അമ്മ ] ഹാന്‍ഡ് ബാഗ് ഇവിടെ വെച്ച് മറന്നു, കുറച്ചു ചെന്നപ്പോഴാ ഓര്‍ത്തെ അതെടുക്കാന്‍ വന്നതാ."
 ബാഗ് ഒക്കെ എടുത്തു കൊടുത്ത് അവരെ വീണ്ടും യാത്രയാകി .സന്തോഷം. "ശേ അവര് എന്ത് വിചാരിച്ചുകാണും, നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ചിന്നു ഇമ്മാതിരി നിക്കറും ഇട്ടോണ്ട് ഇവിടെങ്ങും നടക്കരുതെന്നു"
" നിക്കറോ , വോട്ടിസ് ദിസ് അമ്മ ,ഇത് ത്രീ ഫോര്‍ത്താ"
" എന്ത് ഫോര്‍തായാലും കൊള്ളാം ഇനി മേലാല്‍ ഇമ്മാതിരി വേഷംകെട്ടല് കണ്ടുപോകല്ലും ."
അതിനു ഇവരിങ്ങനെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഞാന്‍ അറിഞ്ഞോ?"
" ചിന്നു ചേച്ചീ, 11th  ടിപ്പ് ത്രീ ഫോര്‍ത്ത് ഇട്ടാല്‍ കല്യാണം മുടങ്ങും"
"അവള്‍ടെ ഒരു ടിപ്പ് മിണ്ടാതിരുന്നോണം അവിടെ തടിച്ചി." 
"എന്തുവാണേലും ചിന്നു ചേച്ചീ ഡ്രസ്സ് നന്നായിട്ടുണ്ട്  ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍  'മ്ലേച്ചം..' !!"