ill fated fellows

Thursday, July 21, 2011

സാരിയും കുഞ്ഞിരാമനും പിന്നെ ഞാനും

-->
സാരി എന്ന ഉത്തരം കിട്ടാത്ത ചോദ്യം പെരുമ്പാമ്പിനെ പോലെ അവിടങ്ങനെ നീണ്ടു കിടന്നു. ' ഇതിന്‍റെ ഏത് അറ്റതൂന്നാണാവോ ഉടുത്ത് തുടങ്ങണെ?' അക്കൌണ്ട്സ് പരീക്ഷക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടയപോലൊരു ഫീല്‍ .. ഡെബിറ്റെതാ ക്രെഡിറ്റെതാ ??!!
" 10- 23 വയസ്സായി ഇതുവരെ ഒരു സാരി ഉടുക്കാന്‍ പടിച്ചില്ലന്നു പറഞ്ഞാല്‍..?! ഓരോ കൊച്ചു പിള്ളേര് വരെ ഉടുക്കും, ഇതിനെ എങ്ങനെ വല്ലോനും കെട്ടിച്ചു കൊടുക്കും ദൈവമേ..?!
 "കല്യാണം കഴിക്കാന്‍ 18 വയസ്സ് തികഞ്ഞാല്‍ പോരെ, സാരി ഉടുക്കാന്‍ അറിയണോ ..സില്ലി അമ്മ , ഒന്നും അറിയത്തില്ല "
" ചിന്നു ചേച്ചി വിഷമിക്കണ്ട സാരി ഉടുക്കാന്‍ അറിഞ്ഞിട്ട് ഒന്നും അല്ലാലോ ക്വീന്‍ എലിസബത്ത്‌ കല്യാണം കഴിച്ചത് ..ആസ് പേര്‍ ഹിന്ദു മാരേജ് ആക്റ്റ് .."
"ആ മതി മതി  മിണ്ടാതങ്ങോട്ടു നീങ്ങി നിക്ക് നിന്നെ സാരി ഉടുപ്പിചോണ്ട് ഇരുന്നാപ്പോര എനിക്ക് വേറെ പണിയുണ്ട്."
" അമ്മാ.., ഈ പെണ്ണുകാണാന്‍ വരുമ്പോ സാരി ഉടുക്കണം എന്ന് എന്നാ ഇത്ര നിര്‍ബന്ധം?? ചുരിദാര്‍ ഇട്ടാല്‍ എന്നാ ചെക്കന് കണ്ണ്പിടിക്കൂല്ലേ? "
 "സാരി കേരളത്തിന്‍റെ ട്രെടിഷ്ണല്‍ ഡ്രസ്സ് അല്ലെ ചിന്നു ചേച്ചി, മലയാളി പെങ്കുട്ട്യോള്‍ടെ അടക്കത്തിനേം ഒതുക്കതിനേം റെപ്രസന്റ് ചെയ്യുന്ന വേഷം." 
"എന്നാ പിന്നെ ഉണ്ണിയാര്‍ച്ച സ്റൈല്‍ മുണ്ടും ബ്ലൌസും ഇടാം, കയ്യില്‍ ഒരു ഉറുമീം കുറച്ചൂടെ ട്രെടിഷ്ണല്‍ ആയിക്കോട്ടെ ."
 " ഗൂഡ്‌ ഐഡിയ , അങ്കക്കലിപൂണ്ട്‌ ഉറുമി ചുഴറ്റി ' ദൈര്യം ഉണ്ടേല്‍ എന്നെ അങ്കംവെട്ടി തോല്പ്പിക്കെടാ'ന്നു ഒരു ഡയലോഗും അടിച്ചോ ചിന്നു ചേച്ചീ..കുറച്ചു റിച് ആയിക്കോട്ടു "
"മിണ്ടാതിരുന്നോണം രണ്ടും അവിടെ ,എന്തിനാ ഉറുമി നിന്‍റെ ഒക്കെ നാക്ക് തന്നെ ധാരാളം..എന്തോന്നാ ചിന്നുവേ ഇത് നീ പാന്‍റിന്‍റെ പുറത്താണോ സാരി ഉടുക്കാന്‍ പോകുന്നെ??"
"ഇതൊരു സേഫ്റ്റിക്കാ അമ്മാ... എങ്ങാനം അഴിഞ്ഞു പോയാലോ??"
"ശെരിയാ, ഈ ചിന്നു ചേച്ചി ചായേം കൊണ്ട് പോകുമ്പോ എങ്ങാനം തട്ടി വീണാലോ?"
"എന്‍റെ കിങ്ങിണി [പട്ടി] പോകും ചായേം ആയിട്ട്. അതൊക്കെ ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷനാ.ഇതും ഉടുത്തോണ്ട് മനുഷ്യന് ഇവിടെ ഒറ്റക്ക് നടക്കാന്‍ മേലാ അപ്പഴാ ഇനി ചായേം പിടിച്ചോണ്ട് ..ഹും"
"ആ മതി ഈ തുമ്പ് പിടിച്ചുകുത്തിയിട്ട്  ഒന്ന് കറങ്ങിക്കെ."
"മ്"
"ഓ മതി, കറങ്ങാന്‍ പറഞ്ഞാല്‍ അങ്ങ് നിര്‍ത്താതെ കറങ്ങാന്‍ അല്ല" "പറഞ്ഞിട്ടല്ലിയോ ഞാന്‍ കറങ്ങിയെ ,ന്തായിതു കുക്കുംബര്‍ ടൌണോ?"
കുറെ പിന്നുകള്‍ കൊണ്ടൊരു തജ്മഹല്‍ പണിതുയര്‍ത്തിയ സംതൃപ്തിയോടെ അമ്മ ഒന്ന് നോക്കി.
"ദേ പട്ടു സാരിയാ ചുളുക്കല്ലും പറഞ്ഞേക്കാം"
"മ്" 
ഹോ ..അങ്ങനെ ആ അങ്കം കഴിഞ്ഞു..ഇനി മയ്ക്കപ് ബാക്കിയാ..
"ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ഇസ് സ്പോണ്‍സെഡ് ബൈ ഗൂഡ്‌വില്‍ കളക്ഷന്‍സ് ,ചിന്നു ചേച്ചി ഈ മാലേം വളേം ഒക്കെ ഒന്ന് ഇട്ടേ എന്‍റെ സിലക്ഷനാ"
തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വള സാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ് അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയ നാടന്‍ കലാരൂപം ആണെന്ന് തോന്നും.. അവള്‍ടെ ഒരു സിലക്ഷന്‍..ഒരു നെറ്റിപട്ടം കൂടെ മേടിക്കാരുന്നു.!! അനിയത്തി ആണത്രേ അനിയത്തി ..തടിച്ചി..ഹും !! എന്നാലും ഫെയ്സ് കൊള്ളാം..ഞാന്‍ പണ്ടേ സുന്ദരിയല്ലിയോ? ?!!
"ചിന്നു ചേച്ചി, കുറച്ചു മുല്ലപ്പൂകൂടെ വെക്കാരുന്നു."
 "എന്നാപ്പിന്നെ ഇച്ചരെ ചൊവന്ന ലിപ്സ്ടിക്കും കൂടെ ഇട്ടു ഹരിപ്പാട് ബസ് സ്റ്റാന്റിലോട്ട് പോയി നിക്കാം, എന്തേയ്??"
 "ഹി ഹി ആ ഡയലോഗ് കൊള്ളാം ഞാന്‍ "ലൈക്" അടിച്ചു" [ ആത്മഗതം: പിള്ളേരൊക്കെ ഇപ്പൊ സംസാരിക്കുന്നതും ഫെയ്സ്ബുക്ക് ഭാഷ !!] 
"ചിന്നുവേ, അകത്തു കയറി ഇരിക്ക് അവര് എത്താറായി."
" അല്ല അപ്പൊ അവര്‍ക്ക് എന്നെ കാണണ്ടായോ?"
"പറഞ്ഞതങ്ങു അനുസരിച്ചാമതി."
"ചിന്നു ചേച്ചി, ടെന്‍ഷന്‍ ഉണ്ടോ?"
"എന്തിനു? ഇവിടെ എന്നാ വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്നോ?"
 " പെണ്ണുകാണാന്‍ വരുമ്പോ അറിഞ്ഞിരിക്കേണ്ടoru 10 ടിപ്സ്  ഞാന്‍ വേണേല്‍  
പറഞ്ഞുതരാം"
"ഇപ്പൊ അതോക്കെയാണോ സ്കൂളില്‍ പഠിപ്പിക്കുന്നെ?"
"വേണേല്‍ മതി , ലിസ്സണ്‍
1.       അമ്മായിഅമ്മ കാന്‍റിഡേറ്റിനെ 'അമ്മേ' എന്ന് വിളിച്ചു സംസാരിക്കണം നോ "ആന്‍റി" വിളി
2.       തല ഒരല്പം കുനിച്ചു നാണം അഭിനയിച്ചു നില്‍ക്കണം.
3.       എന്ത് പറഞ്ഞാലും ചിരിച്ചോണം , ഇളി അല്ല ചിരി - ക്യൂട്ട് സ്മൈല്‍.
4.       ടെന്‍ഷന്‍ ഉണ്ടെന്നു കാണിക്കാന്‍ കൈവിരല്‍ ഇടയ്ക്കു ഞൊടിക്കണം
5.       സാധാരണയില്‍ അധികം സോഫ്റ്റ്‌ ആയിട്ട് സംസാരിക്കണം 'വോയിസ്‌ മോഡുലേഷന്‍' ശ്രദ്ധിക്കണം എന്നാലേ ഒരു പാവം ഇമേജ് കിട്ടൂ.
6.       എന്തെങ്കിലും ചോദിച്ചാല്‍ മാത്രം ഉത്തരം പറയുക, ആന്‍സര്‍ ടു ദ പോയിന്‍റ് ആയിരിക്കണം ,വള വളാന്ന് സംസാരിക്കാന്‍ പാടില്ല..
7.        അങ്ങോട്ട്‌ കയറി ഒന്നും ചോദിക്കരുത്.
8.       ഇരിക്കുമ്പോള്‍ കാലുംമേല്‍കാല്‍കയറ്റി വെക്കരുത് .
9.       ഇടയ്ക്കിടെ സാരി അഡ്ജസ്റ്റ് ചെയ്യുന്ന ആ ആക്ക്ഷന്‍ വേണ്ട അത് കണ്ടാലേ അറിയാം ജനിച്ചിട്ട്‌ ഇന്നേവരെ സാരി ഉടുതിട്ടില്ലാന്നു.
10.   ഫൈനലി ഇങ്ങനെ ചാടി തുള്ളി നടക്കാതെ കാലുനിലത്തുറപ്പിച്ച് സ്ലോ ആയിട്ട് , പെയ്സ് അഡ്ജസ്റ്റ്ചെയ്തു സൌണ്ട് കേള്‍പ്പിക്കാതെ നടക്കണം ഇങ്ങനാ തറവാട്ടില്‍ പിറന്ന പെങ്കുട്ടിയോള്‍."
"ഞാന്ആലപ്പുഴ മെഡിക്കല്കോളേജിലാ പിറന്നെ"
 "ഇത്രേം ഒക്കെ ആകുമ്പോള്‍ ചിന്നു ചേച്ചി ഒരു പാവം ആണെന്ന് അവര് തെറ്റി ധരിച്ചോളും"

വിളിക്കുന്നതുവരെ അടുക്കളെന്നു പുറത്തിറങ്ങരുതെന്ന് ഇന്‍സ്ട്രക്ഷന്‍ കിട്ടിയിട്ടുണ്ട്.പക്ഷെ അകത്തിരിക്കാന്‍ പറഞ്ഞാല്‍ പുറത്തെന്താ  നടക്കുന്നതെന്ന് എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി നാച്യുരല്ലി വരുവല്ലോ ..മനുഷ്യസഹജം.!!അപ്പൊ ഒളിഞ്ഞു നോക്കാന്‍ ഉള്ള ടെന്‍ടന്‍സിയും കൂടും.ഏതായാലും അതിനൊന്നും ഇടവരുത്താതെ അപ്പുറതൂന്നു വിളിവന്നു.
" ചിന്നൂ , മോളെ അവിടെ നിക്കാതെ ഇങ്ങോട്ട് വാ."
അതുകൊള്ളാം ഇപ്പൊ ഇവിടെ നിന്നതായോ കുറ്റം.
ഒരു മുറി നിറയെ ആളുകള്‍.നാട്ടുകാരേം കൂട്ടിയാണോ ഇവര് പെണ്ണുകാണാന്‍ വന്നേക്കുന്നത്?! എല്ലാവരും സംസാരിക്കുണ്ട് ഇടക്ക് എന്നോടും ഉണ്ട് ചോദ്യങ്ങള്‍.മണവാളന്‍ കുഞ്ഞിരാമന്‍ ഒരു കപ്പ്‌ ചായേം പിടിച്ചോണ്ട് കുനിഞ്ഞിരുപ്പുണ്ട്. പുതിയ ഷര്‍ട്ട്‌ ആണെന്ന് തോന്നുന്നു ,ഫുള്‍ സ്ലീവ് ,ടക്ക് ഇന്‍ ചെയ്തിട്ടുണ്ട് ,ഒരു ടൈയ്യും കൂടെ ഉണ്ടായിരുന്നേല്‍ സ്കൂളില്‍ കൊണ്ട് ഇരുതാരുന്നു.
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്‍ക്ക് തോന്നരുതേ ..'
പഠിപ്പിച്ചു വിട്ട ടിപ്സ് എന്തോ തെറ്റിച്ചത് പോലെ സൈഡില്‍ നിന്ന് 2ഉണ്ടകണ്ണുകള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ..ഓ സാരിയില്‍ പിടിക്കാന്‍ പാടില്ലല്ലോ ..!!
ദേ വരുന്നു അടുത്ത പ്രഖ്യാപനം "നിങ്ങള്‍ക്ക് വല്ലോം സംസാരിക്കാന്‍ ഉണ്ടെങ്കില്‍ അങ്ങോട്ട്‌ മാറി ഇരുന്നോളു".
അമ്മയുടെ മുഖത്ത് ദയനീയം ആയോന്ന് നോക്കിയിട്ട്  അങ്കത്തട്ടിലേക്ക് തള്ളിയിടപ്പെട്ടവനെപ്പോലെ  പാവം കുഞ്ഞിരാമന്‍ ഒരു കസേരനീകിയിട്ടു ഇരുന്നു. ഇനി ഞാന്‍ പോയി അയാള്‍ടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കൊടുക്കണമല്ലോ..പടച്ചോനേ ഞമ്മളെ കാതോളീ...!! അങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് 2 മിനിറ്റ് ആയിക്കാണും കുഞ്ഞിരാമന്‍ മിണ്ടണില്ല.ചായക്കപ്പ് കയ്യില്‍ പിടിച്ചു കറക്കുനുണ്ട്‌..ഇടയ്ക്കിടെ അമ്മ ഇരിക്കണ ഡയറക്ഷനിലേക്ക് നോക്കും.പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന് തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെ കാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാ പെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?
 തനി സ്വഭാവം പുറത്തെടുക്കാന്‍ ടൈം ആയി ..ഇനി ലവള്‍ടെ 10 ടിപ്സും പിടിചോണ്ടിരുന്നിട്ടു ഒരു കാര്യോം ഇല്ല ..ബ്രെയ്ക്ക് ദ റൂള്‍സ്..!!
 സാരി ഒന്നും അഡ്ജസ്റ്റ് ചെയ്തു കാലുംമേല്‍ കാലും കേറ്റി വെച്ച് 1-2  റൂള്‍സ് ഒരുമിച്ചങ്ങു തെറ്റിച്ചു കോണ്‍വര്‍സേഷന്‍ ഞാന്‍ തന്നങ്ങു തുടങ്ങി :
" ചായ കുടിക്കു"
"മ് , കുടിക്കാം " 
പിന്നേം അമ്മയെ നോക്കുന്നു. ഇടക്ക് എന്‍റെ മുഖത്തേക്ക് നോക്കിയിട്ട് നമ്രമുഖനായി ഇരിക്കുന്നു.കയ്യിലെ ചായക്കപ്പ് നിര്‍ത്താതെ തിരിയുന്നുണ്ട്‌. ഒരക്ഷരം മിണ്ടണ ലക്ഷണം ഇല്ല.ഈ ഇന്റര്‍വ്യൂ ഞാന്‍ തന്നെ എടുക്കേണ്ടി വരും.
"എവിടെയാ വര്‍ക്ക് ചെയ്യുന്നത്?"
 "കാക്കനാട്"
 "സെസില്‍ ആണോ?"
"അതേ"
" ഓകെ ഫൈന്‍, ചായ കുടിക്കൂ"
" മ് , കുടിക്കാം "
 പിന്നേം ആ ഗ്ലാസ്‌ കയ്യില്‍ പിടിച്ചു തിരിക്കുന്നുണ്ട് .ലെവള് ഇനി കിട്ടിയ സമയത്ത് ഈ കുഞ്ഞിരാമാനേം 10ടിപ്സ് പഠിപ്പിച്ചു കാണുവോ? നാണിച്ച മുഖം ,നോ വള വളാ സംസാരം, ചോദിക്കുന്നതിനു മാത്രം ഉത്തരം, ഇങ്ങോട്ട് ഒന്നും ചോദിക്കുന്നും ഇല്ല, വിരല്‍ ഞൊടിക്കുന്നതിനു പകരം കപ്പ്‌ തിരിക്കുന്നും ഉണ്ട്..
" സെസില്‍ ഏത് കമ്പനിയിലാ?"
"കെ. മേനോന്‍ & കോ ടെക്സ്ടയില്‍  എക്സ്പോര്‍ട്സ് "
"എന്താ ചായ കുടിക്കാത്തെ? ചൂടാണോ?"
 [ ആത്മഗതം : ഇനി എന്നെ കണ്ടു പേടിച്ചിട്ടാരിക്കുവോ..ഹും ലവള്‍ടെ ഒരു മയ്ക്കപ്പ് ]
" ഏയ്‌ അല്ല "  പിന്നേം അമ്മേ നോക്കുനുണ്ട്..ഭാഗ്യം ചായ കുടിച്ചു തുടങ്ങി. 
" എന്നോടൊന്നും ചോദിക്കാനില്ലേ?"
വീണ്ടും ചായക്കപ്പ് തിരയാന്‍ തുടങ്ങി ഏതായാലും ആ ടെക്കനിക്ക് ഏറ്റു കുഞ്ഞിരാമന്‍ വാതുറന്നു.
" വര്‍ക്ക് ചെയ്യുന്നുണ്ട് അല്ലെ? ഡീട്ടെയ്ല്‍സ് ഒക്കെ അമ്മ പറഞ്ഞിരുന്നു."  പിന്നേം അമ്മേടെ നേര്‍ക്ക്‌ നോട്ടം നീളുന്നു. കുഞ്ഞിരാമന്റെ ചാര്‍ജ് തീര്‍ന്നെന്നാ തോന്നുന്നേ. ആ കപ്പ്‌ കറക്കി കറക്കി നിലത്തിടും ചിലപ്പോ.ഇനിയും ഞാന്‍ ആ കുഞ്ഞിരാമനെ ചോദ്യംചെയ്തു ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങള്  വല്ല സേതുരാമയ്യര്‍ ഫാമിലിയിലും പെട്ടവര്‍  ആണെന്ന് തെറ്റിദ്ധരിക്കും
മക്കളുടെ നൊമ്പരങ്ങള്‍ ആദ്യം അറിയുന്നത് അമ്മമാര്‍ ആയിരിക്കും എന്നാ കോണ്‍സെപ്റ്റ് ശെരി വെച്ചുകൊണ്ട് ദേ അമ്മായിഅമ്മ ക്യാരക്ടര്‍ രംഗപ്രവേശം ചെയ്തു. ചായക്കപ്പിന്റെ കറക്കം നിര്‍ത്തി കുഞ്ഞിരാമന്‍ ചായ കുടിച്ചു.അപ്പോഴേക്കും കാലൊക്കെ താഴെവെച്ചു മുഖം കുനിച്ചു 10 ടിപ്സ് ഞാന്‍ പുറത്തെടുത്തു.
അങ്ങനെ വളരെ സമാധാന പരമായി ആ പെണ്ണുകാണല്‍ അവിടെ അവസ്സാനിപിച്ച് അവര് ഇറങ്ങുവാണെന്നു കേട്ടപ്പോതന്നെ ആ ഫാന്‍സി ഡ്രസ്സ് അവസാനിപ്പിക്കാന്‍ ഉള്ള ആന്തരികവും ഉത്കടവുമായ വ്യഗ്രതയില്‍ കാതില്‍ കിടന്ന കുണ്ടലങ്ങളൊക്കെ ഊരി കയ്യില്‍ പിടിച്ചു ഉണ്ട കണ്ണുകളുടെ രൂക്ഷനോട്ടത്തെ അവഗണിച്ചു അവരെ ഗെയ്റ്റില്‍ ചെന്ന് യാത്രയാക്കി.
ഹൊ സമാദാനം ഇനി ഈ സാരിക്കകത്തൂന്നു ഒന്ന് ഇറങ്ങി കിട്ടണം ..പണ്ടാരം ചൊറിയണ്. രാവിലെ ഒരു മണിക്കൂറിന്റെ അദ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ സാരി തജ്മഹല്‍ വെറും നിമിഷങ്ങള്‍ കൊണ്ട് നിലംപരിശാകി..ഉച്ചവരെ നീണ്ടു നിന്ന സാരി പീഡനത്തില്‍ നിന്നുള്ള വേഷപകര്‍ച്ച..ആഹ എന്തൊരാശ്വാസം.
" അപ്പോഴേക്കും ഡ്രസ്സ് മാറ്റിയോ ,നീ സാരി ഉടുത്ത ഒരു ഫോട്ടോ എടുക്കണംന്നു വിചാരിച്ചതാരുന്നു ."
"ചിന്നു ചേച്ചീ ചെക്കനെ കുറിച്ചുള്ള   അഭിപ്രായം??"
"ലജ്ജാവഹം"
"എന്താ ആ പയ്യനൊരു കുഴപ്പം കണ്ടാലേ അറിയാം പാവമാണെന്ന്" 
"എന്നാലേ അമ്മ കല്യാണം കഴിച്ചോ .നിങ്ങള് നല്ല മാച്ചാ, അച്ഛനോട്‌ ഞാന്‍ പറഞ്ഞോളാം."
"അച്ഛനും പയ്യനെ ഇഷ്ടപ്പെട്ടു"
"ഓഹോ അപ്പൊ കാര്യങ്ങള്‍ എളുപ്പായി."
 "ഒറ്റക്കിരുന്നു സംസാരിച്ചപ്പോ ചിന്നു ചേച്ചിക്ക് പെടിയുണ്ടാരുന്നോ?"
ആ പെയ്സ്ട്രി അവര് കഴിച്ചു തീര്‍ക്കുവോന്നു  പേടി ഉണ്ടാരുന്നു "
അങ്ങനെ ആ മണവാളന്‍ കുഞ്ഞിരാമന്റെ SWOT അനാലിസിസ് നടത്തികൊണ്ടിരുന്നപ്പോ ഒരു കോളിംഗ് ബെല്ല്. ഇതിനി ആരാണാവോ.
"ചിന്നു, നീ അവിടെ ഇരുന്നാമതി ഞാന്‍ നോക്കാം"
"അതെന്നാ ഞാന്‍ നോക്കിയാല്‍,അമ്മ ആ പെയ്സ്ട്രി ഒക്കെ എടുത്തു അകത്തു വെക്ക്, ആരേലും വന്നാല്‍ കൊടുക്കാന്‍ മാത്രം ഇല്ല."
എന്‍റെ ഈശോ ഗുരുവായൂരപ്പാ കതകുതുറന്നപ്പോ ദേ നിക്കുന്നു കുഞ്ഞിരാമനും അമ്മാവന്മാരും അടക്കം ഒരു ടവേര നിറയെ ആളുകള്‍.ഇവരെയല്ലേ ദൈവമേ ഞാന്‍ കുറച്ചു മുന്‍പ്‌ ടാറ്റ കൊടുത്തു യാത്രയാക്കിയത്.ഇവര് പോയില്ലാരുന്നോ ??!!വാക്സ് മ്യൂസിയത്തിലെ പ്രതിമകണക്കെ നില്‍ക്കുന്ന എന്നെ അവരൊക്കെ അടിമുടി നോക്കുന്നുണ്ടോ എന്നൊരു സംശയം.10ടിപ്സ്...?? തല കുനിക്കണോ?! കൈ വിരല് ഞൊടിക്കണോ? ചിരിക്കണോ? അങ്ങോട്ട്‌ വല്ലോം ചോദിക്കണോ? എന്താപ്പാ ചെയ്കാ? എന്താണാവോ ഈ രണ്ടാം വരവിന്‍റെ ഉദേശം? ഇന്നുതന്നെ എന്നെ കല്യാണം കഴിച്ചോണ്ട് പോകാന്‍ ആരിക്കുവോ? എല്ലാവരുടെയും നോട്ടം എന്‍റെ കോസ്റ്റ്യൂമിലേക്ക് തന്നെ സംശയം ഇല്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ മുഖഭാവവും "പുച്ഛരസത്തിലോട്ടു" വഴിമാറുന്നുണ്ടോ
"മോളെ ശൈലജെടെ [ കുഞ്ഞിരാമന്റെ അമ്മ ] ഹാന്‍ഡ് ബാഗ് ഇവിടെ വെച്ച് മറന്നു, കുറച്ചു ചെന്നപ്പോഴാ ഓര്‍ത്തെ അതെടുക്കാന്‍ വന്നതാ."
 ബാഗ് ഒക്കെ എടുത്തു കൊടുത്ത് അവരെ വീണ്ടും യാത്രയാകി .സന്തോഷം. "ശേ അവര് എന്ത് വിചാരിച്ചുകാണും, നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ചിന്നു ഇമ്മാതിരി നിക്കറും ഇട്ടോണ്ട് ഇവിടെങ്ങും നടക്കരുതെന്നു"
" നിക്കറോ , വോട്ടിസ് ദിസ് അമ്മ ,ഇത് ത്രീ ഫോര്‍ത്താ"
" എന്ത് ഫോര്‍തായാലും കൊള്ളാം ഇനി മേലാല്‍ ഇമ്മാതിരി വേഷംകെട്ടല് കണ്ടുപോകല്ലും ."
അതിനു ഇവരിങ്ങനെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഞാന്‍ അറിഞ്ഞോ?"
" ചിന്നു ചേച്ചീ, 11th  ടിപ്പ് ത്രീ ഫോര്‍ത്ത് ഇട്ടാല്‍ കല്യാണം മുടങ്ങും"
"അവള്‍ടെ ഒരു ടിപ്പ് മിണ്ടാതിരുന്നോണം അവിടെ തടിച്ചി." 
"എന്തുവാണേലും ചിന്നു ചേച്ചീ ഡ്രസ്സ് നന്നായിട്ടുണ്ട്  ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍  'മ്ലേച്ചം..' !!"