കുടുംബത്തിലെ ഏക പെണ്‍തരിയെന്ന ലേബലില്‍ അഹങ്കാരത്തോടും അഭിമാനത്തോടും കൂടെ ഞാന്‍ അങ്ങനെ സര്‍വാധിപതിയായ് വാഴവെ 1994 ലെ ഒരു മെയ്മാസപ്പുലരിയില്‍ പ്രകൃതി ദുരന്തം പോലെ ഒരു തിരുപ്പിറവി..! ദുഷ്ഠ ശക്തികളുടെ ആഭിചാരം കൊണ്ടോ , ശനിയുടെ അപഹാരം ഉള്ളതിനാലോ അതോ ശുക്രന്‍ ഉറങ്ങിപോയതോ എന്തോ എന്‍റെ സകല പ്രാര്‍ഥനകളും, പ്രതീക്ഷകളും, വഴിപാടുകളും വെള്ളത്തില്‍ തറക്കപ്പെട്ട വെറും മുള്ളാണികള്‍ ആക്കികൊണ്ട് അവതരിച്ചത് ഒരു "സ്ത്രീജന്മം"- പൊന്നു - ഹും, ജനിച്ചതേ എനിക്കിട്ടു പണിതോണ്ട്..!!
എന്‍റെ ഏകാതിപത്യത്തിനു അവിടെ തിരശ്ശീല വീണു, സര്‍വാധികാരത്തിന് വിള്ളലുകള്‍ വീണു, സിംഹാസനം ആടി തുടങ്ങി, തേനേ പലേന്നും പറഞ്ഞു എന്നെ കൊഞ്ചിച്ചോണ്ട് നടന്നവരൊക്കെ ഇപ്പൊ ഒന്ന് മൈന്‍ഡ് ചെയ്താലായി ..പൊന്നല്ല അവള് തുരുമ്പാ, വെറും തുരുമ്പ് !!
ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള്‍ , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍. [ജനിച്ചപ്പൊ യെവളെക്കാള്‍ ഭംഗി എനിക്കാരുന്നു] കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമോ എന്തോ അന്നുതൊട്ടിന്നുവരെ "ചിന്നു ചേച്ചീന്നു" ബാക്ക് ഗ്രൌണ്ട് മ്യൂസികും ഇട്ടുവരുന്ന ബോബനും മോളിയും പട്ടി കണക്കെ എന്‍റെ ജീവിതത്തിലെ എല്ലാ ഫ്രെയിമിലും അവളുടെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിധി!!
സാധാരണയിലും അല്‍പ്പം വൈകിയാണ് 'ലെവള്' സംസാരിച്ചു തുടങ്ങിയത്, അതും ദൈവംതമ്പുരാന്‍ പോലും ജനിക്കുന്നതിനു മുമ്പുള്ള ഏതോ ഭാഷേല്‍.'യെവള് കഴിഞ്ഞ ജന്മത്തീ വല്ല ആദിവാസി ഗോത്ര തലൈവിയും ആരുന്നോന്നു എനിക്ക് സംശയം ഒണ്ട്. എന്താന്നറിഞ്ഞുകൂടാ എന്നെക്കണ്ടാ അപ്പന്നെ 'ലവള്' അരുതാത്തത് ഏതാണ്ട് കണ്ടപോലെ മൂക്കും ചുളിച്ചു "ഛീ ഛീ" ന്നു ശബ്ദം ഉണ്ടാക്കി വെപ്രാളം കാണിക്കാന്‍ തുടങ്ങും . ഹും മ്ലേച്ചത്തി , മൂത്തവരെ ബഹുമാനിക്കാന്‍ അറിയാത്തവള്‍, യെവളെ ഒക്കെ നരകത്തിക്കൊണ്ടുപോയി സൂജിയേക്കൊരുത് ബാര്‍ബിക്ക്യു ആക്കണം. [ അവളുടെ ഭാഷയില്‍ ഈ "ഛീ" യുടെ അര്‍ത്ഥം "ചേച്ചി" എന്ന് ആണെന്ന നഗ്നന സത്യം അല്പം വൈകിയാണേലും ഞാന്‍ തിരിച്ചറിഞ്ഞു ..പാവം കൊച്ച് ,വിചാരിച്ചത്ര മ്ലേച്ചത്തി അല്ല..] .
മനുഷ്യരുടെ ഭാഷ ഒരുവിധം ഒക്കെ പഠിച്ചെങ്കിലും ചില വാക്കുകളും അക്ഷരങ്ങളും ഒക്കെ അവളുടെ ഡിക്ഷനറിയില്‍ മിസ്സിംഗ് ആയിരുന്നു.അങ്ങനെ മിസ്സായിപ്പോയ ഒരു അക്ഷരമായിരുന്നു "ക". "ക" വരുന്ന ഭാഗം ഒക്കെ "ച" കൊണ്ട് അഡ്ജസ്റ്റ് ചെയ്തവള്‍ പിടിച്ചുനിന്നു..ബുദ്ധിമതി!! 'കാലിനു' 'ചാലെന്നും' , 'കൈക്ക്' 'ചൈയെന്നും' ഒക്കെ പറഞ്ഞു വെറും ഒരു 'ക' യുടെ മുന്നില്‍ തോല്‍ക്കാതെ പൊന്നു പൊരുതി.
"ചിന്നു ചേച്ചീ ,ചിന്നു ചേച്ചീ, ചാച്ച ചവറെ ഇര്‍ക്കണ്, എത്തോണ്ട് പൂം, ബാ"
ഗോത്രഭാഷ കുറച്ചൊക്കെ എനിക്കും മനസ്സിലായി തുടങ്ങിയിരുന്നു.
"കുഴപ്പം ഇല്ല പൊന്നുവേ ചവറല്ലേ"
"ല്ല മ്മടെ ചവറാ , എത്തോണ്ട് പൂം".
കാക്കക്കെന്നാ മുന്‍സിപ്പാലിറ്റീല് ജോലി കിട്ട്യാ ഓരോ വീട്ടിലും കേറി നടന്നു ചവറെടുക്കാന്‍.പാവം കാക്ക, അത് വല്ല ചവറും കൊത്തി എടുത്തോണ്ട് പോണേനു യെവളെന്തിനാ ഈ കെടന്നു തുള്ളണെ.കാക്കേപ്പോലും ജീവിക്കാന്‍ സമ്മതിക്കൂല്ല ,ദുഷ്ഠത്തി..ഹൊ!
അമ്മമ്മേടെ ദൃക്സാക്ഷിവിവരണോം പരിഭാഷപ്പെടുത്തലും ഒക്കെ കേട്ടപ്പൊഴാ കാര്യം മനസ്സിലായെ ; മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന പില്ലോ കവറില് കാക്ക വന്നു ഇരുന്നത്രേ , ഇനി കാക്ക അതെങ്ങാനും കൊത്തി കൊണ്ട് പോകുവോന്നും പേടിച്ചാ ലെവള് 'ചാച്ച മ്മടെ ചവറ് എത്തോണ്ട് പോകുംന്നു ' പറഞ്ഞു ഈ പുകിലെല്ലാം ഉണ്ടാക്കിയത്.
"കുഞ്ഞാണേലും അതിനു നല്ല ശ്രദ്ധയാ" അവക്കങ്ങനെ അമ്മമ്മേടെ സ്വഭാവസര്‍ട്ടിഫിക്കറ്റും കിട്ടി. [ആ പറഞ്ഞത് ഇന്‍ഡയറകറ്റ് ആയിട്ട് എനിക്കിട്ട് ഒന്ന് വെച്ചതല്ലേന്നു ഒരു സംശയം]
ഇവള് പറയുന്നതിന്റെ ഒക്കെ മലയാളം പരിഭാഷ കണ്ടുപിടിക്കല്‍ ഒരു അഭ്യാസം തന്നാരുന്നു. അന്നെനിക്ക് "ചെക്കോസ്ലോവാക്യ" അറിയാഞ്ഞത് അവള്‍ടെ ഭാഗ്യം അല്ലെ അത് പറയിച്ച് അവളെ പീഡിപ്പിച്ചു ഞാന്‍ രസിച്ചേനെ..ഹൊ!
എന്‍റെ തലക്കുമീതെ ചാഞ്ഞ ഒരു ആല്‍മരം കണക്ക് അവളങ്ങനെ വളര്‍ന്നു വന്നു. നാക്കുകൊണ്ട് നിരന്തരമായുള്ള യോഗാഭ്യാസത്തിന്റെ ഫലമായ് നഴ്സറി ക്ലാസ്സില്‍ എത്തും മുന്നെതന്നെ അവള്‍ "ക"യെ തോല്‍പ്പിച്ചെങ്കിലും ചിലവാക്കുകള്‍ ഒക്കെ അപ്പോഴും പൊന്നുവിന് വഴങ്ങാതെതന്നെ നിന്നു.
"പൊന്നൂ, മൃഗങ്ങളുടെ രാജാവരാ?"
"ശിഗ് മം"
" പൊന്നൂ പറഞ്ഞേ, 'സിം' ..'ഹം' , 'സിംഹം''.
" 'ശിം'..'ഹം' 'ശിഗ് മം'"
ഓരോരോ കടിച്ചാല്‍പൊട്ടാത്ത വാക്കുകളും കണ്ടുപിടിച്ചോണ്ടുവന്നു അവളെ കൊണ്ട് പറയിക്കുന്നത് ഞാന്‍ വല്ലാതെ ആത്മസംതൃപ്തി കണ്ടെത്തിയ ഒരു വിനോദം ആയിരുന്നു, തുമ്പിയെ കൊണ്ട് കല്ലെടുപ്പികുമ്പോ കിട്ടണ ഒരു നിര്‍വൃതി..ഹായ്!! 'ദൃഷ്ട്ടധ്യുംനന്‍ ' അവളുടെ ഭാഷേല്‍ 'ദുഷ്ഠ ത്തിരുമനും', 'ദുഷ്യന്തനും ശകുന്തളയും' അവള്‍ക്ക് 'ദുന്തശ്ശനും ശദുന്തളേം' ഒക്കെ ആയിരുന്നു ഒരുകാലം വരെ.
വളര്‍ന്ന്‍ ഒരു 6ലും 7ലും ഒക്കെ ആയപ്പോഴേക്കും ബാക്കിയുള്ളവരെ മലയാളം പഠിപ്പിക്കാറായി അവള്‍.അങ്ങനെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല പ്രസംഗ മത്സരത്തില്‍ ഹരിപ്പാട് ഉപജില്ലയെ പ്രതിനിധീകരിച്ച് 'അവള്‍' മത്സരിക്കുന്നിടം വരെ എത്തി കാര്യങ്ങള്‍! കലികാല വൈഭവം എന്നല്ലാതെ ഇതിനൊക്കെ എന്നാപറയാനാ. 'യെവളെങ്ങാണം ഇനി വല്ല മലയാളം മുന്‍ഷിയോ മറ്റോ ആയേക്കുവോ, ഭഗവാനേ??!!'
"പൊന്നു, ടോപിക്ക് എന്താണ് വല്ലോം അറിഞ്ഞോ ?"
"എന്‍റെ ചിന്നു ചേച്ചി, ഈ പ്രസംഗ മത്സരം എന്ന് പറയുമ്പോ സംസ്കാരീക സാമൂഹീക പ്രശ്നങ്ങളെ കുറിച്ച് നേരത്തെ എഴുതിപഠിച്ചോണ്ടുവന്ന് മൈക്കിന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു വലിച്ചു കീറി മുറിച്ചു നാക്കിട്ടടിച്ചു മാര്‍ക്കിടാന്‍ ഇരിക്കുന്നവരേം കേള്‍ക്കുന്നവരേം പ്രാന്ത്പിടിപ്പിച്ച് കിടത്തി ഉറക്കുന്ന ആ പഴേ പണിയൊന്നും അല്ല ,ഇത് സ്പോട്ട് പ്രിസന്‍റെഷനാ , സ്റ്റേജില്‍ കയറുന്നതിനു ഒരു മൂന്നാല് മിനിറ്റ് മുന്നേ ടോപിക്ക് തരൂ, ഒരു വേഡ് ആരിക്കും തരുന്നേ അഞ്ച് മിനിറ്റ് അതിനെ കുറിച്ച് നിര്‍ത്താതെ സംസാരിക്കണം."
ഇവള്‍ടെ ഈ നാക്കിട്ടടി കേള്‍ക്കുമ്പോ അമ്മേടെ മുഖത്ത് മകളെ കുറിച്ചോര്‍ത്തുള്ള അഭിമാനം പടര്‍ന്നു കേറുന്നത് എനിക്ക് കാണാമായിരുന്നു അതോടൊപ്പം പേരറിയാത്ത ഏതോ ഒരു വികാരം എന്‍റെ മനസ്സിലും പടര്‍ന്നു കത്തി.
ആലപ്പുഴ തിരുവമ്പാടി H.S.S ആണ് വേദി. റേഡിയോ ജോക്കികളെ പോലെ കണ്ണില്‍കണ്ടതിനെക്കുറിച്ചെല്ലാം നിര്‍ത്താതെ സംസാരിച്ചു അശ്രാന്ത പരിശീലനം നടത്തിയാണ് ഹരിപ്പാടിന്റെ സ്വന്തം പൊന്നു തട്ടില്‍ കേറാന്‍ പോണത്.ഒടുവില്‍ അനൌന്‍സ്മെന്റ് വന്നു
"ചെസ്റ്റ് നമ്പര്‍ 8 ഫസ്റ്റ് കോള്‍." ഒറ്റവിളിക്ക് തന്നെ പൊന്നു ഹാജര്‍ ഒണ്ട്.
"ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 8 ഓണ്‍ സ്റ്റേജ് ."
"ബഹുമാനപ്പെട്ട സദസ്സിനു എന്‍റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്."
"പുല്ലിപ്പുളിയോ'??!! അതെന്താണാവോ സാധനം?! " അമ്മക്ക് സംശയം .
" എനിക്കറിഞ്ഞൂടാ അമ്മ അവള് പറയുന്നെ കേക്ക്."
"പൊന്നു ഏതായാലും രാജധാനി എക്സ്പ്രേസ്സ്പോലെ അടിച്ചുവിട്ടു പോകുന്നോണ്ട്.എന്നാലും എന്താണാവോ ഈ പുല്ലിപ്പുളി.?!" അമ്മേടെ സംശയം മാറുന്നില്ല.
"ഘോരവനപ്രദേശങ്ങളില്‍ ആണ് പുല്ലിപ്പുളികള്‍ സാധാരണയായി കണ്ടുവരാറുള്ളത്."
"ഓഹോ, അപ്പൊ ഏതോ വനവിഭവമാ ചിന്നുവേ , ഏതോ ടൈപ്പ് കാട്ടു പുളിയാണ് സംഭവം, സ്കൂളില്‍ ഇപ്പൊ പ്രോജെക്റ്റും അസൈന്‍മെന്‍റ്സും ഒക്കെ കൊടുക്കുന്നോണ്ട് പിള്ളേര്‍ക്ക് മരങ്ങളേം ചെടികളേം ഒക്കെ പറ്റി നല്ല അറിവാ, അല്ലാതെ നിന്നെ പോലെ തെങ്ങേതാ മാവേതാന്നു അറിയാതവളല്ല എന്‍റെ പൊന്നു."
"പുറമേ കറുത്ത പുള്ളികള്‍ ഉള്ളതിനാല്‍ അവയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല മറ്റു വര്‍ഗങ്ങളെ അപേക്ഷിച്ച് അവക്ക് വലുപ്പക്കുറവുമാണ്.മഴക്കാടുകളിലെ ജലാശയ തീരങ്ങളിലും , പുല്‍മേടുകളിലും ഒക്കെയാണ് പുല്ലിപ്പുളികള്‍ വളരാറുള്ളത് എങ്കിലും ഉഷ്ണമേഖലാവനപ്രദേശങ്ങളിലെ കാലാവസ്ഥയെയും അതികഠിന ശൈത്യതെയും അതിജീവിക്കാനുള്ള കഴിവ് പുല്ലിപുളികള്‍ക്കുണ്ട്. ആഫ്രിക്ക, സൈബീരിയ , ഇന്ത്യ, ഇന്തോനേഷ്യ ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലും ഇവയെ കാണാം.വര്‍ദ്ധിച്ചു വരുന്ന വനനശീകരണം പുല്ലിപ്പുളികളെ ഇന്ന് വംശനാശഭീഷണിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.പുല്ലിപ്പുളികളെ സംരക്ഷിക്കുന്നതിനായി പല പദ്ധതികളും നമ്മുടെ ഗവര്‍ന്മെന്റ് ഇന്ന് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ വൈകിയ വേളയില്‍ എങ്കിലും പുല്ലിപ്പുളികളുടെ സര്‍വനാശം എന്ന വിപത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഇന്ത്യ ഗവര്‍ന്മെന്റ് തയ്യാറാകുന്നു എന്നത് തന്നെ ആശ്വാസജനകമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ,നന്ദി നമസ്ക്കാരം."
"ഹോ അവള് തകര്‍ത്തു അല്ലെ ചിന്നുവേ?"
"ഇനിയും പിള്ളേര് മത്സരിക്കാന്‍ ഒണ്ടെന്നു അമ്മ മറക്കണ്ട"
"എന്നാലും ചിന്നുവേ നിനക്ക് അറിയത്തില്ലല്ലോ ഈ പുല്ലിപുളി എന്തുവാന്നു, അതിനെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വരെ ഉണ്ടെന്നു !!"
" ആ ഞാന്‍ കേട്ടിട്ടില്ല"
" വീട്ടില്‍ ഒന്നുരണ്ടു കുടംപുളി വെച്ച് പിടിപ്പിക്കണം ഏതായാലും,അന്താരാഷ്ട്ര വിപണിയില്‍ ഇനി പുളിയുടെ വില കൂടാണോ മറ്റോ പോകുവാരിക്കും ,പൊന്നുനോട് ചോദിക്കണം "
"ഓ, പിന്നെ, അവളല്ലേ അന്താരാഷ്ട്ര വിപണി നോക്കി നടത്തുന്നത്, ഒന്ന് പോ അമ്മേ"
"ഹും, നിനക്ക് അസ്സൂയയാ, കൊച്ചാണേലും അവക്ക് നല്ല ജി .കെ യാ. "
"അമ്മേ, ചിന്നു ചേച്ചീ, ഇനി ഇവിടെ നിക്കണ്ട ബാ പോകാം."
"അപ്പൊ റിസള്‍ട്ട് അറിയണ്ടായോ?"
"ഓ, റിസള്‍ട്ട് , അതിനി അറിയാന്മാത്രം ഒന്നും ഇല്ല ,ബാ പോകാം."
"എന്നാലും എന്നതാ മോളുവേ ഈ പുല്ലിപുളി?"
" ഓ, അമ്മേ അത് പുല്ലിപുളീം നെല്ലിപ്പുളീം ഒന്നും അല്ല ,സംഭവം വേറെയാ ഞാന്‍ അങ്ങ് അഡ്ജസ്റ്റ് പറഞ്ഞതാ, ചിന്നു ചേച്ചീ , ഈ ലെപ്പേഡിന്‍റെ മലയാളം എന്തുവാ ? "
" ലെപ്പേഡോ? പുള്ളിപ്പുലി..."
" ആ അതുതന്നെ ആ സാധനത്തിന്റെ പേരാണെങ്കില്‍ എനിക്ക് പറയാനും പറ്റണില്ല, പിന്നെ അവസാനം 'പുലിയെക്കുറിച്ചാണോ' 'പുളിയെക്കുറിച്ചാണോ' പറയുന്നതെന്ന് ആ ടോപ്പിക്ക് കണ്ടുപിടിച്ചവന് പോലും സംശയം തോന്നുന്ന വിധത്തില്‍ ഞാന്‍ അങ്ങ് തട്ടിവിട്ടതാ,അല്ലപിന്നെ പൊന്നൂനോടാ കളി , ഇവിടെ നിക്കണ്ട ബാ നമുക്ക് പോകാം."
അമ്മേടെ മുഖത്ത്ചെറുതായി ചുവപ്പ് നിറം പടര്‍ന്നു കേറുന്നത് എനിക്ക് കാണാം ഒപ്പം എന്‍റെ മനസ്സില്‍ ചിരി പോലെ ഏതോ പേരറിയാത്ത വികാരവും.
"മോള്‍ വല്യ ജി .കെ ക്കരിയാന്നും പറഞ്ഞു നടന്നിട്ട് ഇപ്പൊ എന്തായി, ഹോ ഞങ്ങക്കൊന്നും ജി.കെ ഇല്ലാലോ, നമ്മളൊക്കെ പാവങ്ങള് ."
" നീ ഇനി ഇതും പറഞ്ഞു കൊച്ചിനെ കളിയാക്കാന്‍ ഒന്നും നിക്കണ്ട".
"ഓ ഞാന്‍ ഇനി ആരേം കളിയാക്കാന്‍ ഒന്നും ഇല്ലെന്‍റെ ദൈവേ, ഇവള് വല്യ താരം അല്ലിയോ?" [ആത്മഗതം : വെറും താരം അല്ല അവളൊരു അവതാരവാ, മത്തങ്ങാതലച്ചി]
"ചിന്നു ചേച്ചീ ,നമുക്കിവിടെ നിക്കണ്ട ബാ പോകാം"
പിന്‍കുറിപ്പ് അഥവാ മരണമൊഴി : ഈ പോസ്റ്റ് ഇട്ടതിനു ശേഷം എന്നെ കാണാതായാല്‍ അതിനു പിന്നില്‍ രണ്ട് ഉണ്ടകണ്ണുകളും ഒരു മത്തങ്ങാ തലയും പിന്നെ വെളുത് തടിച്ച രണ്ട് കൈകളും ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.എന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.