നീ എത്തിയല്ലേ മഹേഷ് , എത്ര നേരായെന്നോ ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെ തിരയാന്‍ തുടങ്ങീട്ട്?? കാത്തിരുന്നു മടുത്തു . താമസിച്ചപ്പോ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോന്ന് പേടിച്ചു , നീ വരുവോളം കാത്തിരിക്കാന്‍ ആവില്ലലോ ഇന്നെനിക്ക് !! നിനക്കെന്നും തിരക്കല്ലേ ?എങ്കിലും മനസ്സ് പറയുന്നുണ്ടായിരുന്നു , എത്ര തിരക്കിനിടയിലും എന്‍റെയടുത്തെക്ക് വരാതിരിക്കാന്‍ നിനക്ക് കഴിയില്ലെന്ന് ........!!!
മഹേഷ് , എന്‍റെ അടുത്ത് വരാന്‍ നിനക്കെന്തിനാ ഈ ചുരുളന്‍ മുടിക്കാരിയുടെ കൂട്ട്?? അതും ഈ പെരുമഴയത്ത്. നീ എന്തിനാ അവളെ വെറുതേ ബുദ്ധിമുട്ടിച്ചത് , തനിച്ചു വന്നാല്‍ മതിയായിരുന്നില്ലേ , ഇന്നെങ്കിലും? നമ്മുടെ പ്രണയം , എന്നും നമ്മള്‍ മാത്രം അറിഞ്ഞിരുന്ന ഭംഗിയുള്ള ഒരു രഹസ്യമായിരുന്നില്ലേ ??!! ചുറ്റും ഉള്ളവര്‍ക്ക് എന്തിനു അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പിടികൊടുക്കാതെ ദൂരെ മാറിനിന്നു നമ്മള്‍ ആസ്വദിച്ച രഹസ്യം - നമ്മുടെ രഹസ്യം ....!!
മഹേഷ് നിനക്ക് പ്രിയപ്പെട്ടതെല്ലാം ഞാനിന്ന് അണിഞ്ഞിട്ടുണ്ട്.. മഞ്ഞിന്‍റെ വെളുപ്പുള്ള സല്‍വാര്‍
, കറുത്ത പൊട്ട്, അലെക്ഷ്യമെന്നു തോന്നുംവിധം ശ്രദ്ധയോടെ അഴിച്ചിട്ട നീളന്‍മുടി , കരിവളകള്‍ , നീയേറെ ഇഷ്ടപെടുന്ന എന്‍റെ "fetching eyes" മഷിയെഴുതിയിട്ടുണ്ട് ഭംഗിയായി .ദേ കാലില്‍ കൊലുസ്സണിഞ്ഞിട്ടില്ല ഇന്നും. മഹേഷ്, നിനക്ക് പ്രിയപ്പെട്ടവയെല്ലാം എന്നും എന്‍റെ ഹൃദയത്തോട് ചേര്‍ന്നുതന്നെയുണ്ടാവും.
നമ്മള്‍ ഒരുമിച്ചുള്ള ഓരോ നിമിഷത്തിനും പ്രണയത്തിന്‍റെ ഭ്രാന്തന്‍ സൗന്ദര്യം എവിടെനിന്നൊക്കെയോ അലിഞ്ഞുചേര്‍ന്നിരിക്കുന്നു അല്ലെ ..??!! ഇപ്പൊ നോക്കു മഹേഷ് , പ്രകൃതിയും നമുക്കൊപ്പം ഈ നിമിഷത്തെ സുന്ദരം ആക്കുന്നില്ലേ ?? അന്തരീക്ഷത്തിലെ സുഖം ഉള്ള ഒരു തണുപ്പ് നീ അറിയുന്നില്ലേ ..നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ ..??!! കാലംതെറ്റിയെത്തിയ ഈ മഴ പോലും ,നീ എന്‍റെ ചേതനയറ്റ ശരീരം കാണാനെത്തിയ ഈ നിമിഷത്തെ - നമ്മുടെ അവസാന കൂടിക്കാഴ്ച്ചയെ ഭംഗിയുള്ളതാക്കുന്നില്ലേ ..??!! നമ്മളാദ്ധ്യം കണ്ടനാളിലും ഇത് പോലെ ഭംഗിയായി മഴ പെയ്തിരുന്നു ...!!!!
നോക്കു മഹേഷ് , പോസ്റ്റ് മോര്‍ട്ടം ടേബിളില്‍ തുന്നിച്ചേര്‍ത്ത എന്‍റെയീ ശരീരത്തിനും ഇല്ലേ രാവിനെ പോലെ ഭംഗി , മഴയുടെതുപോലെ തണുപ്പ് ..നിന്‍റെ വലതുകൈ ചേര്‍ന്നു നനഞ്ഞൊട്ടി നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയെക്കാളും സുന്ദരിയായിരിക്കുനില്ലേ ഞാനിന്നു - മഴയുള്ള ഒരു രാത്രി പോലെ ...??!!
നീ കാണുന്നില്ലേ ചോദ്യങ്ങളുമായി ഒരുപാട് മിഴികള്‍ നമുക്ക് ചുറ്റും? നീ മാത്രം അറിയുന്ന എന്‍റെ മനസ്സറിയാനുള്ള വ്യഗ്രതയിലാണവര്‍. എന്‍റെ ഉള്ളറിയാനാവും ആ പോലീസ് സര്‍ജെന്‍ന്‍റെ സര്‍ജിക്കല്‍ ബ്ലേഡ് പല തവണ ശ്രമിച്ചതും .. ലെറ്റ് ദെം ഗോ അഫ്റെര്‍ സംതിംഗ് ... ദേര്‍ ചെയ്സസ് വില്‍ ഏന്‍ഡ് അപ്പ് ഇന്‍ ഒബ്സ്ക്വയരിറ്റി , ഐ സ്വെയര്‍ ....മാറിനിന്നു നമ്മുക്ക് ചിരിക്കാം മഹേഷ്, പഴയത് പോലെ .ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അവര്‍ അലഞ്ഞോട്ടെ ..കാലം അതിന്‍റെ ഓര്‍മകളില്‍ നിന്നെന്നെയും ഞാന്‍ തിരഞ്ഞെടുത്ത ഈ നിദ്രയെയും മായ്ക്കും വരെ....
താലിയുടെ അവകാശവുമായി നിന്നെ ചേര്‍ന്നു നില്‍ക്കുന്ന ആ ചുരുളന്‍ മുടിക്കാരിയുടെ കണ്ണുകളിലും ഉണ്ട് ചോദ്യങ്ങള്‍ ...അവളോട് പറയൂ മഹേഷ്, "ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ,എന്‍റെ ജീവന്‍ നിന്നിലാണെന്ന് , നമ്മള്‍ പ്രണയിക്കുകയാണെന്ന്..... "
************************************************************************************
ടെയില്‍ പീസ്:
Everybody has der own ways to love...
മരണവും ചിലപ്പോഴൊക്കെ പ്രണയമാവാറുണ്ട് ചിലര്‍ക്കെങ്കിലുമൊക്കെ ...
ഇത് ഞാന്‍ കണ്ട ഒരു സ്വപ്നം