"ചിന്നൂ, നിനക്ക് ട്രെയിനില്‍ പോയാ പോരെ ? ബസ്സില്‍ ഇത്രേം ദൂരം ഒക്കെ...ക്ഷീണം ആരിക്കും ."
" ഒന്ന് പോ അമ്മാ, പാലക്കാട് വരെ അല്ലെ ഒള്ളു , പോരാത്തതിന് ഇന്ന് തിങ്കളാഴ്ചയും ട്രെയിനില്‍ ഒന്നും സൂചി കുത്താന്‍ ഇടം കാണില്ല. അല്ലേലും ഇപ്പൊ എന്നാ വിശ്വസിച്ചാ ട്രെയിനില്‍ ഒക്കെ പോണെ , എപ്പളാ പിടിച്ചു പീടിപ്പിക്കുന്നെന്നു പറയാന്‍ പറ്റൂല്ല , ടി .ടി .ആറുമാരാ ഇപ്പഴത്തെ വില്ലന്മാര് "
"ശെരിയാ ബസ്സ് കണ്ടക്ടര്‍മാരൊക്കെ നിഷ്കളങ്കന്‍മാരാണെന്ന് തോന്നുന്നു അല്ലേ ചിന്നു ചേച്ചി ?"
" പോടീ അവിടുന്ന്. അമ്മാ ,7 മണിക്ക് ഹരിപ്പാടൂന്നു ഒരു ബസ്സ് ഉണ്ട് ഞാന്‍ അതീ പോയിക്കോളാം, സ്റ്റാന്റിന്നു കേറിയാല്‍ തിരക്കും കാണില്ല."
"7 മണിക്കോ ദേ കൊച്ചു വെളുപ്പാന്‍കാലത്ത് എഴുന്നേറ്റു പോണെ ഒക്കെ കൊള്ളാം ഒച്ചേം ബഹളോം ഒണ്ടാക്കി എന്‍റെ ഉറക്കം എങ്ങാനം കളഞ്ഞാല്‍ ചേച്ചി ആണെന്നൊന്നും ഞാന്‍ നോക്കൂല പറഞ്ഞേക്കാം.യാത്ര പറയാന്‍ ഒന്നും നിക്കണ്ട വേഗം പോയിക്കോണം, ഹും"
( നിന്നെ ഞാന്‍ ഉറക്കാടി പിത്തകാടി : ആത്മഗതം)
* * * * *
"പോന്നൂ നീ എന്‍റെ ക്ലിപ്പ് എടുത്തോ ?"
" അവിടെങ്ങാനം കാണും പോയി നോക്ക് "
" പോന്നുവേ , എന്‍റെ ഷൂ എന്തിയെ?"
"ഞാന്‍ എടുത്തു പുഴുങ്ങിത്തിന്നു, ചേച്ചി ഒന്ന് പോന്നുണ്ടോ വെറുതെ മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്."
"പോന്നുവേ മതി ഉറങ്ങിയത് എഴുന്നേറ്റു വാ ഇവിടെ, ചിന്നു ദേ ഇറങ്ങാന്‍ പോവാ "
"വരുവാ അമ്മാ. ഞാന്‍ ഉറങ്ങുവൊന്നും അല്ല ചേച്ചി സെയിഫായിട്ടു അങ്ങെത്തണേന്നു പ്രാര്‍ത്ഥിക്കുവാരുന്നു!!"
ഹോ അവള്‍ടെ ഒരു പ്രാര്‍ത്ഥന ഈ പോണ പോക്കില്‍ ഞാന്‍ ഉടലോടെ അങ്ങ് പണ്ടാരം അടങ്ങണേന്നു ആരിക്കും , മത്തങ്ങാതലച്ചി. ഏതായാലും അവള്‍ടെ ഉറക്കം തൂങ്ങിയ മുഖം കാണാന്‍ നല്ല രസം ഒണ്ട് ..ഇഹു ഇഹു.
* * * * *
ബസ്സിനു നല്ല സ്പീടൊണ്ട് ഇങ്ങനെ പോയാല്‍ ഉച്ചക്ക് മുന്നേ പാലക്കാട് എത്തും.ബുള്ളറ്റ് ട്രെയിന്‍ ഒക്കെ ഇനി എന്നാത്തിനാ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് മതി എന്നാ പോക്കാ ഈ പോണെ!!
ടമാര്‍..പടാര്‍.. പ്ലാഷ്..ടിഷ്യൂം..ടിഷ്യൂം..
മൂക്ക് സീറ്റിന്റെ കമ്പിയില്‍ ഇടിച്ചത് മാത്രം ഓര്‍മ്മയുണ്ട്!!
ഉന്നംതെറ്റിയ ബുള്ളറ്റ് കണക്കെ എന്‍റെ കെ.എസ്.ആര്‍.ടി.സി ബുള്ളറ്റ് ട്രെയിന്‍ പാളം തെറ്റി ഒരു മരത്തിന്‍റെ നെഞ്ചത്ത് ഇടിച്ചു നില്‍ക്കുന്നു!! ഈശ്വരാ ആക്സിഡന്‍റ്റ് ..എനിക്ക് വല്ലോം പറ്റിയോ... ഞാന്‍ എങ്ങാണം ഇനി മരിച്ചു കാണുവോ ദൈവമേ..മൂക്ക് കമ്പിയില്‍ ഇടിച്ചാരുന്നല്ലോ?!!
ഇല്ല, ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഞാനും ജീവനോടെ ഉണ്ട്, ഹോ . ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് പൊട്ടി അത്രേ ഒള്ളു. അല്ലേലും ഈ ലൈലാന്‍റ്റ് വണ്ടിക്കൊക്കെ നല്ല തൊലിക്കട്ടിയാ.എന്നാലും എന്‍റെ പാലക്കാട് ബസ്സ്!!
സ്വന്തം ഉടപ്പിറപ്പ് പെരുവഴിയില്‍ നൂലുപൊട്ടിയ പട്ടം കണക്കേ മരംചുറ്റി ത്രികോണേന്നു കിടക്കുന്നത് കണ്ടിട്ട് സങ്കടം സഹിക്കാഞ്ഞിട്ടാവും പുറകെ വന്ന കോഴിക്കോട് ഫാസ്റ്റ് അവിടെ നിര്‍ത്തി, അല്ലെങ്കില്‍ സ്റ്റോപ്പില്‍ പോലും നിര്‍ത്താത്തവന്മാരാ.
"മോള്‍ക്ക് എങ്ങോട്ട് പോകാനാ?"
"പാലക്കാട്"
"എന്നാ ഇതില്‍ കേറിക്കോ എറണാകുളത്തോ തൃശൂരോ ചെന്ന് മാറി കേറാം ഇവിടെ നിന്നാല്‍ ഇനി ബസ്സ് ഒന്നും നിര്‍ത്തില്ല "
എന്ത് സ്നേഹം ഉള്ള ആന്‍റി, ആരാണോ എന്തോ?
ഹോ, നല്ല സുഖമുള്ള യാത്ര ,രണ്ടു ബസ്സിനകത്ത് കൊള്ളാന്‍ ഉള്ള ആളുകള്‍ ഒന്നില്‍!!
* * * * *
മാരാരിക്കുളം എത്തിയപ്പോ നല്ല ഒന്നാന്തരം ബ്ലോക്ക്. റോഡില്‍ മരം വീണെന്ന് ..ഈ മരത്തിനൊക്കെ വീഴാന്‍ കണ്ട സമയം, ഒന്നര മണിക്കൂര്‍ അവിടെ പോയി .
ദൈവാനുഗ്രഹം കൊണ്ട് വേറെ അനിഷ്ടങ്ങള്‍ ഒന്നും ഇല്ലാതെ അങ്ങനെ തൃശൂര്‍ എത്തി. ഇനി എവിടെ നിന്നാലാണാവോ ബസ്സ് കിട്ടണേ.
"മോള് ദേ അപ്പുറത്തെ സൈഡിലോട്ടു നിന്നോ അവിടാ പാലക്കാട് ബസ്സ് നിര്‍ത്തുന്നത്."
ഒരു ബസ്സ് അവിടെ സ്റ്റാര്‍ട്ട് ചെയ്തു ഇട്ടെക്കുന്നു, ഏതാണോ എന്തോ, ബാക്കില്‍ ബോര്‍ഡു വെച്ചിട്ടുണ്ട്. ബോര്‍ഡു കുറച്ചു സൈഡിലോട്ടു നീങ്ങി ഇരിക്കുവാ നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍ "പാ" യും "ല" യും കാണാം ഇനിയിപ്പോ ഫ്രെണ്ടില്‍ പോയി നോക്കാന്‍ ഒന്നും നേരം ഇല്ല "പാ" യും "ല"യും ഉണ്ടല്ലോ "കാട്" അപ്പുറത്ത് കാണും, ആ ബസ്സ് പോണേനു മുന്നേ അതി കേറണം.
* * * * *
"ടിക്കറ്റ്"
"പാലക്കാട്"
"പാല?"
"ങ്ഹാ കാട് "
" അതല്ല പാല ആണോ?"
" അല്ല കാടാ"
"പാലാക്കാണോ ടിക്കറ്റ്?"
"അല്ല പാലക്കടിനാ"
"ഇത് പാലക്കാട് പോവില്ല"
" അയ്യോ ,അതെന്നാ പോവാത്തെ?"
"ഇത് പാല ബസ്സാ"
"പാലായോ!! അപ്പൊ കാടോ ?? ബോര്‍ഡ് ഒണ്ടല്ലോ ബാക്കില്‍?"
"ആ ബോര്‍ഡോക്കെ ഒണ്ട്, അതിലെന്താ എഴുതിയേക്കുന്നെ എന്ന് വായിച്ചോ?"
"ങ്ഹാ, വായിച്ചു "പാ" "ലാ" ബോര്‍ഡ് സൈഡിലോട്ടു നീങ്ങി ഇരിക്കുവാരുന്നു" "ബോര്‍ഡോക്കെ നോക്കി വേണം ബസ്സില്‍ കേറാന്‍"
"അല്ല ചേട്ടാ ഈ "പാ"യും "ല"യും കണ്ടപ്പോ "കാട്" അപ്പുറത്ത് കാണുംന്ന് ഞാന്‍ വിചാരിച്ചു, അതാ.കാടില്ലാന്നു സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാരുന്നു "
" കാടും മേടും ഒന്നും ഇല്ല , ഇവിടെ ഇറങ്ങിക്കോ."
ദൈവമേ, നടു റോഡു ഏതാ സ്ഥലം എന്ന് പോലും അറിഞ്ഞൂടാ അയാള്‍ എന്നെ ഇറക്കി വിട്ടു ,കണ്ണീച്ചോര ഇല്ലാത്ത മനുഷ്യന്‍. ഈ കണ്ടക്ടര്‍മാരൊക്കെ മഹാ ക്രൂരന്മാരാ. ട്രെയിനില്‍ ആരുന്നേല്‍ ഇങ്ങനെ പെരുവഴിയില്‍ ബെല്ലടിച്ചു ഇറക്കി വിടുവാരുന്നോ??!! പാവം ടി.ടി ആറുമാര്.
10-75 രൂപാ പോയാല്‍ എന്നാ ഓട്ടോക്കാര്‍ക്ക് കണ്ണീച്ചോരയുണ്ട്, എന്നെ സ്റ്റാന്റില്‍ കൊണ്ട് വിട്ടു തന്നു. ഇച്ചരെ താമസ്സിച്ചാണേലും സെയിഫായിട്ട് ഞാന്‍ പാലക്കാടെത്തി [ഹോ ഇനി മേലാ പോവൂല്ല ]
* * * * *
"ഹലോ അമ്മാ, ഞാന്‍ ഇങ്ങു എത്തിട്ടോ. പിന്നെ അവളവിടില്ലേ പൊന്ന് പോലത്തെ പൊന്നു, അവളോട് പറഞ്ഞേക്ക് ഇനി മേലാല്‍ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു പോകല്ലുംന്നു."
ഓണം വന്നേ..ഓണം വന്നേ .. എന്നും പറഞ്ഞു എല്ലാരൂടെ ബഹളം കൂട്ടാന്‍ തുടങ്ങീട്ടു ഒന്നൊന്നരമാസം എങ്കിലും ആയിക്കാണും.നെറ്റിലും ഫോണിലും ടിവിയിലും എന്നുവേണ്ട എവിടെ തിരിഞ്ഞു നോക്കിയാലും ഓണം തന്നെ ഓണം - മെസ്സേജും, ഗ്രീറ്റിങ്ങ്സും, ഓഫറുകളും എന്നാക്കെയാരുന്നു പുകില്, ഹോ! അങ്ങനെ സദ്യേം ഓണക്കോടീം സ്വപ്നം കണ്ടു കണ്ണില് മണ്ണെണ്ണയും ഒഴിച്ച് ആറ്റ്നോറ്റ് കാത്തിരുന്ന ഓണം ദേ കണ്ണടച്ച് തുറക്കുന്ന വേഗത്തിലങ്ങ് വന്നു പോകുവേം ചെയ്തു.എന്നും ഓണം ആരുന്നേലോ?! എന്നും സദ്യ, എന്നും പുത്തനുടുപ്പ്, എന്നും ആഘോഷം, എന്നും അവധി, ഹായ് , എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!! ഒരോണക്കാലം കൂടെ അവസ്സാനിക്കുന്നു..ശ്ശോ!!
ഉത്രാടത്തിന്റെ തലേന്ന് അച്ഛനും അമ്മയ്ക്കും ബാക്കിയുള്ള കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും ഒക്കെ ഓണക്കോടീം എടുത്തു വണ്ടി കേറിയതാ.നാല് ദിവസ്സം എത്ര വേഗന്നാ പോയെ!!
അത്തംതൊട്ടു പത്തു ദിവസ്സം അത്തപ്പൂ ഇടണം എന്നൊക്കെയാ പറയുന്നെ, പക്ഷേ എന്നാ ചെയ്യാന്‍ പറ്റും ആകപ്പാട് നാല് ദിവസ്സമേ വീട്ടില്‍ നില്‍ക്കാന്‍ പറ്റൂ . ഉത്രാടത്തിന് രാവിലെ കുളിച്ചൊരുങ്ങി അത്തപ്പൂ ഒക്കെ ഇട്ടാലോന്നു വിചാരിച്ചിരിക്കുമ്പോഴാ അമ്മേടെ വക ഒരു നോട്ടീസ്: വീട്ടില്‍ താലോലിച്ചോമനിച്ചു വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഒരു പൂവോ, ഇലയോ അറിയാതെപോലും പൊട്ടിച്ചാല്‍ , ചിന്നുവാണേലും , പൊന്നുവാണേലും ആരാണേലും [അച്ഛനെ ആരിക്കും ഉദ്ദേശിച്ചേ] പ്ലാസ്ടര്‍ ഇട്ട കൈ കൊണ്ട് ഓണസദ്യ ഉണ്ണണ്ടി വരും.
പൂക്കടേല് നല്ല ഒന്നാന്തരം തമിഴ്പ്പൂ കിട്ടുമ്പോ ആര്‍ക്കുവേണം അമ്മേടെ ഈ ലോ ക്വാളിറ്റി ബ്ലഡി മല്ലു കോര്‍ട്ട്യാഡ് ഫ്ലവേര്‍സ്.
"രാവിലെ തന്നെ ഹരിപ്പാട്ടു പോയി കുറച്ചു പൂ മേടിക്കണം"
"ചിന്നു ചേച്ചിക്ക് ഓണക്കോടി എടുത്തോ ?"
"ഇല്ല, നിങ്ങക്കാര്‍ക്കും അതിനൊന്നും നേരം ഇല്ലല്ലോ, പാവം ഞാന്‍."
"അതെന്നാ? ഞങ്ങക്കൊക്കെ എടുത്തപ്പോ ഒരെണ്ണം സ്വന്തവായിട്ടങ്ങു എടുത്തു കൂടാരുന്നോ?"
"സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു."
"ചിന്നൂ, എ.ടി.എം കാര്‍ഡ് അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ."
അച്ഛന്‍ എന്നാ വിശ്വസിച്ചാ എ.ടി.എം കാര്‍ഡ് ഇങ്ങനെ സ്വന്തം ഭാര്യേടെ കയ്യില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുത്തു വിടുന്നത്, അതും തുണിക്കടയിലേക്ക്! അമ്മക്കാണേല്‍ തിരുവോണം ബമ്പര്‍ അടിച്ച ഭാവോം! ആനയെ ആരേലും അറിഞ്ഞോണ്ട് കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍. ഹാപ്പി ഓണം !
അഭിയാണ് സാരഥി. ലൈസന്‍സ് കിട്ടിയിട്ട് അധികം ഒന്നും ആയിട്ടില്ലെങ്കിലും അതിന്‍റെ അഹങ്കാരം ഒന്നും ഇല്ല, എവിടെ പോണേലും ഏതു റോഡ് ആണേലും എത്ര ദൂരം ആണേലും ആള് റെഡിയാ.
ബെര്‍മുഡ ട്രയാങ്കിളില്‍ കൂടെ വിമാനം പറത്തുന്ന പൈലറ്റിന്‍റെ സൂക്ഷ്മതയോടെ സ്ടിയറിങ്ങില്‍ അള്ളി പിടിച്ചു കണ്ണ് പോലും ചിമ്മാതെ മസ്സിലും പെരുപ്പിച്ചു അവന്‍ അങ്ങനെ വണ്ടി എടുത്തു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് അവനാണേലും മട്ടും ഭാവോം ഒക്കെ കണ്ടാല്‍ വണ്ടി ഓടിക്കുന്നത് അമ്മയാന്നു തോന്നും.സ്ടിയറിങ്ങിന്റെ ഓരോ ചലനത്തിനും ഒത്ത് അമ്മ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിയുവേം മറിയുവേം ഒക്കെ ചെയ്യുന്നുണ്ട്, കൂടെ അവനു ചില ഇന്സ്ട്രക്ഷന്സും കൊടുക്കുന്നുണ്ട്.
'മോനെ പതുക്കെ, ദെ ബസ്സ് വരുന്നു, അയ്യോ ദെ ഒരാള്‍ നടക്കുന്നു, ആ സൂക്ഷിച്ചു വളക്ക് , ആ സൈക്കിളുകാരനെ ഓവര്‍ടേക്ക് ചെയ്യ് പതുക്കെ'. പേടി ഇല്ലാത്തവരെ കൂടെ പേടിപ്പിക്കാന്‍ ആയിട്ട്.
അങ്ങനെ ഞങ്ങള് ഉത്രാട പാച്ചിലുതുടങ്ങി.പാതിവഴിക്ക് ദെ ഒരു സഡന്‍ ബ്രേക്ക്!!
"എന്താ മോനേ"
"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ."
**** **** *** ***
എഴിക്കകത്തു ജങ്ക്ഷന്‍ - കച്ചേരിപ്പടി - ടൌന്‍ഹോള്‍ റോഡ് : ഹരിപ്പാടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം, ഹരിപ്പാടിന്‍റെ ഹൃദയഭാഗം എന്നുതന്നെ വേണമെങ്കില്‍ പറയാം.പക്ഷേ റോഡിനു കഷ്ടിച്ച് രണ്ടു വണ്ടി പോകാന്‍ ഉള്ള വീതി മാത്രം.ഇരുവശത്തും തോന്നിയത് പോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും,വഴികച്ചവടക്കാരും ഒക്കെക്കൂടി നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ, ട്രാഫിക്കും റൂള്‍സും ഒന്നും കാര്യം ആക്കാതെ ഇഷ്ടമുള്ളിടത്ത് കൂടെ പോകുന്ന വാഹനങ്ങള്‍ വേറെയും, പോരാത്തതിന് ഉത്രാടവും.പാമ്പുകള്‍ ഒക്കെ രാവിലെതന്നെ മാളം വിട്ടു പുറത്തിറങ്ങിയിട്ടുണ്ട്.ഹരിപ്പാടിന്‍റെ ഈ രാജവീഥിയില്‍ കൂടിവേണം ഇനി ഞങ്ങള്‍ക്ക് രഥം തെളിക്കാന്‍.
അഭി കുറച്ചുകൂടെ മസ്സില്പിടിച്ചു സ്ടിയറിങ്ങില്‍ അള്ളിപ്പിടിച്ചു അമ്മ ഡാഷ് ബോര്‍ഡിലും. പടച്ചോനേ ഞമ്മളെ കാത്തോളീ....
റോഡിന്‍റെ ഒത്ത നടുക്കെത്തിയപ്പോ ഒരു അംബാസിടറിന് സൈഡുകൊടുത്തതാ, പാവം അഭീടെ നല്ലമനസ്സ്!! നന്നായിട്ടങ്ങു സൈഡ് ചേര്‍ത്ത്.അത് കഴിഞ്ഞപ്പോഴാ മനസ്സിലായെ മുന്നില്‍ ബൈക്കുകള്‍ നിരയായി പാര്‍ക്ക് ചെയ്തേക്കുന്നു.റിവേഴ്സ് എടുക്കാതെ ഒരിഞ്ചനങ്ങാന്‍ പറ്റൂല്ല! പിന്നിലാണേല്‍ അസ്സംബ്ലിക്ക് ലൈന്‍ നിക്കണപോലെ വണ്ടികള്‍.
കൈയ്യും കാലും ഒക്കെ വിറക്കുന്നുണ്ടേലും രണ്ടുംകല്‍പ്പിച്ചു അവനൊന്നു റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചു. ഒരു ചാട്ടം രണ്ടു വിറയല്‍ വണ്ടി ഓഫായി !!
ഒരു വണ്ടിയേം വിടാതെ റോഡിനു കുറുകെ അങ്ങനെ നമ്മുടെ i20 നീണ്ടു നിവര്‍ന്നു കിടപ്പായി. ഒരായിരം ഹോണടികള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി!!
"സ്റ്റാര്‍ട്ട് ആവുന്നില്ല"
"മോന്‍ പേടിക്കണ്ട പതുക്കെ എടുത്താമതി"
"ക്ലെച്ചെന്തിയേ"
"അതൊക്കെ അവിടെക്കാണും പതുക്കെ നോക്കിയാമതി, മോന്‍ പേടിക്കണ്ട."
പുറത്തുനിന്നു നല്ല "ശുദ്ധ മലയാളത്തില്‍" ലളിതസഹസ്രനാമങ്ങള്‍ കേട്ട് തുടങ്ങി..ആഹഹ
"ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
"പേടിക്കണ്ട..., ഒന്നും ഇല്ല..ജസ്സ് റിലാക്സ്"
"ഞങ്ങക്ക് പേടിയൊന്നും ഇല്ല മോന്‍ പതുക്കെ വണ്ടിയെട്"
"പേടിക്കണ്ടാന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞതാ. ഈ പൊറകീക്കിടന്നു ഹോണ്‍ അടിക്കുന്നവന്‍ മാര്‍ടെ വീട്ടീന്ന് കൊണ്ടുവന്ന റോഡ് ഒന്നും അല്ലല്ലോ ഇത്. നമ്മളും ടാക്സ് കൊടുക്കുന്നതാ. നമുക്കും ഇവിടെ വണ്ടി നിര്‍ത്താന്‍ ഒള്ള അവകാശം ഉണ്ട്."
"ഒരു " L" ഒട്ടിക്കണ്ടാതാരുന്നു. അത് കാണുമ്പോ എല്ലാരും വണ്ടി മാറ്റി തന്നേനെ."
"നമ്മളിപ്പോ "L" നു എവിടെ പോകും അമ്മാ "
"അതിന്‍റെ ആവിശം ഒന്നും ഇല്ല ഇത് വണ്ടിടെ കുഴപ്പമാ, എന്‍റെ ഡ്രൈവിംഗ് ഒക്കെ ശരിതന്നാ,അല്ലേലും ഈ തിരക്കുള്ള റോഡില്‍ ആണോ ബൈക്ക് ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നത്?, ബൈക്കുകള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തണം."
ഒരു പതിനഞ്ചു മിനിട്ട് നീണ്ടുനില്‍ക്കുന്ന ചെറിയൊരു ബ്ലോക്ക്, അത്രേ സംഭവിച്ചോള്ളൂ.ഇവിടെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ ഉണ്ടാകുന്നു അപ്പോഴാ വെറും ഒരു പതിനഞ്ചു മിനിട്ട്.
" ദേ ചിന്നൂസ്സേ ഈ ബ്ലോക്കുണ്ടാക്കിയതൊന്നും ആരോടും പറയണ്ട കേട്ടോ"
"ഇല്ല അഭി, ഞാന്‍ ആരോട് പറയാനാ, ദേ ഈ പൊന്നുവാ ഏഷണിക്കാരി".
ഒരോണത്തല്ലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നിട്ടും ഭാഗ്യം കൊണ്ട് രക്ഷപെട്ടു പൂവും പുടവയും ഒക്കെയായി വേറെ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാക്കാതെ ഞങ്ങള്‍ തിരിച്ചെത്തി.
*** *** *** *** *** ***
ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്ക് ശേഷം ആണത്രേ മഹാബലി നാടുകാണാന്‍ വരുന്നത്; അമ്മ പറഞ്ഞതാ നേരാണോ എന്തോ? പാതിരാത്രിക്ക് മുറ്റം ഒക്കെ അടിച്ചു രാത്രി 1.30 വരെ അദ്വാനിച്ച് ഞങ്ങള് ഇമ്മിണി വല്യൊരു പൂക്കളം തന്നെ ഇട്ടു.
"ചിന്നു ചേച്ചി, പൂക്കളത്തിന്റെ അടുത്തിരിക്കുന്ന കൊറച്ചു ഫോട്ടോസ് എടുത്തു തരണം കേട്ടാ"
"ഇപ്പന്നെ വേണോ?നേരം വെളുത്തിട്ടു പോരെ പൂക്കളം എങ്ങോട്ടും ഓടിപോകത്തോന്നുമില്ല."
*** *** *** **** *** ***
തിരുവോണനാളിലെ കണി..!! ഹൃദയഭേദകം..!!
ട്രാഫിക്ക് ബ്ലോക്കും ഉണ്ടാക്കി കണ്ടവരുടെ വായിലിരിക്കുന്നതും കേട്ട് കൈയിലെ കാശും മുടക്കി പൂമേടിച്ച് ഉറക്കമൊഴിച്ചിരുന്ന് ആശിച്ചു മോഹിച്ചിട്ട അത്തപ്പൂ കെടക്കണ കെടപ്പ് കണ്ടാ..!!
ഒരു തുമ്പി തുള്ളലും കഴിഞ്ഞു പൂക്കളത്തിന്റെ ഒത്തനടുക്ക് ചിതറിത്തെറിച്ച പുഷ്പ്പശയ്യയില്‍ നീണ്ടു നിവര്‍ന്നു കിടന്നൊരാള്‍ റെസ്റ്റെടുക്കുന്നു - കിങ്ങിണി !!
"അയ്യോ ഇവിടെ വെച്ചിരുന്ന തൃക്കാക്കര അപ്പനെന്തിയെ ചവിട്ടിത്താത്ത് കാണുവാ, പൊന്നുവേ?"
"ഇല്ല, തൃക്കാക്കര അപ്പനെ കടിച്ചുകൊന്നു ദേ മാറ്റി ഇട്ടിടുണ്ട്."
എന്നാണേലും കിങ്ങിണി സ്നേഹം ഒള്ളവളാ ഞങ്ങളെ കണ്ടപ്പോ വാലൊക്കെ ശക്തിയായിട്ട് ആട്ടി, ബാക്കി ഉള്ള പൂക്കള്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും തെറിക്കുന്നതു കാണാന്‍ നല്ലരസം, ഹാര്‍ട്ടിനൊരു ഇടികിട്ടണ സുഖം... ഞങ്ങടത്തപ്പൂ!!
"അമ്മാ, ആരേലും കാണുംമുമ്പാച്ചൂലിങ്ങെടുത്തോ, മാവേലി വന്നെല്ലാം കണ്ടു ബോധിച്ചിട്ടു പോയിക്കാണും"
അത്തപ്പൂ പട്ടിനക്കിപോയെങ്കിലും ഞങ്ങള് ഓണം ഒക്കെ ആഘോഷിച്ചൂട്ടോ പായസോം സദ്യേം ഒക്കെ ആയിട്ടുതന്നെ. കിങ്ങിണിക്കും കൊടുത്തൊരുഗ്രന്‍ സദ്യ പാല്‍ പായസോം കൂട്ടി.
വാല്‍കഷ്ണം: വെറുതേയൊരു പോസ്റ്റ്. ഞങ്ങളുടെ ഓണം.
അത്തപ്പൂ പട്ടിനക്കിയ സങ്കടം മറക്കാന്‍ പൊന്നൂസിന്റെ കൈയ്യേല്‍ ഒരു മെഹന്തി പൂക്കളം അങ്ങിട്ട്. അതാകുമ്പ കിങ്ങിണി കേറി തുമ്പി തുള്ളതില്ലലോ.റംസാന്‍ കഴിഞ്ഞുവന്നപ്പോ മുംതാസ് കയ്യില്‍ മെഹന്തി ഇട്ടോണ്ടാത്രേ സ്കൂളില്‍ വന്നത് അപ്പൊ ഓണം കഴിഞ്ഞു ചെല്ലുമ്പോള്‍ അവള് മെഹന്തി ഇട്ടില്ലേല്‍ കുറച്ചിലാന്നു.പൊന്നൂന്‍റെ പൊന്നുപോലത്തെ കൈയ്യില്‍ മെഹന്തി അല്ല ഒരു ചുമര്‍ ചിത്രം വേണേലും വരച്ചു കൊടുക്കും ഞാന്‍.പോക്കറ്റ് മണീന്ന് സൂക്ഷിച്ചു വെച്ചതും കട്ടതും മോട്ടിച്ചതും ചോദിച്ചു വാങ്ങിയതും വിഷുകൈനീട്ടം കിട്ടിയതും ഒക്കെ കൂട്ടിവെച്ചു അവളും വാങ്ങിച്ചു തന്നു എനിക്കൊരോണക്കോടി...
അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട...
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...
സമര്‍പ്പണം: നാടും വീടും വിട്ടു ഓണം ആഘോഷിച്ചവര്‍ക്കും ..ഓണം കൂടാന്‍ കഴിയാഞ്ഞവര്‍ക്കും
ചിത്രങ്ങള്‍ക്ക് കടപ്പാട് :അത്തപ്പൂ ഇടാന്‍ സഹകരിച്ചവര്‍ക്കും പിന്നെ വെളുത്ത് തടിച്ച പൊന്ന് പോലത്തെ കൈയ്യുടെ ഉടമസ്ഥക്കും.
ലേബല്‍ : അനുഭവങ്ങള്‍ പാച്ചാളികള്‍ !!, ഓണ വിശേഷം.
മുന്‍കുറിപ്പ്: ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പീകം മാത്രമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ [അങ്ങനൊന്നും മരിക്കൂല്ല എന്നേം കൊണ്ടേ പോകൂ] ചില ഉണ്ടക്കണ്ണികളോട് ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന് സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും മനപ്പൂര്‍വ്വം അല്ല.
കുടുംബത്തിലെ ഏക പെണ്‍തരിയെന്ന ലേബലില്‍ അഹങ്കാരത്തോടും അഭിമാനത്തോടും കൂടെ ഞാന്‍ അങ്ങനെ സര്‍വാധിപതിയായ് വാഴവെ 1994 ലെ ഒരു മെയ്മാസപ്പുലരിയില്‍ പ്രകൃതി ദുരന്തം പോലെ ഒരു തിരുപ്പിറവി..! ദുഷ്ഠ ശക്തികളുടെ ആഭിചാരം കൊണ്ടോ , ശനിയുടെ അപഹാരം ഉള്ളതിനാലോ അതോ ശുക്രന്‍ ഉറങ്ങിപോയതോ എന്തോ എന്‍റെ സകല പ്രാര്‍ഥനകളും, പ്രതീക്ഷകളും, വഴിപാടുകളും വെള്ളത്തില്‍ തറക്കപ്പെട്ട വെറും മുള്ളാണികള്‍ ആക്കികൊണ്ട് അവതരിച്ചത് ഒരു "സ്ത്രീജന്മം"- പൊന്നു - ഹും, ജനിച്ചതേ എനിക്കിട്ടു പണിതോണ്ട്..!!
എന്‍റെ ഏകാതിപത്യത്തിനു അവിടെ തിരശ്ശീല വീണു, സര്‍വാധികാരത്തിന് വിള്ളലുകള്‍ വീണു, സിംഹാസനം ആടി തുടങ്ങി, തേനേ പലേന്നും പറഞ്ഞു എന്നെ കൊഞ്ചിച്ചോണ്ട് നടന്നവരൊക്കെ ഇപ്പൊ ഒന്ന് മൈന്‍ഡ് ചെയ്താലായി ..പൊന്നല്ല അവള് തുരുമ്പാ, വെറും തുരുമ്പ് !!
ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള്‍ , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍. [ജനിച്ചപ്പൊ യെവളെക്കാള്‍ ഭംഗി എനിക്കാരുന്നു] കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമോ എന്തോ അന്നുതൊട്ടിന്നുവരെ "ചിന്നു ചേച്ചീന്നു" ബാക്ക് ഗ്രൌണ്ട് മ്യൂസികും ഇട്ടുവരുന്ന ബോബനും മോളിയും പട്ടി കണക്കെ എന്‍റെ ജീവിതത്തിലെ എല്ലാ ഫ്രെയിമിലും അവളുടെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിധി!!
സാധാരണയിലും അല്‍പ്പം വൈകിയാണ് 'ലെവള്' സംസാരിച്ചു തുടങ്ങിയത്, അതും ദൈവംതമ്പുരാന്‍ പോലും ജനിക്കുന്നതിനു മുമ്പുള്ള ഏതോ ഭാഷേല്‍.'യെവള് കഴിഞ്ഞ ജന്മത്തീ വല്ല ആദിവാസി ഗോത്ര തലൈവിയും ആരുന്നോന്നു എനിക്ക് സംശയം ഒണ്ട്. എന്താന്നറിഞ്ഞുകൂടാ എന്നെക്കണ്ടാ അപ്പന്നെ 'ലവള്' അരുതാത്തത് ഏതാണ്ട് കണ്ടപോലെ മൂക്കും ചുളിച്ചു "ഛീ ഛീ" ന്നു ശബ്ദം ഉണ്ടാക്കി വെപ്രാളം കാണിക്കാന്‍ തുടങ്ങും . ഹും മ്ലേച്ചത്തി , മൂത്തവരെ ബഹുമാനിക്കാന്‍ അറിയാത്തവള്‍, യെവളെ ഒക്കെ നരകത്തിക്കൊണ്ടുപോയി സൂജിയേക്കൊരുത് ബാര്‍ബിക്ക്യു ആക്കണം. [ അവളുടെ ഭാഷയില്‍ ഈ "ഛീ" യുടെ അര്‍ത്ഥം "ചേച്ചി" എന്ന് ആണെന്ന നഗ്നന സത്യം അല്പം വൈകിയാണേലും ഞാന്‍ തിരിച്ചറിഞ്ഞു ..പാവം കൊച്ച് ,വിചാരിച്ചത്ര മ്ലേച്ചത്തി അല്ല..] .
മനുഷ്യരുടെ ഭാഷ ഒരുവിധം ഒക്കെ പഠിച്ചെങ്കിലും ചില വാക്കുകളും അക്ഷരങ്ങളും ഒക്കെ അവളുടെ ഡിക്ഷനറിയില്‍ മിസ്സിംഗ് ആയിരുന്നു.അങ്ങനെ മിസ്സായിപ്പോയ ഒരു അക്ഷരമായിരുന്നു "ക". "ക" വരുന്ന ഭാഗം ഒക്കെ "ച" കൊണ്ട് അഡ്ജസ്റ്റ് ചെയ്തവള്‍ പിടിച്ചുനിന്നു..ബുദ്ധിമതി!! 'കാലിനു' 'ചാലെന്നും' , 'കൈക്ക്' 'ചൈയെന്നും' ഒക്കെ പറഞ്ഞു വെറും ഒരു 'ക' യുടെ മുന്നില്‍ തോല്‍ക്കാതെ പൊന്നു പൊരുതി.
"ചിന്നു ചേച്ചീ ,ചിന്നു ചേച്ചീ, ചാച്ച ചവറെ ഇര്‍ക്കണ്, എത്തോണ്ട് പൂം, ബാ"
ഗോത്രഭാഷ കുറച്ചൊക്കെ എനിക്കും മനസ്സിലായി തുടങ്ങിയിരുന്നു.
"കുഴപ്പം ഇല്ല പൊന്നുവേ ചവറല്ലേ"
"ല്ല മ്മടെ ചവറാ , എത്തോണ്ട് പൂം".
കാക്കക്കെന്നാ മുന്‍സിപ്പാലിറ്റീല് ജോലി കിട്ട്യാ ഓരോ വീട്ടിലും കേറി നടന്നു ചവറെടുക്കാന്‍.പാവം കാക്ക, അത് വല്ല ചവറും കൊത്തി എടുത്തോണ്ട് പോണേനു യെവളെന്തിനാ ഈ കെടന്നു തുള്ളണെ.കാക്കേപ്പോലും ജീവിക്കാന്‍ സമ്മതിക്കൂല്ല ,ദുഷ്ഠത്തി..ഹൊ!
അമ്മമ്മേടെ ദൃക്സാക്ഷിവിവരണോം പരിഭാഷപ്പെടുത്തലും ഒക്കെ കേട്ടപ്പൊഴാ കാര്യം മനസ്സിലായെ ; മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന പില്ലോ കവറില് കാക്ക വന്നു ഇരുന്നത്രേ , ഇനി കാക്ക അതെങ്ങാനും കൊത്തി കൊണ്ട് പോകുവോന്നും പേടിച്ചാ ലെവള് 'ചാച്ച മ്മടെ ചവറ് എത്തോണ്ട് പോകുംന്നു ' പറഞ്ഞു ഈ പുകിലെല്ലാം ഉണ്ടാക്കിയത്.
"കുഞ്ഞാണേലും അതിനു നല്ല ശ്രദ്ധയാ" അവക്കങ്ങനെ അമ്മമ്മേടെ സ്വഭാവസര്‍ട്ടിഫിക്കറ്റും കിട്ടി. [ആ പറഞ്ഞത് ഇന്‍ഡയറകറ്റ് ആയിട്ട് എനിക്കിട്ട് ഒന്ന് വെച്ചതല്ലേന്നു ഒരു സംശയം]
ഇവള് പറയുന്നതിന്റെ ഒക്കെ മലയാളം പരിഭാഷ കണ്ടുപിടിക്കല്‍ ഒരു അഭ്യാസം തന്നാരുന്നു. അന്നെനിക്ക് "ചെക്കോസ്ലോവാക്യ" അറിയാഞ്ഞത് അവള്‍ടെ ഭാഗ്യം അല്ലെ അത് പറയിച്ച് അവളെ പീഡിപ്പിച്ചു ഞാന്‍ രസിച്ചേനെ..ഹൊ!
എന്‍റെ തലക്കുമീതെ ചാഞ്ഞ ഒരു ആല്‍മരം കണക്ക് അവളങ്ങനെ വളര്‍ന്നു വന്നു. നാക്കുകൊണ്ട് നിരന്തരമായുള്ള യോഗാഭ്യാസത്തിന്റെ ഫലമായ് നഴ്സറി ക്ലാസ്സില്‍ എത്തും മുന്നെതന്നെ അവള്‍ "ക"യെ തോല്‍പ്പിച്ചെങ്കിലും ചിലവാക്കുകള്‍ ഒക്കെ അപ്പോഴും പൊന്നുവിന് വഴങ്ങാതെതന്നെ നിന്നു.
"പൊന്നൂ, മൃഗങ്ങളുടെ രാജാവരാ?"
"ശിഗ് മം"
" പൊന്നൂ പറഞ്ഞേ, 'സിം' ..'ഹം' , 'സിംഹം''.
" 'ശിം'..'ഹം' 'ശിഗ് മം'"
ഓരോരോ കടിച്ചാല്‍പൊട്ടാത്ത വാക്കുകളും കണ്ടുപിടിച്ചോണ്ടുവന്നു അവളെ കൊണ്ട് പറയിക്കുന്നത് ഞാന്‍ വല്ലാതെ ആത്മസംതൃപ്തി കണ്ടെത്തിയ ഒരു വിനോദം ആയിരുന്നു, തുമ്പിയെ കൊണ്ട് കല്ലെടുപ്പികുമ്പോ കിട്ടണ ഒരു നിര്‍വൃതി..ഹായ്!! 'ദൃഷ്ട്ടധ്യുംനന്‍ ' അവളുടെ ഭാഷേല്‍ 'ദുഷ്ഠ ത്തിരുമനും', 'ദുഷ്യന്തനും ശകുന്തളയും' അവള്‍ക്ക് 'ദുന്തശ്ശനും ശദുന്തളേം' ഒക്കെ ആയിരുന്നു ഒരുകാലം വരെ.
വളര്‍ന്ന്‍ ഒരു 6ലും 7ലും ഒക്കെ ആയപ്പോഴേക്കും ബാക്കിയുള്ളവരെ മലയാളം പഠിപ്പിക്കാറായി അവള്‍.അങ്ങനെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല പ്രസംഗ മത്സരത്തില്‍ ഹരിപ്പാട് ഉപജില്ലയെ പ്രതിനിധീകരിച്ച് 'അവള്‍' മത്സരിക്കുന്നിടം വരെ എത്തി കാര്യങ്ങള്‍! കലികാല വൈഭവം എന്നല്ലാതെ ഇതിനൊക്കെ എന്നാപറയാനാ. 'യെവളെങ്ങാണം ഇനി വല്ല മലയാളം മുന്‍ഷിയോ മറ്റോ ആയേക്കുവോ, ഭഗവാനേ??!!'
"പൊന്നു, ടോപിക്ക് എന്താണ് വല്ലോം അറിഞ്ഞോ ?"
"എന്‍റെ ചിന്നു ചേച്ചി, ഈ പ്രസംഗ മത്സരം എന്ന് പറയുമ്പോ സംസ്കാരീക സാമൂഹീക പ്രശ്നങ്ങളെ കുറിച്ച് നേരത്തെ എഴുതിപഠിച്ചോണ്ടുവന്ന് മൈക്കിന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു വലിച്ചു കീറി മുറിച്ചു നാക്കിട്ടടിച്ചു മാര്‍ക്കിടാന്‍ ഇരിക്കുന്നവരേം കേള്‍ക്കുന്നവരേം പ്രാന്ത്പിടിപ്പിച്ച് കിടത്തി ഉറക്കുന്ന ആ പഴേ പണിയൊന്നും അല്ല ,ഇത് സ്പോട്ട് പ്രിസന്‍റെഷനാ , സ്റ്റേജില്‍ കയറുന്നതിനു ഒരു മൂന്നാല് മിനിറ്റ് മുന്നേ ടോപിക്ക് തരൂ, ഒരു വേഡ് ആരിക്കും തരുന്നേ അഞ്ച് മിനിറ്റ് അതിനെ കുറിച്ച് നിര്‍ത്താതെ സംസാരിക്കണം."
ഇവള്‍ടെ ഈ നാക്കിട്ടടി കേള്‍ക്കുമ്പോ അമ്മേടെ മുഖത്ത് മകളെ കുറിച്ചോര്‍ത്തുള്ള അഭിമാനം പടര്‍ന്നു കേറുന്നത് എനിക്ക് കാണാമായിരുന്നു അതോടൊപ്പം പേരറിയാത്ത ഏതോ ഒരു വികാരം എന്‍റെ മനസ്സിലും പടര്‍ന്നു കത്തി.
ആലപ്പുഴ തിരുവമ്പാടി H.S.S ആണ് വേദി. റേഡിയോ ജോക്കികളെ പോലെ കണ്ണില്‍കണ്ടതിനെക്കുറിച്ചെല്ലാം നിര്‍ത്താതെ സംസാരിച്ചു അശ്രാന്ത പരിശീലനം നടത്തിയാണ് ഹരിപ്പാടിന്റെ സ്വന്തം പൊന്നു തട്ടില്‍ കേറാന്‍ പോണത്.ഒടുവില്‍ അനൌന്‍സ്മെന്റ് വന്നു
"ചെസ്റ്റ് നമ്പര്‍ 8 ഫസ്റ്റ് കോള്‍." ഒറ്റവിളിക്ക് തന്നെ പൊന്നു ഹാജര്‍ ഒണ്ട്.
"ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 8 ഓണ്‍ സ്റ്റേജ് ."
"ബഹുമാനപ്പെട്ട സദസ്സിനു എന്‍റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്."
"പുല്ലിപ്പുളിയോ'??!! അതെന്താണാവോ സാധനം?! " അമ്മക്ക് സംശയം .
" എനിക്കറിഞ്ഞൂടാ അമ്മ അവള് പറയുന്നെ കേക്ക്."
"പൊന്നു ഏതായാലും രാജധാനി എക്സ്പ്രേസ്സ്പോലെ അടിച്ചുവിട്ടു പോകുന്നോണ്ട്.എന്നാലും എന്താണാവോ ഈ പുല്ലിപ്പുളി.?!" അമ്മേടെ സംശയം മാറുന്നില്ല.
"ഘോരവനപ്രദേശങ്ങളില്‍ ആണ് പുല്ലിപ്പുളികള്‍ സാധാരണയായി കണ്ടുവരാറുള്ളത്."
"ഓഹോ, അപ്പൊ ഏതോ വനവിഭവമാ ചിന്നുവേ , ഏതോ ടൈപ്പ് കാട്ടു പുളിയാണ് സംഭവം, സ്കൂളില്‍ ഇപ്പൊ പ്രോജെക്റ്റും അസൈന്‍മെന്‍റ്സും ഒക്കെ കൊടുക്കുന്നോണ്ട് പിള്ളേര്‍ക്ക് മരങ്ങളേം ചെടികളേം ഒക്കെ പറ്റി നല്ല അറിവാ, അല്ലാതെ നിന്നെ പോലെ തെങ്ങേതാ മാവേതാന്നു അറിയാതവളല്ല എന്‍റെ പൊന്നു."
"പുറമേ കറുത്ത പുള്ളികള്‍ ഉള്ളതിനാല്‍ അവയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല മറ്റു വര്‍ഗങ്ങളെ അപേക്ഷിച്ച് അവക്ക് വലുപ്പക്കുറവുമാണ്.മഴക്കാടുകളിലെ ജലാശയ തീരങ്ങളിലും , പുല്‍മേടുകളിലും ഒക്കെയാണ് പുല്ലിപ്പുളികള്‍ വളരാറുള്ളത് എങ്കിലും ഉഷ്ണമേഖലാവനപ്രദേശങ്ങളിലെ കാലാവസ്ഥയെയും അതികഠിന ശൈത്യതെയും അതിജീവിക്കാനുള്ള കഴിവ് പുല്ലിപുളികള്‍ക്കുണ്ട്. ആഫ്രിക്ക, സൈബീരിയ , ഇന്ത്യ, ഇന്തോനേഷ്യ ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലും ഇവയെ കാണാം.വര്‍ദ്ധിച്ചു വരുന്ന വനനശീകരണം പുല്ലിപ്പുളികളെ ഇന്ന് വംശനാശഭീഷണിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.പുല്ലിപ്പുളികളെ സംരക്ഷിക്കുന്നതിനായി പല പദ്ധതികളും നമ്മുടെ ഗവര്‍ന്മെന്റ് ഇന്ന് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ വൈകിയ വേളയില്‍ എങ്കിലും പുല്ലിപ്പുളികളുടെ സര്‍വനാശം എന്ന വിപത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഇന്ത്യ ഗവര്‍ന്മെന്റ് തയ്യാറാകുന്നു എന്നത് തന്നെ ആശ്വാസജനകമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ,നന്ദി നമസ്ക്കാരം."
"ഹോ അവള് തകര്‍ത്തു അല്ലെ ചിന്നുവേ?"
"ഇനിയും പിള്ളേര് മത്സരിക്കാന്‍ ഒണ്ടെന്നു അമ്മ മറക്കണ്ട"
"എന്നാലും ചിന്നുവേ നിനക്ക് അറിയത്തില്ലല്ലോ ഈ പുല്ലിപുളി എന്തുവാന്നു, അതിനെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വരെ ഉണ്ടെന്നു !!"
" ആ ഞാന്‍ കേട്ടിട്ടില്ല"
" വീട്ടില്‍ ഒന്നുരണ്ടു കുടംപുളി വെച്ച് പിടിപ്പിക്കണം ഏതായാലും,അന്താരാഷ്ട്ര വിപണിയില്‍ ഇനി പുളിയുടെ വില കൂടാണോ മറ്റോ പോകുവാരിക്കും ,പൊന്നുനോട് ചോദിക്കണം "
"ഓ, പിന്നെ, അവളല്ലേ അന്താരാഷ്ട്ര വിപണി നോക്കി നടത്തുന്നത്, ഒന്ന് പോ അമ്മേ"
"ഹും, നിനക്ക് അസ്സൂയയാ, കൊച്ചാണേലും അവക്ക് നല്ല ജി .കെ യാ. "
"അമ്മേ, ചിന്നു ചേച്ചീ, ഇനി ഇവിടെ നിക്കണ്ട ബാ പോകാം."
"അപ്പൊ റിസള്‍ട്ട് അറിയണ്ടായോ?"
"ഓ, റിസള്‍ട്ട് , അതിനി അറിയാന്മാത്രം ഒന്നും ഇല്ല ,ബാ പോകാം."
"എന്നാലും എന്നതാ മോളുവേ ഈ പുല്ലിപുളി?"
" ഓ, അമ്മേ അത് പുല്ലിപുളീം നെല്ലിപ്പുളീം ഒന്നും അല്ല ,സംഭവം വേറെയാ ഞാന്‍ അങ്ങ് അഡ്ജസ്റ്റ് പറഞ്ഞതാ, ചിന്നു ചേച്ചീ , ഈ ലെപ്പേഡിന്‍റെ മലയാളം എന്തുവാ ? "
" ലെപ്പേഡോ? പുള്ളിപ്പുലി..."
" ആ അതുതന്നെ ആ സാധനത്തിന്റെ പേരാണെങ്കില്‍ എനിക്ക് പറയാനും പറ്റണില്ല, പിന്നെ അവസാനം 'പുലിയെക്കുറിച്ചാണോ' 'പുളിയെക്കുറിച്ചാണോ' പറയുന്നതെന്ന് ആ ടോപ്പിക്ക് കണ്ടുപിടിച്ചവന് പോലും സംശയം തോന്നുന്ന വിധത്തില്‍ ഞാന്‍ അങ്ങ് തട്ടിവിട്ടതാ,അല്ലപിന്നെ പൊന്നൂനോടാ കളി , ഇവിടെ നിക്കണ്ട ബാ നമുക്ക് പോകാം."
അമ്മേടെ മുഖത്ത്ചെറുതായി ചുവപ്പ് നിറം പടര്‍ന്നു കേറുന്നത് എനിക്ക് കാണാം ഒപ്പം എന്‍റെ മനസ്സില്‍ ചിരി പോലെ ഏതോ പേരറിയാത്ത വികാരവും.
"മോള്‍ വല്യ ജി .കെ ക്കരിയാന്നും പറഞ്ഞു നടന്നിട്ട് ഇപ്പൊ എന്തായി, ഹോ ഞങ്ങക്കൊന്നും ജി.കെ ഇല്ലാലോ, നമ്മളൊക്കെ പാവങ്ങള് ."
" നീ ഇനി ഇതും പറഞ്ഞു കൊച്ചിനെ കളിയാക്കാന്‍ ഒന്നും നിക്കണ്ട".
"ഓ ഞാന്‍ ഇനി ആരേം കളിയാക്കാന്‍ ഒന്നും ഇല്ലെന്‍റെ ദൈവേ, ഇവള് വല്യ താരം അല്ലിയോ?" [ആത്മഗതം : വെറും താരം അല്ല അവളൊരു അവതാരവാ, മത്തങ്ങാതലച്ചി]
"ചിന്നു ചേച്ചീ ,നമുക്കിവിടെ നിക്കണ്ട ബാ പോകാം"
പിന്‍കുറിപ്പ് അഥവാ മരണമൊഴി : ഈ പോസ്റ്റ് ഇട്ടതിനു ശേഷം എന്നെ കാണാതായാല്‍ അതിനു പിന്നില്‍ രണ്ട് ഉണ്ടകണ്ണുകളും ഒരു മത്തങ്ങാ തലയും പിന്നെ വെളുത് തടിച്ച രണ്ട് കൈകളും ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.എന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
സാരി എന്ന ഉത്തരം കിട്ടാത്ത ചോദ്യം പെരുമ്പാമ്പിനെ പോലെ അവിടങ്ങനെ നീണ്ടുകിടന്നു. ' ഇതിന്‍റെ ഏത് അറ്റതൂന്നാണാവോ ഉടുത്ത് തുടങ്ങണെ?' അക്കൌണ്ട്സ്പരീക്ഷക്ക് ക്വസ്റ്റ്യന്‍ പേപ്പര്‍ കിട്ടയപോലൊരു ഫീല്‍ .. ഡെബിറ്റെതാക്രെഡിറ്റെതാ ??!!
" 10- 23 വയസ്സായി ഇതുവരെ ഒരു സാരി ഉടുക്കാന്‍ പടിച്ചില്ലന്നു പറഞ്ഞാല്‍..?! ഓരോ കൊച്ചു പിള്ളേര് വരെ ഉടുക്കും, ഇതിനെ എങ്ങനെ വല്ലോനും കെട്ടിച്ചുകൊടുക്കും ദൈവമേ..?!
"കല്യാണം കഴിക്കാന്‍ 18 വയസ്സ് തികഞ്ഞാല്‍ പോരെ, സാരി ഉടുക്കാന്‍ അറിയണോ ..സില്ലി അമ്മ , ഒന്നും അറിയത്തില്ല "
" ചിന്നുചേച്ചി വിഷമിക്കണ്ട സാരി ഉടുക്കാന്‍ അറിഞ്ഞിട്ട് ഒന്നും അല്ലാലോ ക്വീന്എലിസബത്ത് കല്യാണം കഴിച്ചത് ..ആസ് പേര്‍ ഹിന്ദു മാരേജ് ആക്റ്റ് .."
"ആമതി മതിമിണ്ടാതങ്ങോട്ടു നീങ്ങി നിക്ക് നിന്നെ സാരി ഉടുപ്പിചോണ്ട്ഇരുന്നാപ്പോര എനിക്ക് വേറെ പണിയുണ്ട്."
" അമ്മാ.., ഈ പെണ്ണുകാണാന്വരുമ്പോ സാരി ഉടുക്കണം എന്ന് എന്നാ ഇത്ര നിര്‍ബന്ധം?? ചുരിദാര്‍ ഇട്ടാല്എന്നാ ചെക്കന് കണ്ണ്പിടിക്കൂല്ലേ? "
"സാരി കേരളത്തിന്‍റെ ട്രെടിഷ്ണല്ഡ്രസ്സ് അല്ലെ ചിന്നു ചേച്ചി, മലയാളി പെങ്കുട്ട്യോള്‍ടെ അടക്കത്തിനേംഒതുക്കതിനേം റെപ്രസന്റ് ചെയ്യുന്ന വേഷം."
"എന്നാ പിന്നെ ഉണ്ണിയാര്ച്ചസ്റൈല് മുണ്ടും ബ്ലൌസും ഇടാം, കയ്യില്‍ ഒരു ഉറുമീം കുറച്ചൂടെട്രെടിഷ്ണല് ആയിക്കോട്ടെ ."
"മിണ്ടാതിരുന്നോണം രണ്ടും അവിടെ ,എന്തിനാ ഉറുമി നിന്‍റെ ഒക്കെ നാക്ക്തന്നെ ധാരാളം..എന്തോന്നാ ചിന്നുവേ ഇത് നീ പാന്‍റിന്‍റെ പുറത്താണോ സാരിഉടുക്കാന് പോകുന്നെ??"
"ഇതൊരു സേഫ്റ്റിക്കാ അമ്മാ... എങ്ങാനം അഴിഞ്ഞുപോയാലോ??"
"ശെരിയാ, ഈ ചിന്നു ചേച്ചി ചായേം കൊണ്ട് പോകുമ്പോ എങ്ങാനം തട്ടി വീണാലോ?"
"എന്‍റെ കിങ്ങിണി [പട്ടി] പോകും ചായേം ആയിട്ട്. അതൊക്കെ ഇപ്പൊ ഔട്ട് ഓഫ്ഫാഷനാ.ഇതും ഉടുത്തോണ്ട് മനുഷ്യന് ഇവിടെ ഒറ്റക്ക് നടക്കാന്‍ മേലാ അപ്പഴാ ഇനി ചായേംപിടിച്ചോണ്ട് ..ഹും"
"ആ മതി ഈ തുമ്പ് പിടിച്ചുകുത്തിയിട്ട്ഒന്ന് കറങ്ങിക്കെ."
കുറെ പിന്നുകള്‍ കൊണ്ടൊരുതജ്മഹല് പണിതുയര്‍ത്തിയ സംതൃപ്തിയോടെ അമ്മ ഒന്ന് നോക്കി.
"ദേ പട്ടു സാരിയാചുളുക്കല്ലും പറഞ്ഞേക്കാം"
"മ്"
ഹോ ..അങ്ങനെ ആ അങ്കം കഴിഞ്ഞു..ഇനിമയ്ക്കപ് ബാക്കിയാ..
"ദിസ് പാര്‍ട്ട് ഓഫ് ദ പ്രോഗ്രാം ഇസ് സ്പോണ്‍സെഡ് ബൈഗൂഡ്വില് കളക്ഷന്‍സ് ,ചിന്നു ചേച്ചി ഈ മാലേം വളേം ഒക്കെ ഒന്ന് ഇട്ടേഎന്റെ സിലക്ഷനാ"
തോളൊപ്പം നീണ്ടു കിടക്കുന്ന കമ്മല്‍ - ആഫ്രിക്കന്ഗോത്രവര്ഗക്കാരു പണ്ട് ഉപയോഗിച്ചിരുന്നത് ആയിരിക്കും; ചങ്ങല പോലുണ്ട് മാല - വല്ല ആനേടെയും കാലേന്നു അടിച്ചുമാറ്റിയാതാരിക്കും; ഒന്നര ഡസന്‍ വളസാരിയേലെ എല്ലാ നെറോം ഒണ്ട് - കൈകണ്ടാല്‍ പുട്ടുകുറ്റിക് പെയിന്റ്അടിച്ചപോലുണ്ട്. ആകെ മൊത്തം ടോട്ടല്‍ ഇപ്പൊ എന്നെ കണ്ടാല്‍ അന്യംനിന്നുപോയനാടന് കലാരൂപം ആണെന്ന് തോന്നും.. അവള്‍ടെ ഒരു സിലക്ഷന്‍..ഒരു നെറ്റിപട്ടംകൂടെ മേടിക്കാരുന്നു.!! അനിയത്തി ആണത്രേ അനിയത്തി ..തടിച്ചി..ഹും !!എന്നാലും ഫെയ്സ് കൊള്ളാം..ഞാന്‍ പണ്ടേ സുന്ദരിയല്ലിയോ? ?!!
"ചിന്നുചേച്ചി, കുറച്ചു മുല്ലപ്പൂകൂടെ വെക്കാരുന്നു."
"എന്നാപ്പിന്നെ ഇച്ചരെചൊവന്ന ലിപ്സ്ടിക്കും കൂടെ ഇട്ടു ഹരിപ്പാട് ബസ് സ്റ്റാന്റിലോട്ട് പോയിനിക്കാം, എന്തേയ്??"
"ഹി ഹി ആ ഡയലോഗ് കൊള്ളാം ഞാന്‍ "ലൈക്" അടിച്ചു" [ആത്മഗതം: പിള്ളേരൊക്കെ ഇപ്പൊ സംസാരിക്കുന്നതും ഫെയ്സ്ബുക്ക് ഭാഷ !!]
"ചിന്നുവേ, അകത്തു കയറി ഇരിക്ക് അവര് എത്താറായി."
" അല്ല അപ്പൊ അവര്ക്ക്എന്നെ കാണണ്ടായോ?"
"പറഞ്ഞതങ്ങു അനുസരിച്ചാമതി."
"ചിന്നു ചേച്ചി, ടെന്ഷന്ഉണ്ടോ?"
"എന്തിനു? ഇവിടെ എന്നാ വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്നോ?"
"ഇത്രേം ഒക്കെ ആകുമ്പോള്‍ ചിന്നു ചേച്ചി ഒരു പാവം ആണെന്ന് അവര് തെറ്റിധരിച്ചോളും"
വിളിക്കുന്നതുവരെ അടുക്കളെന്നു പുറത്തിറങ്ങരുതെന്ന് ഇന്സ്ട്രക്ഷന്കിട്ടിയിട്ടുണ്ട്.പക്ഷെ അകത്തിരിക്കാന്‍ പറഞ്ഞാല്‍ പുറത്തെന്താനടക്കുന്നതെന്ന് എന്ന് അറിയാനുള്ള ഒരു ക്യൂരിയോസിറ്റി നാച്യുരല്ലിവരുവല്ലോ ..മനുഷ്യസഹജം.!!അപ്പൊ ഒളിഞ്ഞു നോക്കാന്‍ ഉള്ള ടെന്ടന്സിയുംകൂടും.ഏതായാലും അതിനൊന്നും ഇടവരുത്താതെ അപ്പുറതൂന്നു വിളിവന്നു.
" ചിന്നൂ, മോളെ അവിടെ നിക്കാതെ ഇങ്ങോട്ട് വാ."
അതുകൊള്ളാം ഇപ്പൊ ഇവിടെ നിന്നതായോകുറ്റം.
ഒരു മുറി നിറയെ ആളുകള്‍.നാട്ടുകാരേം കൂട്ടിയാണോ ഇവര്പെണ്ണുകാണാന് വന്നേക്കുന്നത്?! എല്ലാവരും സംസാരിക്കുണ്ട് ഇടക്ക് എന്നോടുംഉണ്ട് ചോദ്യങ്ങള്‍.മണവാളന്‍ കുഞ്ഞിരാമന്‍ ഒരു കപ്പ് ചായേം പിടിച്ചോണ്ട്കുനിഞ്ഞിരുപ്പുണ്ട്. പുതിയ ഷര്‍ട്ട് ആണെന്ന് തോന്നുന്നു ,ഫുള്‍ സ്ലീവ് ,ടക്ക് ഇന്‍ ചെയ്തിട്ടുണ്ട് ,ഒരു ടൈയ്യും കൂടെ ഉണ്ടായിരുന്നേല്‍ സ്കൂളില്‍കൊണ്ട് ഇരുതാരുന്നു.
'ദൈവമേ പെയ്സ്ട്രി 6 എണ്ണമേ ഉള്ളു അതുമാത്രം കഴിക്കാന്‍ അവര്ക്ക്തോന്നരുതേ ..'
പഠിപ്പിച്ചു വിട്ട ടിപ്സ് എന്തോ തെറ്റിച്ചത് പോലെ സൈഡില്‍നിന്ന് 2ഉണ്ടകണ്ണുകള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് ..ഓ സാരിയില്പിടിക്കാന് പാടില്ലല്ലോ ..!!
ദേ വരുന്നു അടുത്ത പ്രഖ്യാപനം "നിങ്ങള്ക്ക്വല്ലോം സംസാരിക്കാന്‍ ഉണ്ടെങ്കില്‍ അങ്ങോട്ട് മാറി ഇരുന്നോളു".
അമ്മയുടെമുഖത്ത് ദയനീയം ആയോന്ന് നോക്കിയിട്ട്അങ്കത്തട്ടിലേക്ക്തള്ളിയിടപ്പെട്ടവനെപ്പോലെപാവം കുഞ്ഞിരാമന്‍ ഒരു കസേരനീകിയിട്ടു ഇരുന്നു.ഇനി ഞാന്‍ പോയി അയാള്‍ടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരംകൊടുക്കണമല്ലോ..പടച്ചോനേ ഞമ്മളെ കാതോളീ...!! അങ്ങനെ ഇരിക്കാന്‍തുടങ്ങിയിട്ട് 2 മിനിറ്റ് ആയിക്കാണും കുഞ്ഞിരാമന്‍ മിണ്ടണില്ല.ചായക്കപ്പ്കയ്യില് പിടിച്ചു കറക്കുനുണ്ട്..ഇടയ്ക്കിടെ അമ്മ ഇരിക്കണ ഡയറക്ഷനിലേക്ക്നോക്കും.പിന്നെ പതുക്കെ കണ്പോള ഉയര്‍ത്തി എന്നെ ഒന്ന് നോക്കും പെട്ടന്ന്തന്നെ നോട്ടം താഴോട്ടാകും..പഴേ കുമാരസംഭവം സിനിമയില്‍ പരമശിവനെകാണുമ്പോഴുള്ള സതി ദേവിയുടെ എക്സ്പ്രഷന്‍ ..അതേ നാണം.ശെടാ, ഞങ്ങളില്‍ ആരാപെണ്ണ്??ഞാന്‍ ഇനി ഇവനെ പെണ്ണുകാണാന്‍ വന്നെ ആണോ?
തനി സ്വഭാവംപുറത്തെടുക്കാന് ടൈം ആയി ..ഇനി ലവള്‍ടെ 10 ടിപ്സും പിടിചോണ്ടിരുന്നിട്ടുഒരു കാര്യോം ഇല്ല ..ബ്രെയ്ക്ക് ദ റൂള്‍സ്..!!
സാരി ഒന്നും അഡ്ജസ്റ്റ്ചെയ്തു കാലുംമേല്‍ കാലും കേറ്റി വെച്ച് 1-2 റൂള്‍സ് ഒരുമിച്ചങ്ങുതെറ്റിച്ചു കോണ്‍വര്‍സേഷന്‍ ഞാന്‍ തന്നങ്ങു തുടങ്ങി :
" ചായ കുടിക്കു"
"മ് , കുടിക്കാം "
പിന്നേം അമ്മയെ നോക്കുന്നു. ഇടക്ക് എന്‍റെ മുഖത്തേക്ക്നോക്കിയിട്ട് നമ്രമുഖനായി ഇരിക്കുന്നു.കയ്യിലെ ചായക്കപ്പ് നിര്ത്താതെതിരിയുന്നുണ്ട്. ഒരക്ഷരം മിണ്ടണ ലക്ഷണം ഇല്ല.ഈ ഇന്റര്‍വ്യൂ ഞാന്‍ തന്നെഎടുക്കേണ്ടി വരും.
"എവിടെയാ വര്‍ക്ക് ചെയ്യുന്നത്?"
"കാക്കനാട്"
"സെസില്‍ ആണോ?"
"അതേ"
" ഓകെഫൈന്, ചായ കുടിക്കൂ"
" മ് , കുടിക്കാം "
പിന്നേം ആ ഗ്ലാസ് കയ്യില്പിടിച്ചു തിരിക്കുന്നുണ്ട്.ലെവള് ഇനി കിട്ടിയ സമയത്ത് ഈ കുഞ്ഞിരാമാനേം 10ടിപ്സ് പഠിപ്പിച്ചു കാണുവോ? നാണിച്ച മുഖം ,നോ വള വളാ സംസാരം, ചോദിക്കുന്നതിനു മാത്രം ഉത്തരം, ഇങ്ങോട്ട് ഒന്നും ചോദിക്കുന്നും ഇല്ല, വിരല്‍ ഞൊടിക്കുന്നതിനു പകരം കപ്പ് തിരിക്കുന്നും ഉണ്ട്..
[ ആത്മഗതം : ഇനി എന്നെ കണ്ടുപേടിച്ചിട്ടാരിക്കുവോ..ഹും ലവള്‍ടെ ഒരു മയ്ക്കപ്പ് ]
" ഏയ് അല്ല "പിന്നേം അമ്മേ നോക്കുനുണ്ട്..ഭാഗ്യം ചായ കുടിച്ചു തുടങ്ങി.
" എന്നോടൊന്നുംചോദിക്കാനില്ലേ?"
വീണ്ടും ചായക്കപ്പ് തിരയാന്‍ തുടങ്ങി ഏതായാലും ആടെക്കനിക്ക് ഏറ്റു കുഞ്ഞിരാമന്‍ വാതുറന്നു.
" വര്‍ക്ക് ചെയ്യുന്നുണ്ട്അല്ലെ? ഡീട്ടെയ്ല്‍സ് ഒക്കെ അമ്മ പറഞ്ഞിരുന്നു."പിന്നേം അമ്മേടെനേര്ക്ക് നോട്ടം നീളുന്നു. കുഞ്ഞിരാമന്റെ ചാര്‍ജ് തീര്ന്നെന്നാതോന്നുന്നേ. ആ കപ്പ് കറക്കി കറക്കി നിലത്തിടും ചിലപ്പോ.ഇനിയും ഞാന്‍ ആകുഞ്ഞിരാമനെ ചോദ്യംചെയ്തു ബുദ്ധിമുട്ടിച്ചാല്‍ ഞങ്ങള്വല്ല സേതുരാമയ്യര്ഫാമിലിയിലും പെട്ടവര്ആണെന്ന് തെറ്റിദ്ധരിക്കും
മക്കളുടെ നൊമ്പരങ്ങള്ആദ്യം അറിയുന്നത് അമ്മമാര്‍ ആയിരിക്കും എന്നാകോണ്സെപ്റ്റ് ശെരിവെച്ചുകൊണ്ട് ദേ അമ്മായിഅമ്മ ക്യാരക്ടര്‍ രംഗപ്രവേശം ചെയ്തു.ചായക്കപ്പിന്റെ കറക്കം നിര്‍ത്തി കുഞ്ഞിരാമന്‍ ചായ കുടിച്ചു.അപ്പോഴേക്കുംകാലൊക്കെ താഴെവെച്ചു മുഖം കുനിച്ചു 10 ടിപ്സ് ഞാന്‍ പുറത്തെടുത്തു.
അങ്ങനെവളരെ സമാധാന പരമായി ആ പെണ്ണുകാണല്‍ അവിടെ അവസ്സാനിപിച്ച് അവര്ഇറങ്ങുവാണെന്നു കേട്ടപ്പോതന്നെ ആ ഫാന്‍സി ഡ്രസ്സ് അവസാനിപ്പിക്കാന്‍ ഉള്ളആന്തരികവും ഉത്കടവുമായ വ്യഗ്രതയില്‍ കാതില്‍ കിടന്ന കുണ്ടലങ്ങളൊക്കെ ഊരികയ്യില് പിടിച്ചു ഉണ്ട കണ്ണുകളുടെ രൂക്ഷനോട്ടത്തെ അവഗണിച്ചു അവരെഗെയ്റ്റില് ചെന്ന് യാത്രയാക്കി.
ഹൊ സമാദാനം ഇനി ഈ സാരിക്കകത്തൂന്നു ഒന്ന്ഇറങ്ങി കിട്ടണം ..പണ്ടാരം ചൊറിയണ്. രാവിലെ ഒരു മണിക്കൂറിന്റെ അദ്വാനംകൊണ്ട് പടുത്തുയര്‍ത്തിയ സാരി തജ്മഹല്‍ വെറും നിമിഷങ്ങള്‍ കൊണ്ട്നിലംപരിശാകി..ഉച്ചവരെ നീണ്ടു നിന്ന സാരി പീഡനത്തില്‍ നിന്നുള്ളവേഷപകര്ച്ച..ആഹ എന്തൊരാശ്വാസം.
" അപ്പോഴേക്കും ഡ്രസ്സ് മാറ്റിയോ ,നീ സാരിഉടുത്ത ഒരു ഫോട്ടോ എടുക്കണംന്നു വിചാരിച്ചതാരുന്നു ."
"ചിന്നു ചേച്ചീചെക്കനെ കുറിച്ചുള്ള അഭിപ്രായം??"
"ലജ്ജാവഹം"
"എന്താ ആ പയ്യനൊരു കുഴപ്പംകണ്ടാലേ അറിയാം പാവമാണെന്ന്"
"എന്നാലേ അമ്മ കല്യാണം കഴിച്ചോ .നിങ്ങള് നല്ലമാച്ചാ, അച്ഛനോട് ഞാന്‍ പറഞ്ഞോളാം."
" ആ പെയ്സ്ട്രി അവര് കഴിച്ചുതീര്ക്കുവോന്നു പേടി ഉണ്ടാരുന്നു "
അങ്ങനെ ആ മണവാളന്‍ കുഞ്ഞിരാമന്റെ SWOT അനാലിസിസ് നടത്തികൊണ്ടിരുന്നപ്പോ ഒരു കോളിംഗ് ബെല്ല്. ഇതിനിആരാണാവോ.
"ചിന്നു, നീ അവിടെ ഇരുന്നാമതി ഞാന്‍ നോക്കാം"
"അതെന്നാ ഞാന്നോക്കിയാല്,അമ്മ ആ പെയ്സ്ട്രി ഒക്കെ എടുത്തു അകത്തു വെക്ക്, ആരേലുംവന്നാല് കൊടുക്കാന്‍ മാത്രം ഇല്ല."
എന്‍റെ ഈശോ ഗുരുവായൂരപ്പാകതകുതുറന്നപ്പോ ദേ നിക്കുന്നു കുഞ്ഞിരാമനും അമ്മാവന്മാരും അടക്കം ഒരു ടവേരനിറയെ ആളുകള്‍.ഇവരെയല്ലേ ദൈവമേ ഞാന്‍ കുറച്ചു മുന്‍പ് ടാറ്റ കൊടുത്തുയാത്രയാക്കിയത്.ഇവര് പോയില്ലാരുന്നോ ??!!വാക്സ് മ്യൂസിയത്തിലെ പ്രതിമകണക്കെനില്ക്കുന്ന എന്നെ അവരൊക്കെ അടിമുടി നോക്കുന്നുണ്ടോ എന്നൊരുസംശയം.10ടിപ്സ്...?? തല കുനിക്കണോ?! കൈ വിരല് ഞൊടിക്കണോ? ചിരിക്കണോ? അങ്ങോട്ട് വല്ലോം ചോദിക്കണോ? എന്താപ്പാ ചെയ്കാ? എന്താണാവോ ഈ രണ്ടാംവരവിന്റെ ഉദേശം? ഇന്നുതന്നെ എന്നെ കല്യാണം കഴിച്ചോണ്ട് പോകാന്ആരിക്കുവോ? എല്ലാവരുടെയും നോട്ടം എന്‍റെ കോസ്റ്റ്യൂമിലേക്ക് തന്നെ സംശയംഇല്ല. ഒരു കുടുംബത്തിന്റെ മുഴുവന്‍ മുഖഭാവവും "പുച്ഛരസത്തിലോട്ടു"വഴിമാറുന്നുണ്ടോ?
"മോളെ ശൈലജെടെ [ കുഞ്ഞിരാമന്റെ അമ്മ ] ഹാന്‍ഡ് ബാഗ് ഇവിടെ വെച്ച് മറന്നു, കുറച്ചു ചെന്നപ്പോഴാ ഓര്‍ത്തെ അതെടുക്കാന്‍ വന്നതാ."
ബാഗ് ഒക്കെ എടുത്തുകൊടുത്ത് അവരെ വീണ്ടും യാത്രയാകി .സന്തോഷം. "ശേ അവര് എന്ത്വിചാരിച്ചുകാണും, നിന്നോട് ഞാന്‍ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ ചിന്നുഇമ്മാതിരി നിക്കറും ഇട്ടോണ്ട് ഇവിടെങ്ങും നടക്കരുതെന്നു"
" നിക്കറോ , വോട്ടിസ് ദിസ് അമ്മ ,ഇത് ത്രീ ഫോര്‍ത്താ"
" എന്ത് ഫോര്‍തായാലും കൊള്ളാംഇനി മേലാല്‍ ഇമ്മാതിരി വേഷംകെട്ടല് കണ്ടുപോകല്ലും ." അതിനു ഇവരിങ്ങനെ ബൂമറാങ്ങ് പോലെ തിരിച്ചു വരുമെന്ന് ഞാന്‍ അറിഞ്ഞോ?"
അങ്ങനെ ഒരു വെള്ളിയാഴ്ച കൂടി…മരുഭൂമിയില്‍ ഒട്ടകങ്ങളെ പോലെമേഞ്ഞുനടക്കാന് വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് തങ്ങളും മനുഷ്യരാണെന്ന്ചിന്തിച്ചെടുക്കാന് അവസരം ലഭിക്കുന്ന ദിവസം.ഒഴിഞ്ഞ ബഡ്വൈസര്ഉംഹെയിനിക്കെനും മേശപ്പുറത്ത് തന്നെയുണ്ട്-അവധിദിനത്തിലെസുഹൃത്തുക്കള്.
ഇന്ന് പതിവിലും വൈകിയിരിക്കുന്നു.എന്തോ ഒരു തളര്ച്ചശരീരത്തെയും മനസ്സിനെയും ബാധിച്ച പോലെ.വല്ലാതെ മെദേഡിക്കല്‍ ആവുന്നുണ്ട്ലൈഫ്, ദിവസവുംഷാര്ജ - ദുബായ് ഹൈവേയിലെഹെവി ട്രാഫിക്കിലൂടെജോലിസ്ഥലത്തേക്ക് 2മണിക്കൂര്‍ നീണ്ട യാത്ര, കമ്പ്യുട്ടറുകള്‍ക്കിടയില്‍ ഒരുപകല്‍, തിരികെ ഷാര്‍ജ കിംഗ് ഫൈസ്സല്‍ റോഡിലുള്ളഅപ്പാര്ട്ട്മെന്റ്റിലേക്ക്.
രാത്രിയില് എപ്പോഴോ നിര്‍ത്താതെ റിംഗ്ചെയ്തിരുന്ന മൊബൈല്‍ സൈലന്റ് മോഡില്ഇട്ടപോലോരോര്മ്മ .. ഓ മൈ ഗോഡ്!! 18മിസ്സ്ഡ് കോള്‍സ്, ഒപ്പം കൃഷ്ണ യുടെമെസേജും "നമ്മുടെ ജാസ്..., ആക്സിഡന്‍റ്റ് ആണെന്നാ അറിഞ്ഞെ".
********* ജാസ്മിന്‍,കലാലയം നല്‍കിയ ഭംഗിയുള്ള ഒരു സമ്മാനം ,ഹൃദയത്തോട് അടുത്ത്നില്ക്കുന്ന ഒരു സൗഹൃദം.'അവളുടെ മരണം' - ഞെട്ടലോ ദുഖമോ ഒന്നുമല്ല ഒരുതരം നിര്‍വികാരത!! ഇതുഎന്തോ പ്രതീക്ഷിച്ചിരുന്നത് പോലെ. ഒടുവില്‍ അവള്‍ മനസ്സിന്റെ ആ ധൈര്യംകണ്ടെത്തിയിരിക്കണം.
പൊതുവേവായടിയെന്നുകോളേജില്അറിയപ്പെട്ടിരുന്ന അവളുടെമറ്റൊരുമുഖം- ഒരു മസോക്കിസ്ടിന്റെ , സെല്‍ഫ് ഇന്‍ഫ്ലിക്റ്റഡ് മെന്‍റ്ല്‍ പെയ്നില്‍ അഭയംകണ്ടെത്തിയിരുന്ന ഒരു മനസ്സ്.വിവാഹ മോതിരം വിരലില്‍ അണിഞ്ഞു ഒരു മാസംതികയും മുമ്പ് പ്രിയപ്പെട്ടവന്റെ പുതിയ കാമുകിക്ക് വേണ്ടിഅത്ഊരി മാറ്റേണ്ടിവന്നു അവള്‍ക്ക്.
ബാല്യത്തിന്‍റെ ഒറ്റപെടലുകളില്‍ എവിടെയോ വെച്ച് തന്നെ കെട്ടുപൊട്ടിച്ചുസഞ്ചരിച്ചുതുടങ്ങിയിരുന്ന അവളുടെമനസ്സിന് പ്രതീക്ഷകള്‍ക്കും അപ്പുറംആഴത്തില്ലുള്ള മുറിവേല്‍പ്പിച്ചു ആ സംഭവം.
എന്‍റെ ജാസ്.. ശ്രീകൃഷണന്‍റെ മുഖമുള്ള അവളുടെ ലിറ്റില്‍ ഹാര്‍ട്ട് ..അവരുടെ പ്രണയം ..ഒടുവില്‍ ഒരു കുഞ്ഞു മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ്.
" മനു, എന്‍റെ ഉള്ളില്‍ ചങ്ങലക്കിട്ടിരിക്കുന്ന ഒരുഭ്രാന്തിയുണ്ട്..അവള് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുതുടങ്ങിയിരിക്കുന്നു..എന്‍റെ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു പുറത്തു വരാന്പോന്ന ശക്തി അവള്‍ നേടിയെടുക്കുമോ? എനിക്ക് പേടിയാവുന്നു .. "
"ഒന്നുമില്ല മോളെ അവന്‍റെ കൈയിന്നു നീ രക്ഷപെട്ടില്ലേ, ഇനി ഒരിറ്റു കണ്ണ് നീര്‍ പോലും വീഴരുത് അവനു വേണ്ടി .. ദാറ്റ് ബ്ലഡിഷാമ്മര് ഡസിന്റ് ഡിസെര്‍വ് ഇറ്റ്."
"മുല്ലപ്പൂവിന്‍റെ ഇതളുകള്‍ വാടി തുടങ്ങും പോലെ "
**********
പിന്നീട് ചെറിയ ഒരിടവേളക്ക് ശേഷം എല്ലാം മറന്നു കോളെജിലേക്ക് അവള്മടങ്ങിയെത്തി ..പഴയതിനേക്കാള്‍ മിടുക്കിയായ് . സന്തോഷത്തിന്‍റെ ആ പഴയദിനങ്ങള്മടങ്ങിയെത്തിയ പോലെ.
കോഴ്സ് കംബ്ലീറ്റ് ചെയ്യും മുന്‍പ് എനിക്കീമരുഭൂമിയിലേക്ക് വരേണ്ടിവന്നു.പിരിയും മുന്‍പ്എന്റെ ഡയറി താളുകള്ഒന്നില് അവള് അവസാനമായി കുറിച്ചിട്ടു ..
'കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത ഒരു ഭ്രാന്തന്‍ സ്വപ്നമാണ്എനിക്ക് പ്രണയം.മഞ്ഞു പോലെ തണുത്ത ഒരു സുഖം .എനിക്ക് സ്വപ്‌നങ്ങള്‍ തരരുത് .എനിക്ക് ചിത്രമെഴുത്ത് അറിയില്ല.എത്ര ശ്രമിച്ചിട്ടും അനുപാതം തെറ്റാതെവര്ണക്കൂടുകളെചാലിച്ചെടുക്കാന് ആവുന്നില്ല. എന്‍റെ ചിത്രത്തിന്സ്നേഹത്തിന്റെ ഇളം നിറങ്ങളെ കൂട്ടിയെടുക്കാന്‍ ആവുന്നില്ല.ഇനിയൊരിക്കലുംഞാന് ചിത്രമെഴുതില്ല, പ്രണയവര്‍ണങ്ങള്‍ നെയ്ത സ്വപ്‌നങ്ങള്‍ കാണില്ല ..' ഒന്ന് മാത്രം മനസ്സിലായി .മുല്ലപ്പൂവിന്‍റെ ഹൃദയത്തിലെ മുറിവ് ഉണങ്ങിയിട്ടില്ലെന്നു..
***** ചാറ്റിലൂടെയും ഫോണിലൂടെയും തുടര്‍ന്ന് പോയ സൗഹൃദയത്തിന്റെ നാളുകള്‍.......ഇടക്ക് ചിലപ്പോള്‍ മാസങ്ങളോളം അവളെ കുറിച്ചൊരറിവും ഉണ്ടാകില്ലസുഹൃത്തുക്കള്ക്ക് ആര്‍ക്കും തന്നെ .. കോള്‍സ് അറ്റെന്റ് ചെയ്യില്ലമേയില്സിനു റിപ്ലെ ഇല്ല , ഒരു തരം അജ്ഞാതവാസം.. പിന്നീട്വേനല് ചൂടിലേക്ക്പെയ്തിറങ്ങുന്ന മഴമേഘങ്ങള്‍ പോലെ ഓരോ മഴക്കാലങ്ങള്‍ തീര്ത്തുകൊണ്ടുള്ളമടങ്ങി വരവുകള്‍. അതിനെ കുറിച്ച് ചോദിക്കുമ്പോഴോന്നും വ്യക്തമായ ഒരുഉത്തരം ഉണ്ടായിരുന്നില്ല അവള്‍ക്ക്. ' ബൈ പോളാര്‍ ഡിസോഡര്‍ പീരീഡ്' എന്നൊരു ഒഴുക്കന്‍ മറുപടിയും.
***** മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ........ ജാസ്മിന്‍റെ വിവാഹം !!! അവള്‍ തന്നെയാ ആ വാര്‍ത്ത അറിയിച്ചത് . "മനു , അങ്ങനെ മുല്ലപൂവിനു മിന്നുകെട്ട് "
" ജാസ് .."
"യ, പേര് സൂരജ് , കുവൈറ്റിലാ, ഒരു "ഇഞ്ചി നീര്"ഹഹ .."
"ആഹ അപ്പൊ ഇനി മരുഭൂമിയില്‍ മുല്ലപ്പൂക്കള്‍ വിരിയുമല്ലോ "
"ഇത് ഏതോ യു .എസ്സ് മിലിട്ടറി ബയ്സാ , വല്ല ഷെല്ലോ , മിസ്സൈലോ വീണു മുല്ലപ്പൂ കരിയാതിരുന്നാ മതി "
"അപ്പൊ മുല്ലപ്പൂ ഇനി സൂര്യന്‍റെ സ്വന്തം , എന്‍റെ മോള്‍ക്ക് നല്ലതേ വരൂ "
കമ്പനിയുടെ ചില പ്രൊജക്റ്റ് വര്‍ക്കുകള്‍ക്കായി ആറുമാസം നീണ്ടുനിന്നഎന്റെ കുവൈറ്റ് വാസം ,മംഗഫ്ഫിലെഅടുത്തടുത്തഫ്ലാറ്റിലെ താമസം.സൂരജുമായി കൂടുതല്‍ അടുക്കുകയുംഅവരുടെ ജീവിതത്തെ അടുത്തറിയുകയും ചെയ്തനാളുകള്‍ .അപരിചിതര്‍ പോലും പെട്ടന്ന് അടുത്തുപോകുന്ന തരം ഫ്രെണ്ട് ലിക്യാരക്റ്റെര് ആയിരുന്നു സൂരജിന്‍റെത്.
"മനു , സൂര്യന്‍റെ കൈകളില്‍ മുല്ലപൂവിനു ഭംഗിയേറുന്നില്ലേ ??"
"ജാസ് , ഹി ഇസ് റിയലി അനയിസ് മാന്‍.."
"ആഹ എത്തിയോ മുല്ലപ്പൂവിന്‍റെ കാവല്‍ക്കാരന്‍, ഫ്രണ്ടുക്കള്‍ രണ്ടൂടെ എന്നതാ ഒരു ഗൂഡാലോചന ?"
" ചില അമേരിക്കന്‍ ചാരന്‍ മാരെ അല്‍ ഖ്വൈദക്ക് കൈമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാ, എന്താ മിസ്റ്റര്‍. സൂരജ് കൂടുന്നോ
?"
"ആക്കല്ലേ മോളെ ചേട്ടനിതോക്കെ എത്ര കണ്ടിരിക്കുന്നു, അളിയാ മനു കുട്ടാ വൈകിട്ടത്തെ പ്രോഗ്രാംസ് എല്ലാം ഓക്കേ അല്ലെ ?"
"ഡബിള്‍ ഓക്കേ, അളിയാ "
"എന്നാ ഓക്കേ? എന്താ രണ്ടൂടി ? സംതിംഗ് സ്ടിങ്കി ???"
"പോടീ പോടീ , ആദ്യം നിന്റപ്പന്‍ ആ താടിക്കാരനെ വെള്ളം ഒഴിക്കാതെ ബിയര്അടിക്കാന് പഠിപ്പിക്ക്, എന്നിട്ട് വാ ആണുങ്ങളോട് സംസാരിക്കാന്‍ "
"ഇത് കണ്ടോ മനൂ കളിയാക്കണേ, അറിയാതൊന്നു ചോദിച്ചുപോയി ബിയറില്‍ വെള്ളം ഒഴിക്കില്ലേന്നു അന്ന് തുടങ്ങീതാ.."
********** പിന്നീട് കൃഷ്ണ പറഞ്ഞാ അറിയുന്നത് ,ജാസ് ഹോസ്പിറ്റലൈസ്സ്ഡാണെന്നും, ക്യാന്‍സര്‍ ബാധിച്ചു തുടങ്ങിയ അവളുടെ യൂട്രസ്സ് റിമൂവ് ചെയ്യേണ്ടിവന്നെന്നും. അന്ന് സൂരജിനെ വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ ഒന്നുംതോന്നിയില്ല .സൂര്യ പ്രകാശം വീണു തുടങ്ങിയ മുല്ലപൂവിന്റെ ജീവിതം ..അത്മാത്രമായിരുന്നു മനസ്സില്‍ .
സൂരജില്‍ നിന്ന് തന്നെയാണ് ഒടുവില്‍ എല്ലാം അറിഞ്ഞത്. അവരുടെ വിവാഹത്തെകുറിച്ച് പിന്നെ അവളുടെആ പഴയ അജ്ഞാത വാസ ദിനങ്ങളെ കുറിച്ച്. കോളേജിലെലാസ്റ്റ് ഡേയ്സ്സില്‍ തന്നെ അവള്ഭയപ്പെട്ടിരുന്നത് പോലെ മനസ്സിന്‍റെ ചങ്ങലപ്പൂട്ടുകള്‍ തകര്‍ത്ത് അവളിലെ ആമറ്റൊരുവള് പുറത്തുവന്നു.മൂന്നു മാസത്തെ ട്രീറ്റ്മെന്‍റ് , സൂരജിന്റെഅമ്മയുടെ അടുത്ത്. ഒടുവില്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യംവീണ്ടെടുത്ത അവളെ ജീവിതത്തിലേക്ക് കൂട്ടാം എന്നുള്ള സൂരജിന്‍റെ തീരുമാനം ,എല്ലാം അറിഞ്ഞു കൊണ്ട് തന്നെ .എന്നിട്ടും വിധി വീണ്ടും അവളോട്...
"മനൂ, എന്തൊക്കെ തന്നെ സംഭവിച്ചാലും ഇനി ഒരിക്കല്‍ കൂടി അവളെ ആ പഴയഅവസ്ഥയിലേക്ക് ഞാന്‍ വിട്ടു കൊടുക്കില്ല , ഞങ്ങള്‍ ജീവിക്കുമെടോ ,സന്തോഷത്തോടെ "
പരസ്പരം അറിഞ്ഞും സ്നേഹിച്ചും ഉള്ള കുടുംബ ജീവിതം.അന്നൊക്കെ മിക്കവാറും ദിവസങ്ങളില്‍ അവളെന്നോട് സംസാരിക്കാരുണ്ടായിരുന്നു.
"മനൂ, എന്‍റെ സൂരജിന് നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കാമോ? തിളങ്ങുന്ന മുഖമുള്ള, നീണ്ടമുടിയുള്ള , പാട്ടുപാടനറിയുന്ന..പിന്നെ ..പിന്നെ ..അമ്മയാവാന്‍ കഴിയുന്ന ..."
"ജാസ് , നിര്‍ത്തിക്കോ നിന്‍റെ അഹങ്കാരം.."
" ചൂടാവാതെ എന്‍റെ മനു സാറേ , ഹാ പിന്നെ അവളുടെ കണ്ണുകള്‍ക്ക് എന്റത്ര ഭംഗി വേണ്ട ..യു നോ സൂരജിന് ഏറ്റവും ഇഷ്ടം എന്‍റെ കണ്ണുകളാ"
"പോ പെണ്ണെ അവിടുന്ന് , ഈ ക്വാളിറ്റീസ് എല്ലാം ചേര്‍ത്ത് ഞാനൊരുകസ്റ്റമൈസ്ട് പീസിനെ ഒണ്ടാക്കി കൊടുക്കാം നിന്‍റെ കെട്ട്യോനു കെട്ടിപണ്ടാരവടങ്ങാന്"
"മനൂ, ഒരു സ്ത്രീയുടെ പൂര്‍ണത മാതൃത്വത്തിലാണ്, സൂരജിനും വേണ്ടേ ഒരുലൈഫ് , എത്ര നാളാ ഇങ്ങനെ സ്നേഹത്തിന്‍റെ പേരില്‍ ആ പാവത്തെ ശിക്ഷിക്കുന്നത് , ഒരു കുഞ്ഞില്ലാത്ത അവസ്ഥ അത് ഉണ്ടാക്കുന്ന ഗാപ് സ്നേഹത്തില്വരുത്തുന്ന വിള്ളല്‍ അത് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്ചിലപ്പോഴൊക്കെ , എത്ര ആത്മാര്‍ത്ഥസ്നേഹത്തിലും " അമ്മയാവാന്‍ കഴിയില്ലെന്നുള്ള സത്യം അവളെ വല്ലാതെവെട്ടയാടുന്നുണ്ടായിരുന്നു . എങ്കിലും സൂരജ് അവള്‍ക്ക് ധൈര്യം കൊടുത്ത്കൂടെ ഉണ്ടായിരുന്നു . അവര്‍ നാട്ടില്‍ സെറ്റില്‍ ചെയ്യാന്‍ തീരുമാനിച്ചു.അതിനു ശേഷം സംസാരങ്ങള്‍ വളരെ കുറവായിരുന്നു .ഇടയ്ക്കിടെ എത്തുന്നമെയിലുകള്. ഒന്നോ രണ്ടോ വരികളില്‍ അവളുടെ മനസ്സും ജീവിതവും ഒതുക്കിയസന്ദേശങ്ങള്.നീണ്ട ഇടവേളക്ക് ശേഷംഒരു വര്‍ഷം മുന്‍പ് ഒരു മെയില്‍.
'ഇത് കനല്‍ മഴക്കാലം .. പറഞ്ഞു തീര്‍ക്കാനാവാത്ത നോവിനെ മനസ്സിന്റെഉള്ളറയില് നീറാന്‍ വിട്ട്.. ആത്മാവിനെയും ശരീരത്തെയും വെറുത്തു കൊണ്ട് , മൃതിയുടെ സ്മൃതിയെ പുണര്‍ന്നു, കണ്ണിരു വീണു കുതിര്‍ന്ന തലയിണയില്മുഖമമര്ത്തി വിതുമ്പി, നാല് ചുവരുകളുടെ ഏകാന്തതയില്‍ ശപിക്കപ്പെട്ടവളെപോലെ, ഇങ്ങനെ ...എന്‍റെ തെറ്റ് , എന്‍റെ മാത്രം തെറ്റ് .. ഇത് മഴക്കാലംകണ്ണീര്.. ,മഴക്കാലം. കെട്ടുതാലിക്കൊപ്പം മാറോട് ചേര്‍ന്ന് നിന്നിരുന്നഎന്റെ ഹൃദയതിനരികിലും ഞാന്‍ തനിച്ചാണിന്നു.. മൈ പെറ്റല്സ്സ് ഗോട്ട്വിദേട്..'
പിന്നെ കേള്‍ക്കുന്ന വാര്‍ത്ത സൂരജും ജാസ്മിനും പിരിയാന്തീരുമാനിച്ചെന്നു. ഡിവോഴ്സിനു ശേഷം മാസങ്ങള്‍ക്കുളില്‍ സൂരജിന്‍റെ വിവാഹം , പ്രണയ വിവാഹം. ജാസ്മിന്‍ അമ്മക്കൊപ്പം മണാലിയില്‍.ഇടയ്ക്കിടെ എത്താറുള്ളമെയിലുകള് അവയില്‍ പേടിപെടുത്തുന്ന ഒരുതരം പുകമറ. ജാസ്മിന്‍റെ അവസാനമെയില് ഒരാഴ്ച മുന്‍പുള്ളത്..
'ഇനി വരുന്ന നാളുകളില്‍ ഏതെങ്കിലുമൊന്നില്‍ എന്‍റെ മരണം ;കാലത്തിന്‍റെ താളുകളിലൊന്നില്‍ പണ്ടെങ്ങോ എഴുതിച്ചേര്‍ക്കപ്പെട്ട എന്റെമരണം. എറിഞ്ഞുടക്കാന്‍ കഴിയുന്ന ഒരു ചില്ലുപാത്രമായിരുന്നു ജീവിതമെങ്കില്‍ എത്രയോ ഋതുക്കള്‍ക്ക് മുന്പേഅത് ഉടക്കപെട്ടു കഴിഞ്ഞിരുന്നേനെ.. നടന്നകന്ന കാലങ്ങളിലെക്കൊരുതിരിച്ചുപോക്ക് ഇനി അസാധ്യം.. ഈ ജന്മം അവസ്സാനിക്കുകയാണ് ..എനിക്ക്നഷ്ട്ടപെടുകയാണ്..എന്‍റെ നഷ്ടങ്ങളില്‍ ഓരോന്നിലും ആരുടെയൊക്കെയോനേട്ടങ്ങളുണ്ട്. ഇത്ര കാലവും ഞാന്‍ ചിന്തിച്ചിരുന്നത് എന്‍റെ നഷ്ടങ്ങളെപറ്റിആയിരുന്നു,ഇനി എന്‍റെ ചിന്തകള്‍ ഞാന്‍ വരുത്തിയ നഷ്ടങ്ങളെ കുറിച്ച് , എന്‍റെ പ്രായശ്ചിത്തങ്ങളെ കുറിച്ച്.. മുല്ലപ്പൂ കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു ..ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനുള്ള ശക്തി ഈഇതളുകള്‍ക്കില്ല'
******
ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. വല്ലാത്ത ഒരു തളര്‍ച്ച , ഇത്തിഹാദ്ദ് പാര്‍ക്കിലേക്കുള്ള പതിവ് യാത്രയും ഒഴിവാക്കി, മനസ്സ് മുഴുവന്മുല്ലപ്പൂവും അവളുടെ സൂര്യനും.. ഏത് നിമിഷത്തിലാവും സന്ധ്യഅവര്ക്കിടയില് നിഴല്‍ വീഴ്ത്തി തുടങ്ങിയത്...!!!
നാട്ടില്‍ നിന്നാണ് കോള്‍ അമ്മയാ..
"മനു കുട്ടാ നമ്മടെ ജാസ്മിന്‍ .., കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞതാ, നല്ലഒന്നാന്തരം റോഡ് കിടക്കുമ്പ രാത്രിയില് മഴയത്ത് ആ ഇടുങ്ങിയ വഴിയിലൂടെഒറ്റക്ക് പോകേണ്ട വല്ല കാര്യോം ഒണ്ടോ ആ കുട്ടിക്ക് , അതിന്‍റെ സമയംആയിക്കാണും അല്ലാതെന്നാ"
" ഉം , സമയമായി കാണും "
"മോനെ ഇവിടെ നല്ല ഇടിയും മഴയുമാ അമ്മ ഫോണ്‍ വെക്കുവാ.." ഇവിടെയും ഈ മരുഭൂമിയിലും മഴയാ.. വല്ലപ്പോഴും ഒരിക്കല്‍ വഴിതെറ്റി എത്താറുള്ള മഴ ..
മുല്ലപ്പൂ കൊഴിയുന്നനാള്‍ -അവളിലെ മോര്‍ബിഡ് ബ്യൂട്ടി അതിന്‍റെ എല്ലാ സൌന്ദര്യത്തോടും കൂടി പുറത്തുവരുന്ന നാള്‍.
മുറിയിലാകെ മുല്ലപ്പൂ മണം പരക്കുന്നു......ഇനി ഓര്‍മ്മകളുടെ കാവല്‍ക്കാരന്‍.......