ill fated fellows

Sunday, March 25, 2012

"ദി പാലക്കാട് ബസ്സ്‌ "

"ചിന്നൂ, നിനക്ക് ട്രെയിനില്‍ പോയാ പോരെ ? ബസ്സില്‍ ഇത്രേം ദൂരം ഒക്കെ...ക്ഷീണം ആരിക്കും ."
" ഒന്ന് പോ അമ്മാ, പാലക്കാട് വരെ അല്ലെ ഒള്ളു , പോരാത്തതിന് ഇന്ന് തിങ്കളാഴ്ചയും ട്രെയിനില്‍ ഒന്നും സൂചി കുത്താന്‍ ഇടം കാണില്ല. അല്ലേലും ഇപ്പൊ എന്നാ വിശ്വസിച്ചാ ട്രെയിനില്‍ ഒക്കെ പോണെ , എപ്പളാ പിടിച്ചു പീടിപ്പിക്കുന്നെന്നു പറയാന്‍ പറ്റൂല്ല , ടി .ടി .ആറുമാരാ ഇപ്പഴത്തെ വില്ലന്മാര് "
"ശെരിയാ ബസ്സ്‌ കണ്ടക്ടര്‍മാരൊക്കെ നിഷ്കളങ്കന്‍മാരാണെന്ന് തോന്നുന്നു അല്ലേ ചിന്നു ചേച്ചി ?"
" പോടീ അവിടുന്ന്. അമ്മാ ,7 മണിക്ക് ഹരിപ്പാടൂന്നു ഒരു ബസ്സ്‌ ഉണ്ട് ഞാന്‍ അതീ പോയിക്കോളാം, സ്റ്റാന്റിന്നു കേറിയാല്‍ തിരക്കും കാണില്ല."
"7 മണിക്കോ ദേ കൊച്ചു വെളുപ്പാന്‍കാലത്ത് എഴുന്നേറ്റു പോണെ ഒക്കെ കൊള്ളാം ഒച്ചേം ബഹളോം ഒണ്ടാക്കി എന്‍റെ ഉറക്കം എങ്ങാനം കളഞ്ഞാല്‍ ചേച്ചി ആണെന്നൊന്നും ഞാന്‍ നോക്കൂല പറഞ്ഞേക്കാം.യാത്ര പറയാന്‍ ഒന്നും നിക്കണ്ട വേഗം പോയിക്കോണം, ഹും"
( നിന്നെ ഞാന്‍ ഉറക്കാടി പിത്തകാടി : ആത്മഗതം)

* * * * *

"പോന്നൂ നീ എന്‍റെ ക്ലിപ്പ് എടുത്തോ ?"
" അവിടെങ്ങാനം കാണും പോയി നോക്ക് "
" പോന്നുവേ , എന്‍റെ ഷൂ എന്തിയെ?"
"ഞാന്‍ എടുത്തു പുഴുങ്ങിത്തിന്നു, ചേച്ചി ഒന്ന് പോന്നുണ്ടോ വെറുതെ മനുഷ്യന്‍റെ ഉറക്കം കളയാനായിട്ട്."
"പോന്നുവേ മതി ഉറങ്ങിയത് എഴുന്നേറ്റു വാ ഇവിടെ, ചിന്നു ദേ ഇറങ്ങാന്‍ പോവാ "
"വരുവാ അമ്മാ. ഞാന്‍ ഉറങ്ങുവൊന്നും അല്ല ചേച്ചി സെയിഫായിട്ടു അങ്ങെത്തണേന്നു പ്രാര്‍ത്ഥിക്കുവാരുന്നു!!"

ഹോ അവള്‍ടെ ഒരു പ്രാര്‍ത്ഥന ഈ പോണ പോക്കില്‍ ഞാന്‍ ഉടലോടെ അങ്ങ് പണ്ടാരം അടങ്ങണേന്നു ആരിക്കും , മത്തങ്ങാതലച്ചി. ഏതായാലും അവള്‍ടെ ഉറക്കം തൂങ്ങിയ മുഖം കാണാന്‍ നല്ല രസം ഒണ്ട് ..ഇഹു ഇഹു.

* * * * *

ബസ്സിനു നല്ല സ്പീടൊണ്ട്‌ ഇങ്ങനെ പോയാല്‍ ഉച്ചക്ക് മുന്നേ പാലക്കാട് എത്തും.ബുള്ളറ്റ് ട്രെയിന്‍ ഒക്കെ ഇനി എന്നാത്തിനാ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് മതി എന്നാ പോക്കാ ഈ പോണെ!!
ടമാര്‍..പടാര്‍.. പ്ലാഷ്..ടിഷ്യൂം..ടിഷ്യൂം..
മൂക്ക് സീറ്റിന്റെ കമ്പിയില്‍ ഇടിച്ചത് മാത്രം ഓര്‍മ്മയുണ്ട്!!
ഉന്നംതെറ്റിയ ബുള്ളറ്റ് കണക്കെ എന്‍റെ കെ.എസ്.ആര്‍.ടി.സി ബുള്ളറ്റ് ട്രെയിന്‍ പാളം തെറ്റി ഒരു മരത്തിന്‍റെ നെഞ്ചത്ത് ഇടിച്ചു നില്‍ക്കുന്നു!! ഈശ്വരാ ആക്സിഡന്‍റ്റ് ..എനിക്ക് വല്ലോം പറ്റിയോ... ഞാന്‍ എങ്ങാണം ഇനി മരിച്ചു കാണുവോ ദൈവമേ..മൂക്ക് കമ്പിയില്‍ ഇടിച്ചാരുന്നല്ലോ?!!
ഇല്ല, ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഞാനും ജീവനോടെ ഉണ്ട്, ഹോ . ബസ്സിന്റെ ഫ്രണ്ട് ഗ്ലാസ് പൊട്ടി അത്രേ ഒള്ളു. അല്ലേലും ഈ ലൈലാന്‍റ്റ് വണ്ടിക്കൊക്കെ നല്ല തൊലിക്കട്ടിയാ.എന്നാലും എന്‍റെ പാലക്കാട് ബസ്സ്‌!!
സ്വന്തം ഉടപ്പിറപ്പ് പെരുവഴിയില്‍ നൂലുപൊട്ടിയ പട്ടം കണക്കേ മരംചുറ്റി ത്രികോണേന്നു കിടക്കുന്നത് കണ്ടിട്ട് സങ്കടം സഹിക്കാഞ്ഞിട്ടാവും പുറകെ വന്ന കോഴിക്കോട് ഫാസ്റ്റ് അവിടെ നിര്‍ത്തി, അല്ലെങ്കില്‍ സ്റ്റോപ്പില്‍ പോലും നിര്‍ത്താത്തവന്മാരാ.
"മോള്‍ക്ക് എങ്ങോട്ട് പോകാനാ?"
"പാലക്കാട്"
"എന്നാ ഇതില്‍ കേറിക്കോ എറണാകുളത്തോ തൃശൂരോ ചെന്ന് മാറി കേറാം ഇവിടെ നിന്നാല്‍ ഇനി ബസ്സ്‌ ഒന്നും നിര്‍ത്തില്ല "
എന്ത് സ്നേഹം ഉള്ള ആന്‍റി, ആരാണോ എന്തോ?
ഹോ, നല്ല സുഖമുള്ള യാത്ര ,രണ്ടു ബസ്സിനകത്ത് കൊള്ളാന്‍ ഉള്ള ആളുകള്‍ ഒന്നില്‍!!
* * * * *
മാരാരിക്കുളം എത്തിയപ്പോ നല്ല ഒന്നാന്തരം ബ്ലോക്ക്‌. റോഡില്‍ മരം വീണെന്ന് ..ഈ മരത്തിനൊക്കെ വീഴാന്‍ കണ്ട സമയം, ഒന്നര മണിക്കൂര്‍ അവിടെ പോയി .
ദൈവാനുഗ്രഹം കൊണ്ട് വേറെ അനിഷ്ടങ്ങള്‍ ഒന്നും ഇല്ലാതെ അങ്ങനെ തൃശൂര്‍ എത്തി. ഇനി എവിടെ നിന്നാലാണാവോ ബസ്സ്‌ കിട്ടണേ.
"മോള് ദേ അപ്പുറത്തെ സൈഡിലോട്ടു നിന്നോ അവിടാ പാലക്കാട് ബസ്സ്‌ നിര്‍ത്തുന്നത്."
ഒരു ബസ്സ്‌ അവിടെ സ്റ്റാര്‍ട്ട് ചെയ്തു ഇട്ടെക്കുന്നു, ഏതാണോ എന്തോ, ബാക്കില്‍ ബോര്‍ഡു വെച്ചിട്ടുണ്ട്. ബോര്‍ഡു കുറച്ചു സൈഡിലോട്ടു നീങ്ങി ഇരിക്കുവാ നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍ "പാ" യും "ല" യും കാണാം ഇനിയിപ്പോ ഫ്രെണ്ടില്‍ പോയി നോക്കാന്‍ ഒന്നും നേരം ഇല്ല "പാ" യും "ല"യും ഉണ്ടല്ലോ "കാട്" അപ്പുറത്ത് കാണും, ആ ബസ്സ്‌ പോണേനു മുന്നേ അതി കേറണം.

* * * * *
"ടിക്കറ്റ്"
"പാലക്കാട്"
"പാല?"
"ങ്ഹാ കാട് "
" അതല്ല പാല ആണോ?"
" അല്ല കാടാ"
"പാലാക്കാണോ ടിക്കറ്റ്?"
"അല്ല പാലക്കടിനാ"
"ഇത് പാലക്കാട് പോവില്ല"
" അയ്യോ ,അതെന്നാ പോവാത്തെ?"
"ഇത് പാല ബസ്സാ"
"പാലായോ!! അപ്പൊ കാടോ ?? ബോര്‍ഡ് ഒണ്ടല്ലോ ബാക്കില്‍?"
"ആ ബോര്‍ഡോക്കെ ഒണ്ട്, അതിലെന്താ എഴുതിയേക്കുന്നെ എന്ന് വായിച്ചോ?"
"ങ്ഹാ, വായിച്ചു "പാ" "ലാ" ബോര്‍ഡ് സൈഡിലോട്ടു നീങ്ങി ഇരിക്കുവാരുന്നു" "ബോര്‍ഡോക്കെ നോക്കി വേണം ബസ്സില്‍ കേറാന്‍"
"അല്ല ചേട്ടാ ഈ "പാ"യും "ല"യും കണ്ടപ്പോ "കാട്" അപ്പുറത്ത് കാണുംന്ന് ഞാന്‍ വിചാരിച്ചു, അതാ.കാടില്ലാന്നു സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാരുന്നു "
" കാടും മേടും ഒന്നും ഇല്ല , ഇവിടെ ഇറങ്ങിക്കോ."
ദൈവമേ, നടു റോഡു ഏതാ സ്ഥലം എന്ന് പോലും അറിഞ്ഞൂടാ അയാള്‍ എന്നെ ഇറക്കി വിട്ടു ,കണ്ണീച്ചോര ഇല്ലാത്ത മനുഷ്യന്‍. ഈ കണ്ടക്ടര്‍മാരൊക്കെ മഹാ ക്രൂരന്മാരാ. ട്രെയിനില്‍ ആരുന്നേല്‍ ഇങ്ങനെ പെരുവഴിയില്‍ ബെല്ലടിച്ചു ഇറക്കി വിടുവാരുന്നോ??!! പാവം ടി.ടി ആറുമാര്.
10-75 രൂപാ പോയാല്‍ എന്നാ ഓട്ടോക്കാര്‍ക്ക് കണ്ണീച്ചോരയുണ്ട്, എന്നെ സ്റ്റാന്റില്‍ കൊണ്ട് വിട്ടു തന്നു. ഇച്ചരെ താമസ്സിച്ചാണേലും സെയിഫായിട്ട് ഞാന്‍ പാലക്കാടെത്തി [ഹോ ഇനി മേലാ പോവൂല്ല ]
* * * * *

"ഹലോ അമ്മാ, ഞാന്‍ ഇങ്ങു എത്തിട്ടോ. പിന്നെ അവളവിടില്ലേ പൊന്ന് പോലത്തെ പൊന്നു, അവളോട്‌ പറഞ്ഞേക്ക് ഇനി മേലാല്‍ ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു പോകല്ലുംന്നു."