ill fated fellows

Wednesday, September 14, 2011

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട

ഓണം വന്നേ..ഓണം വന്നേ .. എന്നും പറഞ്ഞു എല്ലാരൂടെ ബഹളം കൂട്ടാന്‍ തുടങ്ങീട്ടു ഒന്നൊന്നരമാസം എങ്കിലും ആയിക്കാണും.നെറ്റിലും ഫോണിലും ടിവിയിലും എന്നുവേണ്ട എവിടെ തിരിഞ്ഞു നോക്കിയാലും ഓണം തന്നെ ഓണം - മെസ്സേജും, ഗ്രീറ്റിങ്ങ്സും, ഓഫറുകളും എന്നാക്കെയാരുന്നു പുകില്, ഹോ! അങ്ങനെ സദ്യേം ഓണക്കോടീം സ്വപ്നം കണ്ടു കണ്ണില് മണ്ണെണ്ണയും ഒഴിച്ച് ആറ്റ്നോറ്റ് കാത്തിരുന്ന ഓണം ദേ കണ്ണടച്ച് തുറക്കുന്ന വേഗത്തിലങ്ങ്‌ വന്നു പോകുവേം ചെയ്തു.എന്നും ഓണം ആരുന്നേലോ?! എന്നും സദ്യ, എന്നും പുത്തനുടുപ്പ്‌, എന്നും ആഘോഷം, എന്നും അവധി, ഹായ് , എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!! ഒരോണക്കാലം കൂടെ അവസ്സാനിക്കുന്നു..ശ്ശോ!!

ഉത്രാടത്തിന്റെ തലേന്ന് അച്ഛനും അമ്മയ്ക്കും ബാക്കിയുള്ള കുഞ്ഞുകുട്ടിപരാധീനങ്ങള്‍ക്കും ഒക്കെ ഓണക്കോടീം എടുത്തു വണ്ടി കേറിയതാ.നാല് ദിവസ്സം എത്ര വേഗന്നാ പോയെ!!

അത്തംതൊട്ടു പത്തു ദിവസ്സം അത്തപ്പൂ ഇടണം എന്നൊക്കെയാ പറയുന്നെ, പക്ഷേ എന്നാ ചെയ്യാന്‍ പറ്റും ആകപ്പാട്‌ നാല് ദിവസ്സമേ വീട്ടില്‍ നില്‍ക്കാന്‍ പറ്റൂ . ഉത്രാടത്തിന് രാവിലെ കുളിച്ചൊരുങ്ങി അത്തപ്പൂ ഒക്കെ ഇട്ടാലോന്നു വിചാരിച്ചിരിക്കുമ്പോഴാ അമ്മേടെ വക ഒരു നോട്ടീസ്: വീട്ടില്‍ താലോലിച്ചോമനിച്ചു വളര്‍ത്തുന്ന ചെടികളില്‍ നിന്നും ഒരു പൂവോ, ഇലയോ അറിയാതെപോലും പൊട്ടിച്ചാല്‍ , ചിന്നുവാണേലും , പൊന്നുവാണേലും ആരാണേലും [അച്ഛനെ ആരിക്കും ഉദ്ദേശിച്ചേ] പ്ലാസ്ടര്‍ ഇട്ട കൈ കൊണ്ട് ഓണസദ്യ ഉണ്ണണ്ടി വരും.
പൂക്കടേല് നല്ല ഒന്നാന്തരം തമിഴ്പ്പൂ കിട്ടുമ്പോ ആര്‍ക്കുവേണം അമ്മേടെ ഈ ലോ ക്വാളിറ്റി ബ്ലഡി മല്ലു കോര്‍ട്ട്യാഡ്‌ ഫ്ലവേര്‍സ്.

"രാവിലെ തന്നെ ഹരിപ്പാട്ടു പോയി കുറച്ചു പൂ മേടിക്കണം"
"ചിന്നു ചേച്ചിക്ക് ഓണക്കോടി എടുത്തോ ?"
"ഇല്ല, നിങ്ങക്കാര്‍ക്കും അതിനൊന്നും നേരം ഇല്ലല്ലോ, പാവം ഞാന്‍."
"അതെന്നാ? ഞങ്ങക്കൊക്കെ എടുത്തപ്പോ ഒരെണ്ണം സ്വന്തവായിട്ടങ്ങു എടുത്തു കൂടാരുന്നോ?"
"സ്വന്തമായിട്ട് ഓണക്കോടി വാങ്ങുന്നത് ശരിയല്ലാത്തോണ്ട് ഞാന്‍ ഓണക്കോടി എടുത്തില്ല, വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ ഇടാന്‍ രണ്ടു കുര്‍ത്ത മേടിച്ചു."
"ചിന്നൂ, എ.ടി.എം കാര്‍ഡ് അമ്മേടെ കൈയില്‍ കൊടുത്തിട്ടുണ്ട് നിങ്ങള്‍ക്ക് എന്താ വേണ്ടെന്നുവെച്ചാല്‍ വാങ്ങീട്ടു തിരിച്ചു വരുന്നവഴി ഹരിപ്പാട്ടൂന്നു പൂവും വാങ്ങിക്കണം, അഭിയേം കൂടി പൊയ്ക്കോ."

അച്ഛന്‍ എന്നാ വിശ്വസിച്ചാ എ.ടി.എം കാര്‍ഡ് ഇങ്ങനെ സ്വന്തം ഭാര്യേടെ കയ്യില്‍ ഒരു സെക്യൂരിറ്റിയും ഇല്ലാതെ കൊടുത്തു വിടുന്നത്, അതും തുണിക്കടയിലേക്ക്! അമ്മക്കാണേല്‍ തിരുവോണം ബമ്പര്‍ അടിച്ച ഭാവോം! ആനയെ ആരേലും അറിഞ്ഞോണ്ട്‌ കരിമ്പിന്‍ തോട്ടത്തിലോട്ടു തുറന്നുവിടുവോ ??! പാവം അച്ഛന്‍. ഹാപ്പി ഓണം !
അഭിയാണ് സാരഥി. ലൈസന്‍സ് കിട്ടിയിട്ട് അധികം ഒന്നും ആയിട്ടില്ലെങ്കിലും അതിന്‍റെ അഹങ്കാരം ഒന്നും ഇല്ല, എവിടെ പോണേലും ഏതു റോഡ്‌ ആണേലും എത്ര ദൂരം ആണേലും ആള് റെഡിയാ.

ബെര്‍മുഡ ട്രയാങ്കിളില്‍ കൂടെ വിമാനം പറത്തുന്ന പൈലറ്റിന്‍റെ സൂക്ഷ്മതയോടെ സ്ടിയറിങ്ങില്‍ അള്ളി പിടിച്ചു കണ്ണ് പോലും ചിമ്മാതെ മസ്സിലും പെരുപ്പിച്ചു അവന്‍ അങ്ങനെ വണ്ടി എടുത്തു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് അവനാണേലും മട്ടും ഭാവോം ഒക്കെ കണ്ടാല്‍ വണ്ടി ഓടിക്കുന്നത് അമ്മയാന്നു തോന്നും.സ്ടിയറിങ്ങിന്റെ ഓരോ ചലനത്തിനും ഒത്ത് അമ്മ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിയുവേം മറിയുവേം ഒക്കെ ചെയ്യുന്നുണ്ട്, കൂടെ അവനു ചില ഇന്സ്ട്രക്ഷന്സും കൊടുക്കുന്നുണ്ട്.
'മോനെ പതുക്കെ, ദെ ബസ്സ്‌ വരുന്നു, അയ്യോ ദെ ഒരാള്‍ നടക്കുന്നു, ആ സൂക്ഷിച്ചു വളക്ക് , ആ സൈക്കിളുകാരനെ ഓവര്‍ടേക്ക് ചെയ്യ്‌ പതുക്കെ'. പേടി ഇല്ലാത്തവരെ കൂടെ പേടിപ്പിക്കാന്‍ ആയിട്ട്.

അങ്ങനെ ഞങ്ങള് ഉത്രാട പാച്ചിലുതുടങ്ങി.പാതിവഴിക്ക് ദെ ഒരു സഡന്‍ ബ്രേക്ക്!!
"എന്താ മോനേ"
"ഞാനീ ഇന്റികേറ്ററിന്‍റെ സ്വിച്ച് എവിടാന്നു നോക്കുവാരുന്നു, നമുക്കിപ്പോ ലെഫ്റ്റിലോട്ട് തിരിയണ്ടതാ."

**** **** *** ***
എഴിക്കകത്തു ജങ്ക്ഷന്‍ - കച്ചേരിപ്പടി - ടൌന്‍ഹോള്‍ റോഡ്‌ : ഹരിപ്പാടിന്‍റെ ഏറ്റവും തിരക്കേറിയ ഭാഗം, ഹരിപ്പാടിന്‍റെ ഹൃദയഭാഗം എന്നുതന്നെ വേണമെങ്കില്‍ പറയാം.പക്ഷേ റോഡിനു കഷ്ടിച്ച് രണ്ടു വണ്ടി പോകാന്‍ ഉള്ള വീതി മാത്രം.ഇരുവശത്തും തോന്നിയത് പോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും,വഴികച്ചവടക്കാരും ഒക്കെക്കൂടി നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ, ട്രാഫിക്കും റൂള്‍സും ഒന്നും കാര്യം ആക്കാതെ ഇഷ്ടമുള്ളിടത്ത് കൂടെ പോകുന്ന വാഹനങ്ങള്‍ വേറെയും, പോരാത്തതിന് ഉത്രാടവും.പാമ്പുകള്‍ ഒക്കെ രാവിലെതന്നെ മാളം വിട്ടു പുറത്തിറങ്ങിയിട്ടുണ്ട്.ഹരിപ്പാടിന്‍റെ ഈ രാജവീഥിയില്‍ കൂടിവേണം ഇനി ഞങ്ങള്‍ക്ക് രഥം തെളിക്കാന്‍.
അഭി കുറച്ചുകൂടെ മസ്സില്പിടിച്ചു സ്ടിയറിങ്ങില്‍ അള്ളിപ്പിടിച്ചു അമ്മ ഡാഷ് ബോര്‍ഡിലും. പടച്ചോനേ ഞമ്മളെ കാത്തോളീ....

റോഡിന്‍റെ ഒത്ത നടുക്കെത്തിയപ്പോ ഒരു അംബാസിടറിന് സൈഡുകൊടുത്തതാ, പാവം അഭീടെ നല്ലമനസ്സ്!! നന്നായിട്ടങ്ങു സൈഡ് ചേര്‍ത്ത്.അത് കഴിഞ്ഞപ്പോഴാ മനസ്സിലായെ മുന്നില്‍ ബൈക്കുകള്‍ നിരയായി പാര്‍ക്ക്‌ ചെയ്തേക്കുന്നു.റിവേഴ്സ് എടുക്കാതെ ഒരിഞ്ചനങ്ങാന്‍ പറ്റൂല്ല! പിന്നിലാണേല്‍ അസ്സംബ്ലിക്ക് ലൈന്‍ നിക്കണപോലെ വണ്ടികള്‍.
കൈയ്യും കാലും ഒക്കെ വിറക്കുന്നുണ്ടേലും രണ്ടുംകല്‍പ്പിച്ചു അവനൊന്നു റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചു. ഒരു ചാട്ടം രണ്ടു വിറയല്‍ വണ്ടി ഓഫായി !!
ഒരു വണ്ടിയേം വിടാതെ റോഡിനു കുറുകെ അങ്ങനെ നമ്മുടെ i20 നീണ്ടു നിവര്‍ന്നു കിടപ്പായി. ഒരായിരം ഹോണടികള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി!!
"സ്റ്റാര്‍ട്ട്‌ ആവുന്നില്ല"
"മോന്‍ പേടിക്കണ്ട പതുക്കെ എടുത്താമതി"
"ക്ലെച്ചെന്തിയേ"
"അതൊക്കെ അവിടെക്കാണും പതുക്കെ നോക്കിയാമതി, മോന്‍ പേടിക്കണ്ട."

പുറത്തുനിന്നു നല്ല "ശുദ്ധ മലയാളത്തില്‍" ലളിതസഹസ്രനാമങ്ങള്‍ കേട്ട് തുടങ്ങി..ആഹഹ

"ഏതവനാടാ അത്, എടുത്തോണ്ട് പോകാന്‍ പറ അവന്‍റെ *^#@;%$&, ഇവനൊക്കെ ഇവിടാണാ ഓടിച്ചു പഠിക്കാന്‍ കണ്ടേ..ആര്‍ടാ??!^($@% ഓം ശാന്തി ഓം!!"
വന്നു നോക്കുന്നവരെ എല്ലാം നല്ല ഭംഗിയായിട്ടവന്‍ ചിരിച്ചു കാണിക്കുന്നുണ്ട് എന്തൊരു പുഞ്ചിരി എന്തൊരു വിനയം..!
"പേടിക്കണ്ട..., ഒന്നും ഇല്ല..ജസ്സ് റിലാക്സ്"
"ഞങ്ങക്ക് പേടിയൊന്നും ഇല്ല മോന്‍ പതുക്കെ വണ്ടിയെട്"
"പേടിക്കണ്ടാന്നു ഞാന്‍ എന്നോട് തന്നെ പറഞ്ഞതാ. ഈ പൊറകീക്കിടന്നു ഹോണ്‍ അടിക്കുന്നവന്‍ മാര്‍ടെ വീട്ടീന്ന് കൊണ്ടുവന്ന റോഡ്‌ ഒന്നും അല്ലല്ലോ ഇത്. നമ്മളും ടാക്സ് കൊടുക്കുന്നതാ. നമുക്കും ഇവിടെ വണ്ടി നിര്‍ത്താന്‍ ഒള്ള അവകാശം ഉണ്ട്."
"ഒരു " L" ഒട്ടിക്കണ്ടാതാരുന്നു. അത് കാണുമ്പോ എല്ലാരും വണ്ടി മാറ്റി തന്നേനെ."
"നമ്മളിപ്പോ "L" നു എവിടെ പോകും അമ്മാ "
"അതിന്‍റെ ആവിശം ഒന്നും ഇല്ല ഇത് വണ്ടിടെ കുഴപ്പമാ, എന്‍റെ ഡ്രൈവിംഗ് ഒക്കെ ശരിതന്നാ,അല്ലേലും ഈ തിരക്കുള്ള റോഡില്‍ ആണോ ബൈക്ക് ഇങ്ങനെ പാര്‍ക്ക്‌ ചെയ്യുന്നത്?, ബൈക്കുകള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തണം."

ഒരു പതിനഞ്ചു മിനിട്ട് നീണ്ടുനില്‍ക്കുന്ന ചെറിയൊരു ബ്ലോക്ക്, അത്രേ സംഭവിച്ചോള്ളൂ.ഇവിടെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ ഉണ്ടാകുന്നു അപ്പോഴാ വെറും ഒരു പതിനഞ്ചു മിനിട്ട്.
" ദേ ചിന്നൂസ്സേ ഈ ബ്ലോക്കുണ്ടാക്കിയതൊന്നും ആരോടും പറയണ്ട കേട്ടോ"
"ഇല്ല അഭി, ഞാന്‍ ആരോട് പറയാനാ, ദേ ഈ പൊന്നുവാ ഏഷണിക്കാരി".

ഒരോണത്തല്ലിനുള്ള സ്കോപ്പ് ഉണ്ടായിരുന്നിട്ടും ഭാഗ്യം കൊണ്ട് രക്ഷപെട്ടു പൂവും പുടവയും ഒക്കെയായി വേറെ ബ്ലോക്കുകള്‍ ഒന്നും ഉണ്ടാക്കാതെ ഞങ്ങള്‍ തിരിച്ചെത്തി.
*** *** *** *** *** ***

ഉത്രാടത്തിന്റെ അന്ന് രാത്രി 12 മണിക്ക് ശേഷം ആണത്രേ മഹാബലി നാടുകാണാന്‍ വരുന്നത്; അമ്മ പറഞ്ഞതാ നേരാണോ എന്തോ? പാതിരാത്രിക്ക് മുറ്റം ഒക്കെ അടിച്ചു രാത്രി 1.30 വരെ അദ്വാനിച്ച് ഞങ്ങള് ഇമ്മിണി വല്യൊരു പൂക്കളം തന്നെ ഇട്ടു.

"ചിന്നു ചേച്ചി, പൂക്കളത്തിന്റെ അടുത്തിരിക്കുന്ന കൊറച്ചു ഫോട്ടോസ് എടുത്തു തരണം കേട്ടാ"
"ഇപ്പന്നെ വേണോ?നേരം വെളുത്തിട്ടു പോരെ പൂക്കളം എങ്ങോട്ടും ഓടിപോകത്തോന്നുമില്ല."


*** *** *** **** *** ***

തിരുവോണനാളിലെ കണി..!! ഹൃദയഭേദകം..!!

ട്രാഫിക്ക് ബ്ലോക്കും ഉണ്ടാക്കി കണ്ടവരുടെ വായിലിരിക്കുന്നതും കേട്ട് കൈയിലെ കാശും മുടക്കി പൂമേടിച്ച്‌ ഉറക്കമൊഴിച്ചിരുന്ന് ആശിച്ചു മോഹിച്ചിട്ട അത്തപ്പൂ കെടക്കണ കെടപ്പ് കണ്ടാ..!!
ഒരു തുമ്പി തുള്ളലും കഴിഞ്ഞു പൂക്കളത്തിന്റെ ഒത്തനടുക്ക് ചിതറിത്തെറിച്ച പുഷ്പ്പശയ്യയില്‍ നീണ്ടു നിവര്‍ന്നു കിടന്നൊരാള്‍ റെസ്റ്റെടുക്കുന്നു - കിങ്ങിണി !!

"അയ്യോ ഇവിടെ വെച്ചിരുന്ന തൃക്കാക്കര അപ്പനെന്തിയെ ചവിട്ടിത്താത്ത് കാണുവാ, പൊന്നുവേ?"
"ഇല്ല, തൃക്കാക്കര അപ്പനെ കടിച്ചുകൊന്നു ദേ മാറ്റി ഇട്ടിടുണ്ട്."

എന്നാണേലും കിങ്ങിണി സ്നേഹം ഒള്ളവളാ ഞങ്ങളെ കണ്ടപ്പോ വാലൊക്കെ ശക്തിയായിട്ട് ആട്ടി, ബാക്കി ഉള്ള പൂക്കള്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും തെറിക്കുന്നതു കാണാന്‍ നല്ലരസം, ഹാര്‍ട്ടിനൊരു ഇടികിട്ടണ സുഖം... ഞങ്ങടത്തപ്പൂ!!

"അമ്മാ, ആരേലും കാണുംമുമ്പാച്ചൂലിങ്ങെടുത്തോ, മാവേലി വന്നെല്ലാം കണ്ടു ബോധിച്ചിട്ടു പോയിക്കാണും"

അത്തപ്പൂ പട്ടിനക്കിപോയെങ്കിലും ഞങ്ങള് ഓണം ഒക്കെ ആഘോഷിച്ചൂട്ടോ പായസോം സദ്യേം ഒക്കെ ആയിട്ടുതന്നെ. കിങ്ങിണിക്കും കൊടുത്തൊരുഗ്രന്‍ സദ്യ പാല്‍ പായസോം കൂട്ടി.



വാല്‍കഷ്ണം: വെറുതേയൊരു പോസ്റ്റ്‌. ഞങ്ങളുടെ ഓണം.
അത്തപ്പൂ പട്ടിനക്കിയ സങ്കടം മറക്കാന്‍ പൊന്നൂസിന്റെ കൈയ്യേല്‍ ഒരു മെഹന്തി പൂക്കളം അങ്ങിട്ട്. അതാകുമ്പ കിങ്ങിണി കേറി തുമ്പി തുള്ളതില്ലലോ.റംസാന്‍ കഴിഞ്ഞുവന്നപ്പോ മുംതാസ് കയ്യില്‍ മെഹന്തി ഇട്ടോണ്ടാത്രേ സ്കൂളില്‍ വന്നത് അപ്പൊ ഓണം കഴിഞ്ഞു ചെല്ലുമ്പോള്‍ അവള് മെഹന്തി ഇട്ടില്ലേല്‍ കുറച്ചിലാന്നു.പൊന്നൂന്‍റെ പൊന്നുപോലത്തെ കൈയ്യില്‍ മെഹന്തി അല്ല ഒരു ചുമര്‍ ചിത്രം വേണേലും വരച്ചു കൊടുക്കും ഞാന്‍.പോക്കറ്റ് മണീന്ന് സൂക്ഷിച്ചു വെച്ചതും കട്ടതും മോട്ടിച്ചതും ചോദിച്ചു വാങ്ങിയതും വിഷുകൈനീട്ടം കിട്ടിയതും ഒക്കെ കൂട്ടിവെച്ചു അവളും വാങ്ങിച്ചു തന്നു എനിക്കൊരോണക്കോടി...

അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട...

എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു...
സമര്‍പ്പണം: നാടും വീടും വിട്ടു ഓണം ആഘോഷിച്ചവര്‍ക്കും ..ഓണം കൂടാന്‍ കഴിയാഞ്ഞവര്‍ക്കും
ചിത്രങ്ങള്‍ക്ക് കടപ്പാട് :അത്തപ്പൂ ഇടാന്‍ സഹകരിച്ചവര്‍ക്കും പിന്നെ വെളുത്ത് തടിച്ച പൊന്ന് പോലത്തെ കൈയ്യുടെ ഉടമസ്ഥക്കും.
ലേബല്‍ : അനുഭവങ്ങള്‍ പാച്ചാളികള്‍ !!, ഓണ വിശേഷം.