കുടുംബത്തിലെ ഏക പെണ്‍തരിയെന്ന ലേബലില്‍ അഹങ്കാരത്തോടും അഭിമാനത്തോടും കൂടെ ഞാന്‍ അങ്ങനെ സര്‍വാധിപതിയായ് വാഴവെ 1994 ലെ ഒരു മെയ്മാസപ്പുലരിയില്‍ പ്രകൃതി ദുരന്തം പോലെ ഒരു തിരുപ്പിറവി..! ദുഷ്ഠ ശക്തികളുടെ ആഭിചാരം കൊണ്ടോ , ശനിയുടെ അപഹാരം ഉള്ളതിനാലോ അതോ ശുക്രന് ഉറങ്ങിപോയതോ എന്തോ എന്റെ സകല പ്രാര്‍ഥനകളും, പ്രതീക്ഷകളും, വഴിപാടുകളും വെള്ളത്തില്‍ തറക്കപ്പെട്ട വെറും മുള്ളാണികള്‍ ആക്കികൊണ്ട് അവതരിച്ചത് ഒരു "സ്ത്രീജന്മം"- പൊന്നു - ഹും, ജനിച്ചതേ എനിക്കിട്ടു പണിതോണ്ട്..!!
എന്റെ ഏകാതിപത്യത്തിനു അവിടെ തിരശ്ശീല വീണു, സര്‍വാധികാരത്തിന് വിള്ളലുകള്‍ വീണു, സിംഹാസനം ആടി തുടങ്ങി, തേനേ പലേന്നും പറഞ്ഞു എന്നെ കൊഞ്ചിച്ചോണ്ട് നടന്നവരൊക്കെ ഇപ്പൊ ഒന്ന് മൈന്‍ഡ് ചെയ്താലായി ..പൊന്നല്ല അവള് തുരുമ്പാ, വെറും തുരുമ്പ് !!
ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള് , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍. [ജനിച്ചപ്പൊ യെവളെക്കാള്‍ ഭംഗി എനിക്കാരുന്നു] കഴിഞ്ഞ ജന്മത്തില് ചെയ്ത പാപങ്ങളുടെ ഫലമോ എന്തോ അന്നുതൊട്ടിന്നുവരെ "ചിന്നു ചേച്ചീന്നു" ബാക്ക് ഗ്രൌണ്ട് മ്യൂസികും ഇട്ടുവരുന്ന ബോബനും മോളിയും പട്ടി കണക്കെ എന്റെ ജീവിതത്തിലെ എല്ലാ ഫ്രെയിമിലും അവളുടെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വിധി!!
സാധാരണയിലും അല്‍പ്പം വൈകിയാണ് 'ലെവള്' സംസാരിച്ചു തുടങ്ങിയത്, അതും ദൈവംതമ്പുരാന് പോലും ജനിക്കുന്നതിനു മുമ്പുള്ള ഏതോ ഭാഷേല്.'യെവള് കഴിഞ്ഞ ജന്മത്തീ വല്ല ആദിവാസി ഗോത്ര തലൈവിയും ആരുന്നോന്നു എനിക്ക് സംശയം ഒണ്ട്. എന്താന്നറിഞ്ഞുകൂടാ എന്നെക്കണ്ടാ അപ്പന്നെ 'ലവള്' അരുതാത്തത് ഏതാണ്ട് കണ്ടപോലെ മൂക്കും ചുളിച്ചു "ഛീ ഛീ" ന്നു ശബ്ദം ഉണ്ടാക്കി വെപ്രാളം കാണിക്കാന്‍ തുടങ്ങും . ഹും മ്ലേച്ചത്തി , മൂത്തവരെ ബഹുമാനിക്കാന്‍ അറിയാത്തവള്‍, യെവളെ ഒക്കെ നരകത്തിക്കൊണ്ടുപോയി സൂജിയേക്കൊരുത് ബാര്‍ബിക്ക്യു ആക്കണം. [ അവളുടെ ഭാഷയില്‍ ഈ "ഛീ" യുടെ അര്‍ത്ഥം "ചേച്ചി" എന്ന് ആണെന്ന നഗ്നന സത്യം അല്പം വൈകിയാണേലും ഞാന്‍ തിരിച്ചറിഞ്ഞു ..പാവം കൊച്ച് ,വിചാരിച്ചത്ര മ്ലേച്ചത്തി അല്ല..] .
മനുഷ്യരുടെ ഭാഷ ഒരുവിധം ഒക്കെ പഠിച്ചെങ്കിലും ചില വാക്കുകളും അക്ഷരങ്ങളും ഒക്കെ അവളുടെ ഡിക്ഷനറിയില്‍ മിസ്സിംഗ് ആയിരുന്നു.അങ്ങനെ മിസ്സായിപ്പോയ ഒരു അക്ഷരമായിരുന്നു "ക". "ക" വരുന്ന ഭാഗം ഒക്കെ "ച" കൊണ്ട് അഡ്ജസ്റ്റ് ചെയ്തവള്‍ പിടിച്ചുനിന്നു..ബുദ്ധിമതി!! 'കാലിനു' 'ചാലെന്നും' , 'കൈക്ക്' 'ചൈയെന്നും' ഒക്കെ പറഞ്ഞു വെറും ഒരു 'ക' യുടെ മുന്നില്‍ തോല്‍ക്കാതെ പൊന്നു പൊരുതി.
"ചിന്നു ചേച്ചീ ,ചിന്നു ചേച്ചീ, ചാച്ച ചവറെ ഇര്‍ക്കണ്, എത്തോണ്ട് പൂം, ബാ"
ഗോത്രഭാഷ കുറച്ചൊക്കെ എനിക്കും മനസ്സിലായി തുടങ്ങിയിരുന്നു.
"കുഴപ്പം ഇല്ല പൊന്നുവേ ചവറല്ലേ"
"ല്ല മ്മടെ ചവറാ , എത്തോണ്ട് പൂം".
കാക്കക്കെന്നാ മുന്‍സിപ്പാലിറ്റീല് ജോലി കിട്ട്യാ ഓരോ വീട്ടിലും കേറി നടന്നു ചവറെടുക്കാന്‍.പാവം കാക്ക, അത് വല്ല ചവറും കൊത്തി എടുത്തോണ്ട് പോണേനു യെവളെന്തിനാ ഈ കെടന്നു തുള്ളണെ.കാക്കേപ്പോലും ജീവിക്കാന്‍ സമ്മതിക്കൂല്ല ,ദുഷ്ഠത്തി..ഹൊ!
അമ്മമ്മേടെ ദൃക്സാക്ഷിവിവരണോം പരിഭാഷപ്പെടുത്തലും ഒക്കെ കേട്ടപ്പൊഴാ കാര്യം മനസ്സിലായെ ; മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന പില്ലോ കവറില്‍ കാക്ക വന്നു ഇരുന്നത്രേ , ഇനി കാക്ക അതെങ്ങാനും കൊത്തി കൊണ്ട് പോകുവോന്നും പേടിച്ചാ ലെവള് 'ചാച്ച മ്മടെ ചവറ് എത്തോണ്ട് പോകുംന്നു ' പറഞ്ഞു ഈ പുകിലെല്ലാം ഉണ്ടാക്കിയത്.
"കുഞ്ഞാണേലും അതിനു നല്ല ശ്രദ്ധയാ" അവക്കങ്ങനെ അമ്മമ്മേടെ സ്വഭാവസര്‍ട്ടിഫിക്കറ്റും കിട്ടി. [ആ പറഞ്ഞത് ഇന്‍ഡയറകറ്റ് ആയിട്ട് എനിക്കിട്ട് ഒന്ന് വെച്ചതല്ലേന്നു ഒരു സംശയം]
ഇവള് പറയുന്നതിന്റെ ഒക്കെ മലയാളം പരിഭാഷ കണ്ടുപിടിക്കല് ഒരു അഭ്യാസം തന്നാരുന്നു. അന്നെനിക്ക് "ചെക്കോസ്ലോവാക്യ" അറിയാഞ്ഞത് അവള്ടെ ഭാഗ്യം അല്ലെ അത് പറയിച്ച് അവളെ പീഡിപ്പിച്ചു ഞാന്‍ രസിച്ചേനെ..ഹൊ!
എന്റെ തലക്കുമീതെ ചാഞ്ഞ ഒരു ആല്‍മരം കണക്ക് അവളങ്ങനെ വളര്‍ന്നു വന്നു. നാക്കുകൊണ്ട് നിരന്തരമായുള്ള യോഗാഭ്യാസത്തിന്റെ ഫലമായ് നഴ്സറി ക്ലാസ്സില്‍ എത്തും മുന്നെതന്നെ അവള് "ക"യെ തോല്‍പ്പിച്ചെങ്കിലും ചിലവാക്കുകള്‍ ഒക്കെ അപ്പോഴും പൊന്നുവിന് വഴങ്ങാതെതന്നെ നിന്നു.
"പൊന്നൂ, മൃഗങ്ങളുടെ രാജാവരാ?"
"ശിഗ് മം"
" പൊന്നൂ പറഞ്ഞേ, 'സിം' ..'ഹം' , 'സിംഹം''.
" 'ശിം'..'ഹം' 'ശിഗ് മം'"
ഓരോരോ കടിച്ചാല്പൊട്ടാത്ത വാക്കുകളും കണ്ടുപിടിച്ചോണ്ടുവന്നു അവളെ കൊണ്ട് പറയിക്കുന്നത് ഞാന്‍ വല്ലാതെ ആത്മസംതൃപ്തി കണ്ടെത്തിയ ഒരു വിനോദം ആയിരുന്നു, തുമ്പിയെ കൊണ്ട് കല്ലെടുപ്പികുമ്പോ കിട്ടണ ഒരു നിര്‍വൃതി..ഹായ്!! 'ദൃഷ്ട്ടധ്യുംനന്‍ ' അവളുടെ ഭാഷേല് 'ദുഷ്ഠ ത്തിരുമനും', 'ദുഷ്യന്തനും ശകുന്തളയും' അവള്‍ക്ക് 'ദുന്തശ്ശനും ശദുന്തളേം' ഒക്കെ ആയിരുന്നു ഒരുകാലം വരെ.
വളര്‍ന്ന് ഒരു 6ലും 7ലും ഒക്കെ ആയപ്പോഴേക്കും ബാക്കിയുള്ളവരെ മലയാളം പഠിപ്പിക്കാറായി അവള്.അങ്ങനെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല പ്രസംഗ മത്സരത്തില്‍ ഹരിപ്പാട് ഉപജില്ലയെ പ്രതിനിധീകരിച്ച് 'അവള്' മത്സരിക്കുന്നിടം വരെ എത്തി കാര്യങ്ങള്‍! കലികാല വൈഭവം എന്നല്ലാതെ ഇതിനൊക്കെ എന്നാപറയാനാ. 'യെവളെങ്ങാണം ഇനി വല്ല മലയാളം മുന്ഷിയോ മറ്റോ ആയേക്കുവോ, ഭഗവാനേ??!!'
"പൊന്നു, ടോപിക്ക് എന്താണ് വല്ലോം അറിഞ്ഞോ ?"
"എന്റെ ചിന്നു ചേച്ചി, ഈ പ്രസംഗ മത്സരം എന്ന് പറയുമ്പോ സംസ്കാരീക സാമൂഹീക പ്രശ്നങ്ങളെ കുറിച്ച് നേരത്തെ എഴുതിപഠിച്ചോണ്ടുവന്ന് മൈക്കിന്റെ മുന്നില്‍ കൊണ്ടുവന്നിട്ടു വലിച്ചു കീറി മുറിച്ചു നാക്കിട്ടടിച്ചു മാര്‍ക്കിടാന്‍ ഇരിക്കുന്നവരേം കേള്‍ക്കുന്നവരേം പ്രാന്ത്പിടിപ്പിച്ച് കിടത്തി ഉറക്കുന്ന ആ പഴേ പണിയൊന്നും അല്ല ,ഇത് സ്പോട്ട് പ്രിസന്റെഷനാ , സ്റ്റേജില്‍ കയറുന്നതിനു ഒരു മൂന്നാല് മിനിറ്റ് മുന്നേ ടോപിക്ക് തരൂ, ഒരു വേഡ് ആരിക്കും തരുന്നേ അഞ്ച് മിനിറ്റ് അതിനെ കുറിച്ച് നിര്‍ത്താതെ സംസാരിക്കണം."
ഇവള്ടെ ഈ നാക്കിട്ടടി കേള്‍ക്കുമ്പോ അമ്മേടെ മുഖത്ത് മകളെ കുറിച്ചോര്‍ത്തുള്ള അഭിമാനം പടര്‍ന്നു കേറുന്നത് എനിക്ക് കാണാമായിരുന്നു അതോടൊപ്പം പേരറിയാത്ത ഏതോ ഒരു വികാരം എന്റെ മനസ്സിലും പടര്‍ന്നു കത്തി.
ആലപ്പുഴ തിരുവമ്പാടി H.S.S ആണ് വേദി. റേഡിയോ ജോക്കികളെ പോലെ കണ്ണില്‍കണ്ടതിനെക്കുറിച്ചെല്ലാം നിര്‍ത്താതെ സംസാരിച്ചു അശ്രാന്ത പരിശീലനം നടത്തിയാണ് ഹരിപ്പാടിന്റെ സ്വന്തം പൊന്നു തട്ടില്‍ കേറാന്‍ പോണത്.ഒടുവില്‍ അനൌന്സ്മെന്റ് വന്നു
"ചെസ്റ്റ് നമ്പര്‍ 8 ഫസ്റ്റ് കോള്‍." ഒറ്റവിളിക്ക് തന്നെ പൊന്നു ഹാജര്‍ ഒണ്ട്.
"ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പര്‍ 8 ഓണ്‍ സ്റ്റേജ് ."
"ബഹുമാനപ്പെട്ട സദസ്സിനു എന്റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്."
"പുല്ലിപ്പുളിയോ'??!! അതെന്താണാവോ സാധനം?! " അമ്മക്ക് സംശയം .
" എനിക്കറിഞ്ഞൂടാ അമ്മ അവള് പറയുന്നെ കേക്ക്."
"പൊന്നു ഏതായാലും രാജധാനി എക്സ്പ്രേസ്സ്പോലെ അടിച്ചുവിട്ടു പോകുന്നോണ്ട്.എന്നാലും എന്താണാവോ ഈ പുല്ലിപ്പുളി.?!" അമ്മേടെ സംശയം മാറുന്നില്ല.
"ഘോരവനപ്രദേശങ്ങളില്‍ ആണ് പുല്ലിപ്പുളികള്‍ സാധാരണയായി കണ്ടുവരാറുള്ളത്."
"ഓഹോ, അപ്പൊ ഏതോ വനവിഭവമാ ചിന്നുവേ , ഏതോ ടൈപ്പ് കാട്ടു പുളിയാണ് സംഭവം, സ്കൂളില്‍ ഇപ്പൊ പ്രോജെക്റ്റും അസൈന്മെന്റ്സും ഒക്കെ കൊടുക്കുന്നോണ്ട് പിള്ളേര്‍ക്ക് മരങ്ങളേം ചെടികളേം ഒക്കെ പറ്റി നല്ല അറിവാ, അല്ലാതെ നിന്നെ പോലെ തെങ്ങേതാ മാവേതാന്നു അറിയാതവളല്ല എന്റെ പൊന്നു."
"പുറമേ കറുത്ത പുള്ളികള്‍ ഉള്ളതിനാല്‍ അവയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കും. മാത്രമല്ല മറ്റു വര്‍ഗങ്ങളെ അപേക്ഷിച്ച് അവക്ക് വലുപ്പക്കുറവുമാണ്.മഴക്കാടുകളിലെ ജലാശയ തീരങ്ങളിലും , പുല്‍മേടുകളിലും ഒക്കെയാണ് പുല്ലിപ്പുളികള്‍ വളരാറുള്ളത് എങ്കിലും ഉഷ്ണമേഖലാവനപ്രദേശങ്ങളിലെ കാലാവസ്ഥയെയും അതികഠിന ശൈത്യതെയും അതിജീവിക്കാനുള്ള കഴിവ് പുല്ലിപുളികള്‍ക്കുണ്ട്. ആഫ്രിക്ക, സൈബീരിയ , ഇന്ത്യ, ഇന്തോനേഷ്യ ,ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലും ഇവയെ കാണാം.വര്‍ദ്ധിച്ചു വരുന്ന വനനശീകരണം പുല്ലിപ്പുളികളെ ഇന്ന് വംശനാശഭീഷണിയിലേക്ക് കൊണ്ടെത്തിച്ചിരിക്കുകയാണ്.പുല്ലിപ്പുളികളെ സംരക്ഷിക്കുന്നതിനായി പല പദ്ധതികളും നമ്മുടെ ഗവര്‍ന്മെന്റ് ഇന്ന് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ വൈകിയ വേളയില്‍ എങ്കിലും പുല്ലിപ്പുളികളുടെ സര്‍വനാശം എന്ന വിപത്തിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഇന്ത്യ ഗവര്‍ന്മെന്റ് തയ്യാറാകുന്നു എന്നത് തന്നെ ആശ്വാസജനകമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ,നന്ദി നമസ്ക്കാരം."
"ഹോ അവള് തകര്‍ത്തു അല്ലെ ചിന്നുവേ?"
"ഇനിയും പിള്ളേര് മത്സരിക്കാന്‍ ഒണ്ടെന്നു അമ്മ മറക്കണ്ട"
"എന്നാലും ചിന്നുവേ നിനക്ക് അറിയത്തില്ലല്ലോ ഈ പുല്ലിപുളി എന്തുവാന്നു, അതിനെ സംരക്ഷിക്കാന്‍ പദ്ധതികള്‍ വരെ ഉണ്ടെന്നു !!"
" ആ ഞാന്‍ കേട്ടിട്ടില്ല"
" വീട്ടില്‍ ഒന്നുരണ്ടു കുടംപുളി വെച്ച് പിടിപ്പിക്കണം ഏതായാലും,അന്താരാഷ്ട്ര വിപണിയില്‍ ഇനി പുളിയുടെ വില കൂടാണോ മറ്റോ പോകുവാരിക്കും ,പൊന്നുനോട് ചോദിക്കണം "
"ഓ, പിന്നെ, അവളല്ലേ അന്താരാഷ്ട്ര വിപണി നോക്കി നടത്തുന്നത്, ഒന്ന് പോ അമ്മേ"
"ഹും, നിനക്ക് അസ്സൂയയാ, കൊച്ചാണേലും അവക്ക് നല്ല ജി .കെ യാ. "
"അമ്മേ, ചിന്നു ചേച്ചീ, ഇനി ഇവിടെ നിക്കണ്ട ബാ പോകാം."
"അപ്പൊ റിസള്‍ട്ട് അറിയണ്ടായോ?"
"ഓ, റിസള്‍ട്ട് , അതിനി അറിയാന്മാത്രം ഒന്നും ഇല്ല ,ബാ പോകാം."
"എന്നാലും എന്നതാ മോളുവേ ഈ പുല്ലിപുളി?"
" ഓ, അമ്മേ അത് പുല്ലിപുളീം നെല്ലിപ്പുളീം ഒന്നും അല്ല ,സംഭവം വേറെയാ ഞാന്‍ അങ്ങ് അഡ്ജസ്റ്റ് പറഞ്ഞതാ, ചിന്നു ചേച്ചീ , ഈ ലെപ്പേഡിന്റെ മലയാളം എന്തുവാ ? "
" ലെപ്പേഡോ? പുള്ളിപ്പുലി..."
" ആ അതുതന്നെ ആ സാധനത്തിന്റെ പേരാണെങ്കില്‍ എനിക്ക് പറയാനും പറ്റണില്ല, പിന്നെ അവസാനം 'പുലിയെക്കുറിച്ചാണോ' 'പുളിയെക്കുറിച്ചാണോ' പറയുന്നതെന്ന് ആ ടോപ്പിക്ക് കണ്ടുപിടിച്ചവന് പോലും സംശയം തോന്നുന്ന വിധത്തില്‍ ഞാന്‍ അങ്ങ് തട്ടിവിട്ടതാ,അല്ലപിന്നെ പൊന്നൂനോടാ കളി , ഇവിടെ നിക്കണ്ട ബാ നമുക്ക് പോകാം."
അമ്മേടെ മുഖത്ത്ചെറുതായി ചുവപ്പ് നിറം പടര്‍ന്നു കേറുന്നത് എനിക്ക് കാണാം ഒപ്പം എന്റെ മനസ്സില്‍ ചിരി പോലെ ഏതോ പേരറിയാത്ത വികാരവും.
"മോള് വല്യ ജി .കെ ക്കരിയാന്നും പറഞ്ഞു നടന്നിട്ട് ഇപ്പൊ എന്തായി, ഹോ ഞങ്ങക്കൊന്നും ജി.കെ ഇല്ലാലോ, നമ്മളൊക്കെ പാവങ്ങള്‍ ."
" നീ ഇനി ഇതും പറഞ്ഞു കൊച്ചിനെ കളിയാക്കാന്‍ ഒന്നും നിക്കണ്ട".
"ഓ ഞാന്‍ ഇനി ആരേം കളിയാക്കാന്‍ ഒന്നും ഇല്ലെന്റെ ദൈവേ, ഇവള് വല്യ താരം അല്ലിയോ?" [ആത്മഗതം : വെറും താരം അല്ല അവളൊരു അവതാരവാ, മത്തങ്ങാതലച്ചി]
"ചിന്നു ചേച്ചീ ,നമുക്കിവിടെ നിക്കണ്ട ബാ പോകാം"
പിന്കുറിപ്പ് അഥവാ മരണമൊഴി : ഈ പോസ്റ്റ് ഇട്ടതിനു ശേഷം എന്നെ കാണാതായാല്‍ അതിനു പിന്നില്‍ രണ്ട് ഉണ്ടകണ്ണുകളും ഒരു മത്തങ്ങാ തലയും പിന്നെ വെളുത് തടിച്ച രണ്ട് കൈകളും ആണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.എന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
107 comments:
ആ ജീവിടെ പേര് ഇംഗ്ലീഷില്‍ എഴുതിയാല്‍ അവളുടെ pronunciation correct ആണത്രേ. "PULLIPULI" ഇതൊന്നു വായിച്ചേ..പുലിയോ പുളിയോ.
മത്സരത്തിനു ശേഷം അവള് നടത്തിയ കണ്ടുപിടുത്തമാ
എന്റെ ചിന്നു ചേച്ചീ... എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല... എന്റമ്മേ.. ഓർക്കാൻ പോലും വയ്യ.. പുല്ലിപ്പുളീ... അയ്യോ... ചിരിച്ച് ചിരിച്ച് ഞാനിപ്പോൾ താഴെ വീണേനേ.... ഹാവൂ... അടുത്ത പോസ്റ്റ് പെട്ട്ന്ന് ഇടണേ
ha ha thakarththadukki...
അതോടൊപ്പം പേരറിയാത്ത ഏതോ ഒരു വികാരം എന്റെ മനസ്സിലും പടര്‍ന്നു കത്തി.
aa vikaram assoossa..che assora.. chee asooya... ketto..
**malayalm kittiyilla ivide
ജഡ്ജസ്സിനെ മുട്ടു കുത്തിച്ച പൊന്നുവേ.. വേഗം രക്ഷപ്പെട്ടോ... പുള്ളീപ്പുലി പിന്നാലേ...!
അപ്പോ പൊന്നുവാണു താരം...
യെവള് പുലിയാണ് കെട്ടാ.. !!
പുല്ലിപുളി ചീറി ...ചിന്നു ചേച്ചി ...
ഈ പുല്ലിപുലി കൊള്ളാം , വെറും പുളിയല്ലാ, കടുവ
ഹ ഹ ഹ ഹ
സങ്കതി വളരെ രസകരം
പാവം ആ അനിയത്തി പാവം എന്ത് പാപം ചെയ്തോ എന്തോ ഈ ചേച്ചിയുടെ അനിയത്തി ആയി ജനിക്കാന്‍!!! എന്തായാലും കലക്കി അവതരണം. പിന്നെ ഒരു കാര്യം പറയാന്‍ ഉള്ളത് അനിയത്തിയുടെ സംസാരത്തെക്കാള്‍ കൂടുതല്‍ തെറ്റുകള്‍ ചേച്ചിയുടെ കഥയില്‍ ഉണ്ട്.. എഡിറ്റ് ചെയ്യുമല്ലോ അല്ലെ
ഹ ഹ. പൊന്നു തന്നെ താരം
R u from Haripad ????
are you from haripad ????
ഹെ ഹെ ഹേ..., പൊന്നു തന്നെ താരം!
നിത്യശാന്തി ഇന്ന് വന്നിറ്റില്ലാ, ശാന്തികൃഷ്ണയ്ണ്ട്, അങ്ങേര് മതിയോ, ങെ.. ഹിഹിഹി!!
എന്തായാലും കാത്ത് നോക്കാം..!
ബോണ്ട വായില്‍ ഇട്ടപോലെ 'ഭും' എന്ന് വീര്‍ത്തു നിക്കുന്ന കവിള് , കോഴിമുട്ട പോലത്തെ കണ്ണ് ,വെള്ളരിക്കായുടെ ഷേയ്പ്പ് ആകക്കൂടെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാണ്ടക്കുഞ്ഞിനെ ഷേവ്ചെയ്തപോലെ ഇരിക്കും കണ്ടാല്‍.
ഇതൊരു വാങ്മയ ചിത്രം...." നിരന്ന പീലികള്‍ നിരക്കവേ കുത്തി..." എന്നാ ശ്രീ കൃഷ്ണ വര്‍ണന ഓര്മ വരുന്നു...
നല്ല പോസ്റ്റ് ട്ടോ.
നര്‍മ്മം ശരിക്കും രസകരം .
ദൈവമേ ഈ കൊച്ചുപറഞ്ഞതു വച്ച് നേരത്തോടുനേരം കഴിഞ്ഞിരിക്കുന്നു,എനിക്കു തോന്നുണു ആ പുള്ളിപ്പിലി ഇതിനെ പൊറോട്ട കീറും പോലെ താമ്രുതൂമ്രാക്കിയിരിക്കുമെന്ന്.അതിന്റെ ആല്മാവിനു നിത്യശാന്തിനല്‍കേണമേ ആമേന്‍.
നിങ്ങള്‍ പൊന്നുവും ചിന്നുവും തകര്ക്കുകയാണല്ല്ലോ ..ചിരിച്ചു ചിരിച്ചു എനിക്കിപ്പോള്‍ വയറു വേദന വന്നല്ലോ..എന്റെ അനിയനും ചെറുപ്പത്തില്‍ ബ്ലാന്ഗൂര് എന്നാ പറയാറ്..
ന്റെ പോന്നോ...
( തലയില്‍ കൈവക്കുന്നതിന്റെ ഇമികോന് ഏതാ സ്ട്രന്ജരെ? )
പുലി കഥ. . .
ങ്ങള് അപോ നര്‍മത്തില്‍ വലിയ പുലി ആയിരുന്നല്ലേ?
കൊള്ളാം INTIMATE STRANGER
നല്ല കഥ, നല്ല അവതരണം. അധികം നീട്ടി വലിക്കാതെ കാര്യം പറഞ്ഞു. ചിരിപ്പിക്കുകയും ചെയ്തു. . . .
സത്യത്തില്‍ പോന്നു തന്നെയാണ് താരം.
നര്‍മ്മത്തില്‍ ചാലിച്ചുള്ള ഈ അവതരണ രീതിയും നന്നായിട്ടുണ്ട്.
ആശംസകള്‍.
ചിരി പോലത്തെ ഏതോ പേരറിയാത്ത വികാരം ഇത് വായിച്ചപ്പോ എനിക്കും വന്നുട്ടോ ചിന്നുവേ.. :)
എന്നാലും ഇതിലിപ്പോ ഏതാ ശരിക്കും (അവ)താരം
എന്നാ എന്റെ സംശയം ! :D
നർമ്മം എഴുതി വിളങ്ങൂ, എല്ലാ ആശംസകളും.
എഴുത്ത് ഗംഭീരമാവുന്നുണ്ട്.
പിന്നെ അവതാരം ആരെന്ന കാര്യത്തിൽ എനിയ്ക്കും ലേശം സംശയമുണ്ട്.
ന്റെ ചിന്നുവേ .......... എന്നാ അലക്കാ ഇത്
സംഗതി ശരിക്കും വന്നു കുട്ടാ ......
ഏതായാലും ഈ രീതിയില്‍ നീ പൊന്നുവിനെ കൊന്നു കൊലവിളിച്ചു
പോന്നു വിന്റെ നിത്യ ശാന്തിക്കാ എന്റെ പ്രാര്ര്തന
@കിങ്ങിണികുട്ടി: പുലി പിടിച്ചില്ലെങ്കില്‍ ഇനിയും പോസ്റ്റ് ഇടാം
@സ്രാങ്ക് : അനസൂയ ഏയ് എനിക്കോ ..നോ നെവര്‍...
@വീ. കെ : ഓടിക്കോ പൊന്നു പിന്നാലെ.
@സീത: അല്ല അവതാരമാ.
@ലവ് അന് ലവ് : യെവള്? ലെവളാ? വെറും പുലിയല്ല അവളൊരു സിംഹം ആ..
@സതീശന്: പൊന്നുപ്പുലീം ചീറും. ചിലപ്പോ എന്നെ വലിച്ചു കീറുവേം ചെയ്യും.
@ഷാജു: ഹി ഹി ..
@ മാഡ്/ അര്ജുന്: പ്രൂഫ് വായിക്കാന്‍ പൊന്നുനെ വിളിക്കാരുന്നു. കുറെ ഒക്കെ കറക്റ്റ് ചെയ്തു .എന്റെ കണ്ണില്‍ കണ്ടതൊക്കെ.തെറ്റ് കാണുമ്പോള്‍ പറയണം കേട്ടോ..
@മനോജ്: അതെ അവളന്നെ
@അനോണ്ണി, ടിട്ടു: അങ്ങനൊന്നും ഇല്ല ..
@നിശാസുരഭി: സമരമില്ല ഞാന്‍ ഇപ്പോഴേ വീട്ടില്‍ പോകുന്നില്ല. അടുത്ത ആഴ്ച വരെ സമയം ഉണ്ട്.
@കലി: എന്റെ ഈശോ ഗുരുവായൂരപ്പാ.
@ചെറുവാടി: നന്ദി
@ദുബായിക്കാരന് : ഹി ഹി ബ്ലംഗാവ് ...ബ്ലാന്ഗൂര് ഹി ഹി ..
Narmam nanaayi avatharippichu. Aashamsakal
@വില്ലെജ്മാന്,സിവില്‍ അഷറഫ് : നന്ദി
@ലിപി, എച്ചുമു : സംശയിക്കണ്ട ചേച്ചിമാരെ ..അവള് തന്നാ
@കൊമ്പന്: ഹി ഹി.. പ്രാര്തിച്ചോ
@ഇസ്മായേല്‍ : നന്ദി
വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..
രണ്ടു പേരുടെയും നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കാം ..... :)
പോസ്റ്റ് കലക്കി ട്ടാ.....
സംഗതി കലക്കി മോളൂട്ടീ....നന്നായിചിരിച്ചു..നമ്മുടെ ചുറ്റുപാടും കാണുന്ന സംഭവങ്ങൾ ഹാസ്യവത്കരിക്കുമ്പോഴാണ് അതിന് ആക്കം കൂടുന്നത്..ഇങ്ങനെ ഒരു അനിയത്തി എനിക്കുമുണ്ട്...ഇന്നവൾ അമ്മൂമ്മയായെങ്കിലും അവളുടെ പണ്ടത്തെ പല ‘അയ കൊയ’ വാക്കുകളും..ഇന്നും ഞങ്ങൾ പറഞ്ഞ് കളിയാക്കും....പൂർവ്വകാലത്തിലേക്ക് ചിരിയോടെ സഞ്ചരിക്കാൻ കിട്ടിയ,ഈ നർമ്മത്തിനും,അതിന്റെ അവതാരികക്കും...കുസുമഹാരം.....എല്ലാ നന്മകളും(ആഭിജാരം- ആഭിചാരം അല്ലേ ശരി)
ഹഹ.....ഹഹ്ഹാഹ്ഹ്ഹ്ഹ്.അയ്യോ..അയ്യോ..!!!:))))
ഇവിടെയും ഉണ്ട്, ഒരു എൽ.കെ.ജി,,
ഇന്നലെ എനിക്കിട്ട് അടിയോടടി തന്നെ. അവൾക്ക് ‘ചിറ്റ്’ വേണംപോലും. മറ്റുള്ളവരെല്ലാം സ്ക്കൂളിൽ ‘ചിറ്റ്’ കൊണ്ടുവരുന്നു. കരച്ചിൽ ബഹളം തന്നെ.
ഒടുവിൽ മനസ്സിലായി,
സാധനം ‘കിറ്റ്’
അങ്ങനാ മിടുക്കന്മാരും മിടുക്കികളും.
ഞങ്ങള്‍ ഹരിപ്പാട്ടുകാരോട് കളിക്കല്ലെ
:)
ചന്തു സര്: തെറ്റു തിരുത്തിയിട്ടുണ്ട്. പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.
മേല്പ്പത്തൂരാന്,naushu :വന്നതിനു നന്ദി
മിനി ചേച്ചി : "ക" അവിടേം ഒരു പ്രശ്നം ആണോ ??
india heritage: അങ്ങനല്ല നമ്മള് ഹരിപ്പാട്ടു കാരോട് കളിക്കല്ലെന്നു പറ ..ഹി ഹി
പണ്ട് സംസ്കൃതം പഠിക്കുമ്പോള്‍ "ലളയോരഭേദഃ" അതായത് 'ല' യും 'ള' യും തമ്മില്‍ ഭേദമില്ല എന്നു പറഞ്ഞിട്ട് അപ്പൊ വാളന്‍ പുളി എന്നു പറഞ്ഞാലും വാലന്പുലി എന്നു പറഞ്ഞാലും ഒന്ന് അല്ലെ എന്നു കൂടി പറഞ്ഞ സാറിനെ ഓര്‍മിപ്പിച്ചു
"നമ്മള് ഹരിപ്പാട്ടുകാര്‍" തിരുത്തിയിരിക്കുന്നു
നര്‍മ്മം എഴുതി ഫലിപ്പിക്കാന്‍ അസാമാന്യ കഴിവ് വേണം അതിയാള്‍ക്ക് ഉണ്ട് .പിന്നെ അനിയത്തി ചെയ്തതിനെ തെറ്റ് പറയാനില്ല "if you can't convince better confuse" എന്നല്ലേ പഴ മൊഴി
നര്‍മ്മം നന്നായി വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചു കേട്ടോ......... ഇനി വീട് വിട്ടു വേണേല്‍ വഴി ഒന്ന് മാറ്റിപിടിക്കാം......
ഇപ്പഴും ജീവനോടെയുണ്ടോ.... അതൊ..
പുള്ളിപുളി... സാപ്പിട്ടോ....??ऽ
സംശയമില്ല.. ഇന്റിമേറ്റ് ഒരു പുലിതന്നെയാ.. കഴുതപ്പുളി:):)
ഇനി ഇവിടെ നിന്നാല്‍ എന്റെ പണി തീരും
തകർത്തു, ഇന്റിമേറ്റ്...
പണ്ട് കേട്ട മറ്റൊരു സന്ദർഭമാണോർമ്മ വന്നത്...
ഹരിതവിപ്ലവം..
ഹരിത വിനോദയാത്രയ്ക്കു അഛനോട് പണം ചോദിച്ച് ഉണ്ടാക്കിയ വിപ്ലവം ഇന്നേലെയെന്നോണം ഞാൻ വ്യക്തമായോർക്കുന്നു...
dd
പുലിയെപ്പിടിച്ച പുളി ...
(കടുവായെപ്പിടിച്ച കിടുവാന്നൊക്കെപ്പറയുമ്പോലെ..)
:)!!
നര്‍മ്മം നന്നായാസ്വദിച്ചു..!!
ഒത്തിരിയിഷ്ടായി..
രണ്ടു പുലികള്‍ക്കും ആശംസകള്‍ നേരുന്നു..!
മല്ലു: അതേയ്
ഹാഷിക്ക്: ഹി ഹി പൊന്നു എന്നൊരു കഥാപാത്രത്തെ ഉണ്ടാകി ഇവിടെ വെറുതെ ഒരു വീട് വെച്ചതാ.. അച്ഛന്റെയും അമ്മയുടെം ഏകമകള്‍ ആയി വളരുന്ന എനിക്ക് ഒരു ബ്ലോഗ് സഹോദരി പൊന്നു. മം ഇനി വീട് മാറ്റാം അല്ലെ ..
പൊന്മാലക്കാരന്‍: ഉണ്ട് ഉണ്ട്..
മനോരാജ് : കഴുതയാനെലും പേരിലൊരു പുലി ഇല്ലേ ഹി ഹി
ബൈജു : ഹി ഹി അത് കലക്കി
മുഹമ്മദ് , ജാസി , പ്രഭന്: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി
നമുക്കിവിടെ നിക്കണ്ട ബാ പോകാം..:)
sari enna... nice one
വായിച്ചപ്പോള്‍, ചിരിക്കാനോ,
പൊട്ടിച്ചിരിക്കാനോ കഴിഞ്ഞില്ലെങ്കിലും.
എഴുത്തിന്റെ സരസമായ ശൈലി എന്നെ
വല്ലാതെ ആകര്‍ഷിച്ചു.
ഉപമകളും പ്രയോഗങ്ങളും,സ്ഥാനത്തും, അസ്ഥാനത്തും തിരുകി ദീര്‍ഘമായ വായന
യാക്കി തീര്‍ത്തപ്പോള്‍, അത് അത്ര
ആസ്വാദ്യകരമായി അനുഭവപ്പെട്ടില്ല.
അതിനു വില്ലനായി നിന്നത് എഡിറ്റിങ്ങിന്റെ
അഭാവം തന്നെ.
എഴുത്തിന്റെ ആസ്വാദനാ സുഖം
അനുഭവിക്കാന്‍ കഴിയുന്ന മറ്റൊരു സൃഷ്ടി
പ്രതീക്ഷിച്ചു കൊണ്ട്,
ഭാവുകങ്ങളോടെ,
---- ഫാരിസ്
ചിന്നു ചേച്ചി ,ഇഷ്ടായിട്ടാ....
കസിന്റെ മോളെ ഓര്‍ത്തു. അവള് പറഞ്ഞു .. "അയ്യേ ദെന്താത് സമയം ന്നുള്ളതിനു ചമയം ന്നെഴുതിരിക്ക്യാ..."
ഏതോ ഒരു സിനിമ തുടങ്ങാന്‍ നേരം
ചമയം : പട്ടണം റഷീദ്
എന്നെഴുതികാനിച്ചപ്പോള് ഉള്ള പ്രതികരണം ആണ് !
കൊള്ളാം ഈ പുളി .............!!
പുല്ലിപുളി....:))
കലക്കീൻണ്ട് ദ്..
ഈ അവതാരങ്ങളെ വളർത്തിവലുതാക്കിയ മാതാപിതാക്കളെ നമിക്കുന്നു കേട്ടൊ ചിന്നു.
ലണ്ടനിലെ ഒരു എമണ്ടൻ പുലിയെ ഒരു ബ്ലോഗ്മീറ്റിന് ഇവിടെജനിച്ചുവളർന്നൊരുത്തൻ ഒരു മണ്ടൻ പുളിയാക്കിയ പോലെയുണ്ട് ഇത് ( amandan puli = എ മണ്ടൻ പുളി )
അന്നെനിക്ക് "ചെക്കോസ്ലോവാക്യ" അറിയാഞ്ഞത് അവള്ടെ ഭാഗ്യം അല്ലെ അത് പറയിച്ച് അവളെ പീഡിപ്പിച്ചു ഞാന്‍ രസിച്ചേനെ..ഹൊ!
Kollam...Ishtayittoo
നന്നായീട്ടോ, കഴിഞ്ഞ പോസ്റ്റും ഇതും. എന്നാലും ആ സത്യം തുറന്നു പറയേണ്ടായിരുന്നു, പൊന്നുവിന്റെ കുസൃതികളും കുറുമ്പുകളും ഇനിയുമിനിയും വായിക്കാമായിരുന്നു.
ഹ ഹ രസമുള്ള എഴുത്ത്.... :)
thank you all
ഗംഭീരം!
കലക്കി .....super....!!!
അനിയത്തി പുളിയാണുകേട്ടാ... പുല്ലിപ്പുളി.. (ചേച്ചീം) :)
RIP.... ;-)
btw,if dis is wt really happened, ur sis is awesome mann..... hats off...
and yeah.., u hav presented the same interestingly .... hats off...
അനിയത്തിയോട് ഇത്തിരി അസ്സുയ ഉണ്ടോ എന്നൊരു ഡൌട്ട്
കലക്കീട്ടോ ഈ പുല്ലിപ്പുളി....നന്നായി ചിരിപ്പിച്ചു...:)
കലക്കി കപ്പലോടിച്ചു എന്ന് പറയുന്നത് ഇത് തന്നെ സംശയമില്ല.
ഇനിയും എഴുതുക.
ചന്തയില്‍ പുളിക്കു വിലക്കൂടാനുള്ള കാരണം ഇപ്പോഴാണ് മനസ്സിലായത്.
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അതങ്ങ് ഇഷ്ടപെട്ടു.
ലവള് പറഞ്ഞതിലെന്നതാ ഒരു കൊഴപ്പം, "PULLIPULI" ഇത് പുല്ലിപുളി തന്നെ.
ഛീ ഛീടെ ബൂലോകസഞ്ചാരത്തിന് വീഷണി ആവില്ലേല്‍ അരങ്ങേറ്റം കുറിക്കാന്‍ പറ ;)
കഴിഞ്ഞപോസ്റ്റുപോലെതന്നെ ഇതും.... ഗുമ്മായീണ്ട് :)
ഹൊ! ചിരിച്ചു ചിരിച്ചു വശം കെട്ടു .ഹാസ്യസാഹിത്യത്തില്‍ ഭാവിയുണ്ട്---ഒരു പുതു മുഖം
u have a good sense of writing.. try some meaningful topic also.. anyway i too enjoyed this one..
നര്‍മം വളരെ ആസ്വദിച്ചു ട്ടോ, ഒത്തിരി ഇഷ്ടായീ ഈ പൊന്നുനേം ചിന്നുനേം...
പാവം ജഡ്ജസ്സു..എന്താരുന്നു വിഷയം എന്നു അവര്‍ക്ക് തന്നെ കണ്ഫ്യൂഷന് ആയി കാണും കുറച്ചു നേരത്തേക്ക്...ചിരിച്ചു മടുത്തു..... ലവള് വെറും പുലി അല്ല,പുല്ലിപുളിയാ...
പുലീം 'പുളി'ക്കുട്ടീം കൊള്ളാം . പൊന്നു തന്നെ താരം.:) തകര്‍ത്തു.
ഈ ചിന്നുവും പൊന്നുവും കൂടി ആ വീട് പൊളിച്ചു അടുക്കും ..:)
എന്തായാലും പുല്ലിപ്പുളിക്കഥ കലക്കി .അക്ഷരത്തെറ്റ് ആദ്യ വരിയില്‍ തുടങ്ങി കുറെ ഏറെയുണ്ട് ,കുറുപ്പടി (കുറിപ്പടി ),വഴുപാട് (വഴിപാട്) വേറെയുമുണ്ട് ,തിരുത്തണം
enikkum othiri ishttayitto
ashamsakal
raihan7.blogspot.com
തൃശ്ശൂരില്‍ നിന്നും ആശംസകള്‍.
പൊന്നുവാണ് താരം കൊള്ളാം.
ഓഹോ വല്ലാത്ത ഒരു പുല്ലിപുളി തന്നെ . റെസമായിറുന്നു വായന. റെസിച്ച് സിരിച്ചു. സിരിച്ച് ...സിരിച്ച്...
ചിരിച്ചു :)
കുഞ്ഞിരാമന് പോസ്റ്റ് പോലെ ഇതും തകര്‍ത്ത് .. . ഇന്റിക്കുട്ടീ
ഉഗ്രൻ...:)
പിന്നെ ഒരു ഫോട്ടോ എടുത്ത് വെച്ചേക്ക്.. ഈ ഷേപ്പിൽ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ്
സരസമായി എഴുതി. ആശംസകള്‍....സസ്നേഹം
വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി
രമേഷേട്ടാ... ദേ തിരുത്തിയിട്ടുണ്ട് ..താമസിച്ചതിനു ക്ഷമ . പനി പിടിച്ചു . വീട്ടു തടങ്കലില്‍ ആരുന്നു.. കീ ബോര്‍ഡില്‍ തൊടാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. പാവം ഞാന്‍
ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു ... മ്മടെ കുഞ്ഞി രാമന് എന്ത് പറയുന്നു ? ബിരിയാണി വല്ലോം അടുത്തെങ്ങാന്‍ കൊടുക്കപ്പെടുമോ :) ?
കുഞ്ഞിരാമന് പോയ വഴിയില്‍ പുല്ലുപോലും ഇല്ല..ഹി ഹി . അച്ഛനും ഞാനും ആയിട്ട് വല്യ വല്യ ചര്‍ച്ചകള്‍ നടക്കുന്നു. മാട്രിമോണി യില്‍ ഞാന്‍ ഇഷ്ടപെട്ട രൂപങ്ങള്‍ അച്ഛനെ കാണിച്ചു."അയ്യേ, പ്രാന്തനെ പോലെ ഒണ്ട്" "ഇവന് കുളിച്ചിട്ടു എത്രനാളായി" " വല്ല ഗുണ്ട തലവനും ആണോ ?" ഇങ്ങനെ ഒക്കെ പോകുന്നു അച്ഛന്റെ അഭിപ്രായം. എന്റെ ടേസ്റ്റ് അത്ര മനോഹരമാ.. ഇങ്ങനെ പോയാല്‍ ഞാന്‍ ഒളിചോടെണ്ടി വേരുമോന്നാ സംശയം. ഹി ഹി
"നീയും ചാണകം ഞാനും ചാണകം" എന്ന് വലിയ നാടകനടന്മാര് പോലും സ്റെജില്‍ പറഞ്ഞിരിക്കുന്നു.
എന്നിട്ടും അവരുടെ ആഗ്രഹം കാണികള്‍ സാധിച്ചു കൊടുത്തില്ല.(കാണികള്‍ കൊന്നതുമില്ല ചാണകം എറിഞ്ഞതുമില്ല)
പിന്നല്ലേ ഒരു പാവം കുഞ്ഞ്
ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കിയപ്പോഴെന്കിലും അസൂയ പാടില്ലായിരുന്നു.
എഴുത്തില്‍ ഭാവിയുണ്ട്.വര്‍ത്തമാനം നന്നായി പറയുന്നുമുണ്ട്.ഭൂതം ഉണ്ടോ എന്നറിയില്ല.വേണ്ട തിരയണമെന്നില്ല...
followers gadget വേണ്ടെന്നു വച്ചതാണോ? ഡാഷ് ബോര്‍ഡ് മടിയന്മാര്ക്ക് ഒരാശ്വാസമാണ്.
ആശംസകള്‍
യെവളൊരു ഒന്നൊന്നര പുലിപ്പുള്ളി തന്നെ കേട്ടാ.
ഹ ഹ ഹാ...ഇന്നത്തെ കുട്ടികള്‍ എല്ലാം ഒന്നൊന്നരയാ....
thank you all...happy onam
http://www.sarathcannanore.com/blog/
ചേച്ചീ അടിപൊളി.....
ഇതുപോലൊരു കഥ മുന്പെവിടെയോ വായിച്ചതായോര്‍ക്കുന്നു. വീണ്ടുമൊരോര്മ്മപ്പെടുത്തല് പോലെ തോന്നി. എങ്കിലും നന്നായിരിക്കുന്നു....
ഞാന്‍ കണ്ടിരുന്നില്ല ചേച്ചീ ..ഇനി മൊത്തം ഒന്ന് വായിക്കട്ടെ..ശേഷം കമ്മന്ടാം
kalakki....valare nanayi tundu narmam..............
മുഴുവൻ കമന്റും നോക്കിയിട്ട് ഒൻപതാം തീയതി വരെ ജീവനോടെയുണ്ട്.
എന്തൊരു സഹോദര/രി സ്നേഹം.
ദൈവമേ ഈ കുശുമ്പിന് പാരയാവാനൊരു കുഞ്ഞിരാമനടുത്തു തന്നെ വരണമേ..
ഹരി - പാട്ട് തുടരുക.
ആശംസകൾ
he he still aliv....thank u all
ചേച്ചിയും കൊള്ളാം അനിയത്തിയും കൊള്ളാം. ആ കുട്ടി എങ്ങനെ സഹിക്കുന്നു ഈ ചേച്ചിയെ? അസ്സൂയ്യയും കുശുമ്പും ഒക്കെ സ്വന്തം സഹോദരിയോട് തന്നെ വേണോ? നിങ്ങളെ സഹിക്കുന്ന വീടുകര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണം. ചിരിച്ചു ഒരു വഴി ആയി.
ഗോപകുമാര്‍,
ചെറുതന
നര്‍മ്മം വഴങ്ങും അപരിചിതക്ക് തെളിയിച്ചു .ഇനി വീട് വിട്ടു പുറത്തിറങ്ങാന്‍ സമയം ആയി. ആ അനിയത്തിയെ വെറുതെ വിടൂ.സ്വന്തം അനുഭവങ്ങള്‍ വിട്ടു ഭാവനയുടെ ലോകത്തിലേക്ക് ഒന്ന് ഇറങ്ങി നോക്കൂ. സര്ഗവാസ്സന തെളിയിക്കൂ.നിങ്ങള്‍ക്കത്തിനു കഴിയും .കഴിയണം.അനുഭവങ്ങള്‍ എഴുതരുത് എന്നല്ല പറയുന്നത്. ജീവിതത്തോട് അടുത്ത് നിക്കണം രചനകള്‍. ഭാവനയില്‍ വിടരുന്ന സൃഷ്ടികള്‍ വരട്ടെ.എഴുതി വളരൂ.
സൂക്ഷിച്ചോ അനിയത്തി വരുന്നുണ്ട് ഒരു പുല്ലിപുളിയുമായ്....
നേരിടാന്‍ ഒറ്റയ്ക്കെ കാണു..
ഈ കമണ്റ്റ് അയച്ചവര്‍ ആരും കാണില്ല......
thank you all...
@chaanakyan: ithinu mumbu oru commentilum paranjirunnu..ponnu ennathu oru sankalpeeka kadhapaathram mathram...vaayichathinum abhipraayam ariyichathinum orupaadu nanni
എന്റെ ആദ്യ പെണ്ണുകാണല്‍ ഓര്‍മ്മ വന്ന് ഇന്റി .. :)
(പത്ത് പന്ത്രണ്ട് വര്‍ഷം മുന്നേ ആണ് ട്ടാ .. )
പയ്യന് സംസാരത്തിനിടെ ഒരു ചോദ്യം " എന്നാണ് എസ്സെസ്സെല്‍സി പാസ് ആയെ ? "
എന്റെ പൊന്നു ചേട്ടാ ഇത് പത്തിരുപത്തി മൂന്നു വര്‍ഷം മുന്നേ എന്റെ ഡാഡി മമ്മിയെ കാണാന്‍ ചെന്നപ്പം ചോദിച്ച ചോദ്യം ആണല്ലോ , പുതിയെ ഷോര്‍ട്ട് കട്ട് ഒന്നും ഇല്ലേ എന്ന മുഖഭാവത്തോടെ ഞാന്‍ മറുപടിപറഞ്ഞു
ഞാന്‍ സെവന്റി സിക്സ് ജനുവരി ട്വന്റി സെവന്ത് നു ഉള്ളത് ആണ് എന്ന് .. :))
കല്യാണം നടന്നോ ഇല്ലയോ എന്ന് ഊഹിച്ചാല്‍ മതി .. :)
കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്ര പോര.
കൊള്ളാം കേട്രി പെണ്ണെ..എന്നാലും കുഞ്ഞിരാമന്റെ അത്ര പോര.
@chechipennu: hi hi kaaryam pudikitti..
raindrops: thanks
enthayalum kollam...outluk mathramanennu thonnunnnilla....mothathil lavalu thanneyaa...
എന്റെ കര്‍ത്താവേ എന്താ ഇത്?? ഓഫീസില്‍ ഇരുന്നു അടക്കിപ്പിടിച്ചു ചിരിക്കാന്‍ പെട്ട പാട്....
ഈ സഹോദരിമാരോടുള്ള അസൂയ എല്ലാ പെണ്പിള്ളേര്ക്കും പറഞ്ഞിട്ടുള്ളതാണല്ലേ? വേറെ ഒരു ബ്ലോഗ്ഗറും ഇതേ ലിനെ ഇല് ഉള്ള പോസ്റ്റ് ഇട്ടു കണ്ടിട്ടുണ്ട്..
നന്നായി വരുന്നുണ്ട് !!! കൂടുതല്‍ എഴുതുക !!!!
"ബഹുമാനപ്പെട്ട സദസ്സിനു എന്റെ വിനീതമായ കൂപ്പുകൈ.ഞാനിന്നിവിടെ സംസാരിക്കുവാന്‍ പോകുന്നത് 'പുല്ലിപ്പുളികളെ' കുറിച്ചാണ്.">>>
ha ha ha.. ee ka kku pakaram cha parayunna oru nephew undairunnu enik.. avan ippo evide aano entho ??.. ee comedy vayichu njan senti aayi
രസകരം.. വായിച്ചു പോകുന്നത് അറിയുന്നില്ല
ഹിഹി ഞാനീ പോസ്റ്റ് ഇപ്പഴാ വായിക്കുന്നെ :D കലക്കീട്ടാ :D :D
Haha ithu nalla pole chirippichu. Keep it up
Post a Comment